തളർന്ന് വീഴാൻ തുടങ്ങുമ്പോഴൊക്കെ ചുരുട്ടി പിടിച്ച ദേശീയപതാകയിൽ അവൾ ഒന്നുകൂടി കൈകൾ ചുരുട്ടി…. ചോരയൊലിച്ചിറങ്ങുന്ന ഒരു ശരീരമായി അവളാ ജനക്കൂട്ടത്തിന് നടുവിലേക്ക് വലിച്ചെറിയപ്പെട്ടു…. മുട്ടുകുത്തി എഴുന്നേൽക്കാൻ ശ്രമിച്ച അവളെ തലമുടിക്കെട്ടിൽ ചുഴറ്റിപ്പിടിച്ച് അട്ടഹസിച്ചു നേതൃനിരയിലെ പട്ടാള ഉദ്യോഗസ്ഥൻ… “വില്യം” അയാളോട് എന്തോ പറഞ്ഞെങ്കിലും തിരികെയുള്ള ആക്രോശത്തിൽ വില്യം പിൻതിരിഞ്ഞു കാരണം അയാൾക്കറിയാമായിരുന്നു പട്ടാള വിധി എന്താണെന്ന്.
” നിന്റെ സമയം അവസാനിച്ചു, തെരുവ് നായയെപ്പോലെ മരിക്കാനാണ് നിന്റെയും വിധി… ഞങ്ങൾക്കെതിരെ പ്രതികരിക്കുന്ന എല്ലാവരും ഇനി ഭയക്കണം…. ക്രൂരമായ ചിരിയോടെ ആ വെള്ളക്കാരൻ തോക്കുയർത്തി ..
“ജനിച്ചാലൊരിക്കൽ മരിയ്ക്കണം, ഈ മണ്ണിൽ പിറന്ന എനിക്കതിന് ഒട്ടും ഭയമില്ല, ഞാൻ എറിഞ്ഞിട്ടത് തീപ്പൊരിയാണ്.. അതിനെ ഊതിക്കത്തിക്കാൻ ഭാരതീയനെന്ന വികാരത്തെ നെഞ്ചിലേറ്റിയ ഒരു കൂട്ടം ജനത ഇനിയും ബാക്കിയുണ്ട്…..
ഒരിയ്ക്കൽ അവർക്കു മുന്നിൽ നിങ്ങൾക്ക് മുട്ടുകുത്തി നാണംകെട്ട് മടങ്ങേണ്ട കാലം വിദൂരമല്ല, അന്നീ പതാക നിങ്ങളുടെ തലയ്ക്കു മുകളിൽ പാറും, തലകുനിച്ച് അതിനു കീഴെ നിൽക്കേണ്ടി വരും…. കാരണം ഭാരതമെന്നത് ഒരു രാജ്യമല്ല…. ഒരേ മനസ്സും, ഒരേ ചിന്തയുമായി ജീവിക്കുന്ന ജനസമൂഹമാണ്…..
ഓരോ ഭാരതീയനും ഈ മണ്ണിനെ നെറ്റിയിലെ തിലകക്കുറിയായാണ് വില കൽപ്പിക്കുന്നത്… എന്റെ മാത്രമല്ല, ഈ നിൽക്കുന്ന ഓരോരുത്തർക്കും അമ്മയാണീ നാട്…. “മേരീ ഭാരത് മാതാ…”.. “ഭാരത് മാതാ കീ… ജയ് “… നീരയുടെ തീപ്പൊരിപോലുള്ള സ്വരം അവിടമാകെ മുഴങ്ങി, അത് മറ്റുള്ളവരിലും പടർന്നു…
ചുറ്റും നിറഞ്ഞ ജയ് വിളികൾക്ക് നടുവിൽ ” നീര അചഞ്ചലയായി ഒരു ചുവട് മുന്നോട്ട് വെച്ചു തന്റെ നേർക്ക് ചൂണ്ടിയ തോക്കിൻ കുഴലിലേക്കൊന്ന് നോക്കി പുച്ഛത്തിൽ ചിരിച്ചു കൊണ്ട് അവൾ നിന്നു.. അപ്പോഴും അവളുടെ കണ്ണിൽ നിന്ന് പാറിയത് മരണഭയമായിരുന്നില്ല, മറിച്ച് സ്വന്തം നാടിന് വേണ്ടി പ്രാണൻ നൽകുന്ന അഭിമാനവും കറകളഞ്ഞ ദേശഭക്തിയുമായിരുന്നു …..