നീരയുടെ തീരുമാനമാണ് ഇതിന് മറുപടി നേതാക്കളുടെ തീരുമാനമതായിരുന്നു… മറുപടിയ്ക്കായി ഉറ്റുനോക്കിയ വില്യം കണ്ടത് കണ്ണുകളിൽ അഗ്നി ചീളുകളുമായി നിൽക്കുന്ന നീരയെയാണ്…
“ഒരു ജനതയെ മുഴുവൻ കാൽക്കീഴിൽ ചവിട്ടിയരച്ച് നടത്തുന്ന തേർവാഴ്ചയ്ക്കെതിരെ എന്റെ മരണം വരെ ഞാൻ പോരാടും, അവരുടെ ഉത്തരവിനെ അനുസരിക്കാൻ ഞാൻ അവർ നൽകുന്ന അവശിഷ്ടം ഭക്ഷിക്കുന്ന നായ് അല്ല… പിറന്ന നാടിനേയും, ത്രിവർണ്ണത്തേയും ദൈവത്തെപ്പോലെ ഹൃദയത്തിലും സിരകളിലും നിറച്ച ഒരു ഭാരത സ്ത്രീയാണ്…….. പറ്റുമെങ്കിൽ നേർക്കുനേർ വന്ന് എന്നെ കൽതുറുങ്കിലടക്ക്, ചങ്കൂറ്റത്തോടെ പോരാടി ഞാൻ നിന്നു തരാം… അല്ലാതെ നട്ടെല്ലില്ലാതെ അഭിമാനം ആരുടേയും മുന്നിൽ അടിയറവ് വയ്ക്കാൻ മാത്രം ഞാൻ ചെയ്തത് തെറ്റല്ല വലിയൊരു ശരിയാണ്….” ഒറ്റ ശ്വാസത്തിൽ നീരയുടെ വാക്കുകൾ ചിതറി തെറിച്ചു ….
“As You like Sister…. ഇതെന്റെ ഡ്യൂട്ടിയാണ്, അത് ഞാൻ നിർവഹിച്ചു നിങ്ങളുടെ വികാരത്തെ ഞാൻ മാനിക്കുന്നു…. ” വില്യം തിരികെ മടങ്ങി ..
നീരയും കൂട്ടരും കാത്തിരുന്നു, ഏത് നിമിഷവും തങ്ങളെ വളയുന്ന വെള്ളപ്പടയെ നേരിടാൻ….. രാത്രിയുടെ നിശബ്ദതയെ കീറി മുറിച്ചു കൊണ്ട് തീ ക്കണ്ണുകളുമായി പട്ടാളമെത്തി…
” നീര…. സറണ്ടർ അസ്….. “.. ഉച്ചത്തിലുള്ള ശബ്ദത്തിന് മറുപടിയായെത്തിയത് കരിങ്കൽ ചീളുകളായിരുന്നു.
പിന്നീടവിടെ നടന്നത് അഭിമാനത്തിന്റെ രക്ഷയ്ക്കായുള്ള പോരാട്ടമായിരുന്നു, നീരയെ അടിയറവ് പറയിക്കാൻ വെള്ളപ്പടയും, അവളെ വിട്ടുകൊടുക്കാൻ തയ്യാറല്ലാത്ത ഒരു കൂട്ടം വിപ്ലവകാരികളും…. പോരാട്ടത്തിൽ രക്ത തുള്ളികളും, വെടിയുണ്ടകളും ചിതറി തെറിച്ചു. തനിക്ക് വേണ്ടി നഷ്ടപ്പെടുന്ന ജീവൻ കണ്ട് നീര ഒരു നിമിഷം തരിച്ചുനിന്നു.പിന്നെയെന്തോ തീരുമാനിച്ചുറച്ച് മറനീക്കി പുറത്തേക്ക് നടന്നു.
“ഒരു ജീവന് പകരം ഒരായിരം ജീവൻ നഷ്ടപ്പെടാൻ പാടില്ല ” തടയാൻ ശ്രമിച്ച ജഗ്ജീവന്റെ കൈകളെ തട്ടിമാറ്റിയവൾ പറഞ്ഞു… പിന്നെ ഉറച്ച കാൽവെപ്പോടെ വെള്ളപ്പടയ്ക്കു മുന്നിലെത്തി.. ” ഞാനിതാ കീഴടങ്ങിയിരിക്കുന്നു.”..
പിന്നെയൊരു നിമിഷം പോലും വേണ്ടി വന്നില്ല..ചെന്നയ്ക്കൂട്ടത്തിനു മുന്നിലെത്തിയ മാൻകുട്ടിയെന്ന പോലെ “നീര” തെരുവിലൂടെ വലിച്ചിഴക്കപ്പെട്ടു…. ബെൽറ്റുകളുടെ സീൽക്കാരങ്ങളും ബൂട്ടുകളുടെ കനവും അവളെ തളർത്തിയില്ല, ഒരൊറ്റ വാക്ക് മാത്രം അവൾ ഉരുവിട്ടു കൊണ്ടേ യിരുന്നു…. “ഭാരത് മാതാ കീ…. ജയ്.. “..