നാലുകെട്ട് 38

നാലുകെട്ട്

Naalukettu Author: നവാസ് ആമണ്ടൂർ

 

ചെങ്കല്ലിൽ പണി തീർത്ത പടവുകൾ കയറി കാട്പിടിച്ച നാലുകെട്ടിന്റെ മുറ്റത്തെത്തി. അസ്തമയസൂര്യന് ചുമപ്പ് പടർന്നു തുടങ്ങിയ നേരം പക്ഷികൾ മരച്ചില്ലകളിലെ കൂടുകളിലേക്ക് തിരിക്കിട്ട് പറക്കുന്നത് കാണുന്നുണ്ട്.നാലുകെട്ടിന് ചുറ്റും അല്പം നടന്നു കണ്ട് കൈയിൽ കരുതിയ താക്കോൽ എടുത്ത് വാതിൽ തുറന്ന് ഒരു കൈ കൊണ്ട് മാറാല തട്ടി മാറ്റി അകത്തേക്ക് നടന്ന് അകത്തുള്ള നടുമുറ്റം വരെയെത്തി. ആളനക്കം അറിഞ്ഞ ഒരു നാഗം വേഗത്തിൽ ഇഴഞ്ഞു നീങ്ങിയത് കണ്ട് ഞെട്ടിപ്പോയി.

ആരോ എന്റെ പിന്നിൽ നിഴല് പോലെ നടക്കുന്നുണ്ടെന്ന് തോന്നിയ ഞാൻ തിരിഞ്ഞു നോക്കി. വന്ന സമയം മുതൽ ആ തോന്നലുണ്ട്. എന്റെ പിന്നിലൂടെ ആരോ എനിക്കൊപ്പം നടക്കുന്നുണ്ട്.

“മനുഷ്യനായാലും പ്രേതമായാലും എന്റെ മുൻപിൽ വാ… ചുമ്മാ നാടകം കളിക്കാതെ. ഞാൻ വന്നത് ആരെയും ദ്രോഹിക്കാനല്ല. “

ഒരു മുറി പൊടിയൊക്കെ തട്ടി വൃത്തിയാക്കി. ഇരുട്ട് പടരുന്നു. ബാഗിൽ നിന്നും കൊണ്ടുവന്ന ഭക്ഷണവും എഴുതാനുള്ള പേപ്പറും മേശയിൽ എടുത്ത് വെച്ചു.

“എന്റെ കഥ എഴുതോ… ?”

ചോദ്യം കേട്ട് ഞാൻ ചുറ്റും നോക്കി. ഇരുളിന് സ്വർണ്ണപ്പുടവ പോലെ കത്തുന്ന ഈ മെഴുകുതിരി വെളിച്ചത്തിൽ കാണാൻ കഴിയുന്നില്ല ആരെയും. ഞാൻ തനിച്ചാണ് ഇവിടെയെന്ന് അറിഞ്ഞു വന്നവർ ആരെങ്കിലും ആയിരിക്കും. എങ്കിലും ഈ പാത്രിരാതി ഇരുട്ടിൽ നിന്നും കഥ എഴുതാൻ പറയുന്നത് ആരായിരിക്കും.

മാസങ്ങൾക്ക് ശേഷം എഴുതാൻ തുടങ്ങുന്ന കഥ. കഥയും കഥാപാത്രങ്ങളും അകലെയാണ്. കാറ്റിലും അടിയൊഴുക്കിലും ആടിയുലയുന്ന വഞ്ചിയെ കരയിലെ മരത്തടിയിൽ ബന്ധിക്കാൻ പാടുപെടുന്ന വള്ളക്കാരനെ പോലെയാണ് മനസ്സ്. കുറേ ആയിട്ട് ഇങ്ങനെയാണ്‌.. എഴുതാൻ കഴിയാതെ നെടുവീർപ്പോടെ എടുത്ത് വെച്ച പേപ്പറിൽ കുത്തി വരച്ചു അരിശം തീർത്ത്‌ പുകച്ചു തള്ളുന്ന പുക നിറയുന്ന എന്റെ മുറി.

