നീയൊന്ന് സമാധാന പെടെന്റെ പെണ്ണേ ഞാനിതൊന്ന് കഴിച്ചു തീർത്തോട്ടെ.
” ശരി കഴിച്ചോളൂ കഴിച്ചോളൂ. അവൻ ഭക്ഷണം കഴിക്കുന്നത് കൗതുകത്തൊടെ അവൾ നോക്കിയിരുന്നു…
കഴിക്കലെല്ലാം കഴിഞ്ഞ് കൈകഴുകി ഹർഷൻ മൈഥിലിയുടെ അരുകിലെത്തി.
അവളെ തന്നോട് ചേർത്ത് നിർത്തി അവളുടെ പവിഴാധരത്തിൽ മൃദുവായി ചുംബിച്ചു.
അവളുടെ മിഴിയിണകൾ കൂമ്പിയടഞ്ഞു.
ഒരു വെള്ളരി പ്രാവിന്റെ കൂറുകലോടെ അവന്റെ ഇംഗിതത്തിനവൾ വഴങ്ങി നിന്നു…
” അയ്യടി മനമേ അങ്ങട് മാറിനിൽക്കടി പെണ്ണേ.
പെണ്ണ് ആള് കൊള്ളാല്ലോ ഇത്തരം പണികള് ഇപ്പഴേ ചെയ്തു തീർത്താൽ കല്ല്യാണം കഴിഞ്ഞാൽ നമ്മുക്ക് വേറേ എന്താ പണി..
അവന്റെ വാക്കുകൾ അവളെ നാണത്തിൽ മുക്കി.
അവനെ തള്ളിമാറ്റി കൊണ്ട് ഒരു പുഞ്ചിരിയോടവൾ പുറത്തേക്കിറങ്ങി എങ്ങോ ഓടിമറഞ്ഞു..
” അപ്പോഴേക്കും പെണ്ണിന് നാണം വന്നു.
നില്ല് പെണ്ണേ പറയട്ടെ പുറത്തേക്കോടിയ അവളെ നോക്കി അവൻ വിളിച്ചു പറഞ്ഞു.
” അമ്മക്ക് നൂറു വട്ടം സമ്മതമാണ് ട്ടോ അവളത് കേട്ടോ ആവോ ?
” പാവം സ്നേഹിക്കാൻ മാത്രം അറിയാവുന്ന ഒരു പൊട്ടികാളി പെണ്ണ്.
ഇതുമതി ഇവളെന്റെ അമ്മയെ പൊന്നുപോലെ നോക്കിക്കോളും.
ഇനി നാരായണൻ തമ്പിയെ ഒന്ന് കാണണം.
കാര്യങ്ങൾ തുറന്നു പറഞ്ഞ് അദ്ദേഹത്തിന്റെ സമ്മതം വാങ്ങി അവളെ കൂടെ കൂട്ടണം…
” ഇനി താമസിച്ചാൽ ശരിയാവില്ല ഇപ്പതന്നെ ചരട് പൊട്ടാറായി.
എല്ലാത്തിനും ഒരു പരിധിയില്ലെ ഈശ്വരന്മാരെ മാനം കളയാതെ കാത്തോളണേ.
ഇന്ന് ഏതായാലും ഒഴിവല്ലെ നാരായണൻ തമ്പിയെ ഒന്ന് പോയി കണ്ട് കളയാം.
എന്തായാലും തമ്പിയെ കാണണം എന്നാൽ പിന്നെ അത് ഇന്ന് തന്നെ ആയിക്കോട്ടെ…
അവളെ സ്വന്തമാക്കിയിട്ടു വേണം മേലധികാരികളുടെ കൈയ്യോ കാലോപിടിച്ച് നാട്ടിലേക്കൊരു സ്ഥലംമാറ്റം വാങ്ങാൻ.
പിന്നെ അമ്മയും മൈഥിലിയും താനും ജീവിതം തന്തുനാനേനാ.
മനസ്സിൽ ഒരു പാട് സ്വപ്നങ്ങളുമായി ഹർഷൻ നാരായണൻ തമ്പിയെ തേടിയിറങ്ങി…
പ്രൗഢഗംഭീരമായ ആ നാലുക്കെട്ടിന്റെ പടിപ്പുര വാതിൽ ഒരു കറകറ ശബ്ദത്തോടെ ഹർഷന്റെ മുന്നിൽ മലർക്കെ തുറന്നു.
എന്തൊക്കയോ ദുരൂഹതകൾ അവിടെ ഒളിഞ്ഞിരിപ്പുള്ള പോലേ.
കൊട്ടാര സമാനമായ ആ വീട്ടുവളപ്പിലേക്കയ്യാൾ വലതുകാൽ നീട്ടി വച്ചു കടന്നു…
ഹർഷനെ കണ്ടതും കുട്ടിലെ പട്ടികൾ കുരക്കാനും ഭീതിയോടെ ഓലിയിടാനും തുടങ്ങി.
പട്ടികളുടെ ഘോരമായ നിർത്താതെയുള്ള കുരയുടെ ശബ്ദം കേട്ടാകണം സാക്ഷാൽ നാരായണൻ തമ്പി അകത്ത് നിന്നും വാതിൽ തുറന്ന് പുറത്തേക്ക് വന്നത്…
തമ്പിയുടെ നിഴലാട്ടം കണ്ടതും നായകൂട്ടങ്ങളുടെ നാവിറങ്ങി.
അവ ഭീതിയാലുള്ളൊരു ഞരങ്ങലോടെ അവരവരുടെ കൂടുകളിൽ ചുരുണ്ടു കൂടി.
” ഉം..ഇയാളോ ?
ഇയ്യാളെന്താ ഈ വഴിക്ക് ജോലിക്ക് പോയില്ലെ ?
” ഇല്ല ഇന്ന് പോയില്ല നാട്ടീന്ന് ഇന്നലെ രാത്രിയിലാ വന്നത്.
എഴുന്നേറ്റപ്പോ ഒരുപാട് വൈകി അതാ ഏറേയും പോകാതിരുന്നത്…..
” ആ.. ഇയാളൊരു അടിച്ചുതെളിക്കാരിയെ വേണമെന്ന് പറഞ്ഞിരുന്നൂലോ ?
മറന്നിട്ടല്ലാട്ടൊ ഒരുത്തി വരാന്ന് ഏറ്റിരുന്നതാ.
പിന്നെ എന്താണാവോ അവൾക്കൊരു ഏനക്കേട്.
തെക്കേ തൊടിയിലെ പുറം പോക്കിൽ താമസിക്കണ ഒരു തള്ളയുണ്ട്.
അത്രയ്ക്ക് തള്ളയല്ലാട്ടാ ഒരു നെയ്യ് കിളവി…