സംഘർഷം കൊടുമ്പിരി കൊണ്ട സമയത്തിനിടയിൽ നീര
പതിയെ അവർക്കിടയിലൂടെ നൂഴ്ന്നു കയറി കൈയ്യിലൊളിപ്പിച്ച കഠാരയുമായി…. ആക്രോശങ്ങളും രോദനങ്ങളും കണ്ട് ആർത്തു ചിരിക്കുന്ന അധികാരിക്ക് മുന്നിലെത്തി അവൾ നിന്നു..
” വെള്ളക്കാരൻനായേ….. പ്രാണൻ പിടയുന്ന വേദനയും, കിനിഞ്ഞിറങ്ങുന്ന സ്വന്തം ചോരയുടെ ഗന്ധവും നീയുമൊന്നറിയെടാ”….. ആക്രോശിച്ചു കൊണ്ടവൾ തിളങ്ങുന്ന കത്തിമുന അയാളുടെ നെഞ്ചിലേക്കാഞ്ഞുകുത്തി….. അലറി കൊണ്ടയാൾ താഴെ വീണു പിടഞ്ഞു … ഓടിയെത്തിയ പട്ടാളത്തെ പിന്നിലാക്കി തിരക്കിനിടയിലൂടെ നീരമുന്നോട്ട് കുതിച്ചു, തങ്ങളുടെ ഒളിത്താവളം ലക്ഷ്യമാക്കി…
” നീരു,നീയെന്താണീ ചെയ്തത്, പിടിക്കപ്പെട്ടിരുന്നെങ്കിൽ എന്താണുണ്ടാവുകയെന്ന് നിനക്കറിയാഞ്ഞിട്ടാണോ “..ജഗ് ജീവൻ പരിഭ്രാന്തിയോടെ അവളെ നോക്കി….
” എന്തുണ്ടാവാൻ, നാടിന് മറ്റൊരു രക്ത സാക്ഷി കൂടി ലഭിക്കും”.. കൂസലില്ലാതെ സഹോദരനെ നോക്കി ചിരിച്ചു അവൾ….
“നമ്മൾ രണ്ടാൾ വിചാരിച്ചാൽ നാടിനെ രക്ഷിക്കാൻ കഴിയില്ല നീരു “….
” ആ ചിന്തയാണ് തെറ്റ്, ഇതു പോലെ ചിന്തിക്കുന്ന രണ്ടു പേർ ഈ നാട്ടിൽ ഒരുപാടുണ്ടാകും, അവർക്ക് മുന്നോട്ടിറങ്ങാൻ നമ്മൾ പ്രചോദനമാകുന്നുവെങ്കിൽ അത് നല്ലതല്ലേ… ഭയ്യാ…. “നീരയുടെ ചോദ്യത്തിനു മുന്നിൽ ജഗ്ജീവന് ശബ്ദമില്ലാതെയായി….
ഉദ്യോഗസ്തന്റെ കൊലപാതകത്തിൽ നീര ഒളിവിൽ തന്നെ തങ്ങേണ്ടി വന്നു, അവൾക്കായി പട്ടാളം തിരച്ചിൽ തുടങ്ങി… പക്ഷേ അവളെ സംരക്ഷിക്കാൻ അനേകം കരങ്ങൾ ഉണ്ടായിരുന്നു…. ഒരൊറ്റ പ്രവൃത്തിയിലൂടെ അവൾ തെളിയിച്ചത് ഒരു സ്ത്രീയ്ക്കും പ്രതിഷേധത്തെ അണയാതെ ജ്വലിപ്പിക്കാൻ കഴിയുമെന്നതായിരുന്നു.
ബ്രിട്ടീഷ് ഗവൺമെന്റ് സമാധാന ചർച്ചയ്ക്കായി “വില്യം ഹാരോൾഡ് ഷോൺ ” എന്ന പട്ടാള മേധാവിയെ നിയോഗിച്ചു.. തീരുമാനിച്ചുറപ്പിച്ച സ്ഥലത്ത് നീരയ്ക്കും മറ്റ് നേതാക്കൾക്കും മുന്നിലെത്തിയ വില്യം ഗവൺമെന്റിന്റെ ഉത്തരവ് കൈമാറി…..
” നീര, സ്വമേധയാ കീഴടങ്ങുക, അങ്ങനെ ചെയ്താൽ ശിക്ഷയിൽ ഇളവ് ചെയ്യാൻ ഭരണകൂടം ഒരുക്കമാണ്, അല്ലാത്തപക്ഷം പൊതുജനമധ്യത്തിൽ തോക്കിനിരയാകേണ്ടി വരും.. “.