ഈ നാല് കെട്ട് കുറച്ച് ദിവസം മുമ്പ് ഞാൻ ചോദിച്ചു വാങ്ങിയതാണ് . എഴുതാൻ വേണ്ടി കുറച്ച് ദിവസങ്ങൾ. പൊളിഞ്ഞു വീഴാറായ പഴമയുടെ അസ്ഥികൂടമാണ് ഈ നാലുകെട്ട്. ഉണങ്ങിപ്പോയിരുന്ന തുളിസിച്ചെടിയുടെ ഓർമ്മ പോലെ ബാക്കിയായ തുളിസിത്തറ. കുറച്ച് മാറി നാഗത്താന്മാരെ കുടിയിരുത്തിയ വിഷക്കാവ്. പായലും കുളവാഴയും നിറഞ്ഞ കുളം. മുറ്റം കാട് പിടിച്ചു കിടക്കുന്നത് കണ്ടാൽ അറിയാം നാളുകൾ ഏറേയായി ഇവിടെ ഒരു മനുഷ്യ ജീവിയുടെ കാലടി പതിഞ്ഞിട്ടു തന്നെ. പകൽ പോലും ആരും വരാൻ ഭയക്കുന്ന നാലുകെട്ടിൽ ഞാൻ ഈ രാത്രി ഉറങ്ങാതെ എഴുതും.

“ഒന്നും പറഞ്ഞില്ല.. എന്റെ കഥ എഴുതോ…. ?”

മെഴുകുതിരി നാളങ്ങൾ കാറ്റിൽ താളം തെറ്റി. പാലാപ്പൂവിന്റെ ഗന്ധം ഒഴുകിപ്പരക്കുന്നു.ചീവിടുകളുടെ ശബ്ദം. വാതിലുകളും ജനലുകളും തുറന്നടഞ്ഞു. തുറന്നിട്ട ഒരു ജനൽ പാളിയിലൂടെ നിലാവെളിച്ചം അകത്തു കടന്നു .

പുറത്തെ കരിയിലകൾ ആരുടേയോ കാലടികളിൽ ഞരിയുന്നത് കേൾക്കുന്നുണ്ട് .

മരിക്കാൻ എനിക്ക് പേടിയില്ല. പേടിയുള്ളത് മനുഷ്യനെയാണ്. അതുകൊണ്ട് തന്നെയാണ് ഹൃദയമിടിപ്പ് കൂടാതെ നിൽക്കുന്നത്.

പെട്ടെന്ന് മെഴുകുതിരി ആരോ ഊതിക്കെടുത്തിയ പോലെ അണഞ്ഞു. നിലാവിന്റെ നേരിയ വെട്ടത്തിൽ ജനലിന്റെ അരികിൽ അഴിച്ചിട്ട മുടിയും തിളങ്ങുന്ന കണ്ണുകളുമായി ഒരു സുന്ദരി. മുറിയിലെ ഇരുട്ടിൽ ഏതോ കോണിൽ നാഗം പത്തി വിടർത്തി ചീറ്റുന്നത് കേൾക്കുന്നുണ്ട്.

അവളാണോ കഥ എഴുതോ.. എന്ന് ചോദിച്ചത്.

“അതെ ഞാൻ തന്നെ…. “

എന്റെ മനസ്സ് വായിച്ച പോലെ അവളുടെ മറുപടി. പിന്നെ പൊട്ടിചിരി. ആ ചിരിക്കൊപ്പം ഓരിയിടുന്ന നായകൾ . കൂട്ടത്തോടെ ചിറകടിച്ചു പറക്കുന്ന വവ്വാലുകൾ ഇരുട്ടിനെ കീറി മുറിച്ചു പറന്നു .പാലപ്പൂവിന്റെ വശ്യമായ ഗന്ധം മുറിയിൽ നിറഞ്ഞു .

Updated: November 3, 2017 — 7:14 am