മാറിയാൽ കൊള്ളാമായിരുന്നു ഹർഷൻ ശബ്ദം താഴ്ത്തി നാരായണൻ തമ്പിയോടു പറഞ്ഞു.
” ഉം… എന്നാൽപ്പിന്നെ വേഗം പോയി മാറി വരു അപ്പോഴേക്കും ഞാനൊന്ന് തയ്യാറാവട്ടെ…
നാരായണൻ തമ്പി തന്റെ വണ്ടിക്കാരൻ ചെല്ലപ്പനെ വിളിച്ചു വരുത്തി.
വിളിക്കേട്ടു വന്ന ചെല്ലപ്പൻ തമ്പിയുടെ മുന്നിൽ ഓച്ചാനിച്ച് നിന്നു.
” എന്താണ് തമ്പ്രാ..?
“ഹാ.. നീയൊരു കാര്യം ചെയ്യൂ ഈ സാറിനെ നമ്മുടെ വണ്ടിയിൽ സാറിന്റെ വീടുവരെ ഒന്ന് കൂട്ടിക്കൊണ്ടു പോയിട്ടു വാ.
” വേഗം വേണം..!
ഇരുട്ടുന്നതിന് മുൻപേ നമുക്കൊരിടം വരെ പോയി വരേണ്ടതുണ്ട്.
” ശരി തമ്പ്രാ….
” വാ സാറേ നമുക്ക് പോകാം..!!
ഹർഷനേയും കൊണ്ട് ചെല്ലപ്പൻ വണ്ടിയുടെ അരുകിലേക്ക് നീങ്ങി.
വണ്ടി കണ്ടപ്പോൾ ഹർഷന് വല്ലാത്തൊരു കൗതുകം തോന്നി.
വണ്ടിയെന്നു പറഞ്ഞാൽ നാലോ അഞ്ചോ പേർക്ക് രാജകീയമായി യാത്ര ചെയ്യാവുന്ന രീതിയിൽ രൂപകല്പന ചെയ്ത് മനോഹരമായി അണിയിച്ചൊരിക്കിയ. ഒരേസമയം രണ്ടു കുതിരകളെ പൂട്ടാവുന്ന തരത്തിലുള്ള ഒരു നല്ല കുതിരവണ്ടിയായിരുന്നു അത്….
തേര് പോലുള്ള ആ വണ്ടിയിലേക്കവൻ വലതുകാലെടുത്തു കുത്തിയപ്പോൾ.
എതിരേ നിന്നും നടന്നു വന്ന മൈഥിലി അവനെ നോക്കിയൊന്ന് കണ്ണിറുക്കി.
അവൻ അവളെ നോക്കി പുഞ്ചിരിച്ചെന്ന് വരുത്തി വണ്ടിയിലേക്ക് കയറി.
വണ്ടി ഹർഷൻ താമസിക്കുന്ന വീട് ലക്ഷ്യമാക്കി ശീക്രം നീങ്ങി…..
യാത്ര മധ്യേ ഹർഷൻ ചെല്ലപ്പനോട് ആരാഞ്ഞു.
” അല്ല ചെല്ലപ്പൻ ചേട്ടാ അവിടെ നിൽകണ വാല്യകാരി പെണ്ണ് മൈഥിലിയുടെ വീടെവിടെയാണ്, അവളുടെ വീട്ടിൽ ആരൊക്കെ ഉണ്ട്.
ഏത് മൈഥിലി..?
സാറ് ആരുടെ കാര്യാ പറയണത്….
” നമ്മളിപ്പോൾ തമ്പി സാറിന്റെ വീട്ടിൽ വെച്ച് കണ്ട ആ പെങ്കൊച്ചില്ലേ..?
അവളുടെ കാര്യമാ ഞാൻ പറഞ്ഞത്.
” ഹഹഹ.. ചെല്ലപ്പൻ ഒന്ന് ചിരിച്ചു എന്നിട്ട് ഹർഷനെ നോക്കി പറഞ്ഞു.
” എന്റെ സാറേ… അത് മൈഥിലിയും, വൈശാലിയുമൊന്നുമല്ല.
അത് തമ്പി സാറിന്റെ ഒരേയൊരു മകൾ ആതിരയാണ് ഞങ്ങളുടെയെല്ലാം തിരുവാതിര….
” കുട്ടിക്ക് കുറുമ്പിത്തിരി കൂടുതലാണെങ്കിലും തങ്കമാ സാറേ തനിതങ്കം. അടക്കോം ഒതുക്കോം ഉള്ള നല്ലകുട്ടിയാ സാറേ അവള്.
പേര് മൈഥിലിയാണെന്ന് പറഞ്ഞ് അവള് സാറിനെ പറ്റിച്ചു കാണും അല്ലേ..?
” അത് സാറേ മൈഥിലി എന്നപേര് കറച്ചു കാലം മുമ്പ് മരിച്ചുപോയ. കാളിയാർ കോവിലകത്തെ ഒരേയൊരു പെൺതരിയായിരുന്ന. മല്ലിയെന്ന മല്ലികതമ്പുരാട്ടിയുടെ ഓമനപേരായിരുന്നു.
അവളത് സാറിനെ പറ്റിക്കാൻ വേണ്ടി വെറുതെ പറഞ്ഞതാവും….
ഹർഷനിൽ ഒരു ഞെട്ടലുളവായി.
” എന്റെ ദൈവമേ..!!