പ്രാര്‍ത്ഥന കഴിഞ്ഞ് മടങ്ങിയ കാഴ്ചക്കാരുടെ കൂട്ടത്തില്‍, കപ്പ്യാര് ജോയിച്ചേട്ടനെയും തിരിച്ചയച്ചു.
“നീ വീട്ടിലേക്ക് പൊയ്ക്കോ ജോയീ, എനിക്കിവിടെ ലേശം പണി കൂടെണ്ട്.”
രണ്ട് അന്‍പത് രൂപാ നോട്ടുകള്‍ ചുരുട്ടി, കയ്യിലേക്ക് പിടിപ്പിക്കാനും കപ്പ്യാര് മറന്നില്ല.
പിന്നെയവിടെ നടന്നത്, വിഭവസമൃദ്ധമായ ഒരു നോണ്‍വെജ് സദ്യയായിരുന്നു. ആടും, കോഴീം, താറാവും, പോര്‍ക്കും അങ്ങനെ കിട്ടാവുന്ന എല്ലാം വറുത്തും, ചുട്ടും, ഉലത്തിയും കപ്പ്യാര്‍ക്ക് ചുറ്റും വച്ചിരുന്നു.
കപ്പ്യാര് വറീത് ഇപ്പൊ തേക്കുംമ്മൂട്ടിലെ ദൈവമല്ലേ….
ഊണ് കഴിഞ്ഞ്, ഉമ്മറത്ത് കസേരയിട്ട് രണ്ടെണ്ണം പിടിപ്പിച്ചോണ്ട് ഇരിക്കുന്നതിനിടെയാണ്, ടോമിച്ചന്‍റെ വീട്ടില്‍ നിന്നൊരാള്‍, ഓടിക്കിതച്ച് അങ്ങോട്ട് വന്നത്.
“കപ്പ്യാരെ, ഒന്ന് അവിടം വരെ വരണം. ആലീസിന്‍റെ മുറിയില്‍ നിന്ന് ആകെ ബഹളം ആണ്, എല്ലാരും പേടിച്ചിരിക്ക്യാണ്….”
“ഇന്നിനി പറ്റില്ല, നാളെ നോക്കാം….”
കയ്യിലിരുന്ന ഗ്ലാസിലെ സ്കോച്ച് വലിച്ചിറക്കി, കപ്പ്യാര് പറഞ്ഞു.
“അങ്ങന പറയല്ലേ കപ്പ്യാരെ…. ഒന്ന് സഹായിക്ക്, അത്ര അത്യാവശ്യം ആയോണ്ടല്ലേ.”
വന്നയാള്‍ വിടുന്ന ലക്ഷണമില്ല. അത് കേട്ടപ്പോള്‍ തോമാച്ചനും നിര്‍ഭന്ധിച്ചു.
“രണ്ടിടത്തേക്കായിട്ടല്ലെ ഞങ്ങള്‍ കപ്പ്യാരെ വിളിച്ചത്, അവിടേം കൂടെ ഒന്ന് നോക്കീട്ടു വാ. കാശ് എത്ര വേണേലും തരും.”
കാശെന്ന് കേട്ടപ്പോള്‍ കപ്പ്യാരുടെ കണ്ണുകള്‍ വീണ്ടും തിളങ്ങി.
മുന്നിലിരുന്ന കുപ്പിയെടുത്ത് കക്ഷത്തില്‍ വച്ച്, മറ്റേ കൈകൊണ്ട് സഞ്ചിയെടുത്ത് തോളിലിട്ട്, അയാള്‍ ഇറങ്ങി.
പക്ഷെ പ്രശ്നം ടോമിച്ചന്‍റെ വീട്ടില്‍ മാത്രമായിരുന്നില്ല.
കപ്പ്യാര്‍ ഇറങ്ങി അല്‍പനേരം കഴിഞ്ഞപ്പോള്‍ മുറിക്കകത്തേക്ക് കയറിയ തോമാച്ചന്‍ കണ്ടത്, വായുവില്‍ പറന്നു നടക്കുന്ന ലിസാമ്മയെ ആണ്.
സത്യത്തില്‍ അത് ലിസാമ്മയേ ആയിരുന്നില്ല. മുഖത്തിലും, ഭാവത്തിലും, സംസാരത്തിലും അവര്‍ ആലീസ് തന്നെയായിരുന്നു.
“എന്നെ ഉപദ്രവിക്കരുതെന്ന് നിങ്ങളോട് ഞാന്‍ പറഞ്ഞിരുന്നതല്ലേ…”
ഭയപ്പെട്ടു പോയ തോമാച്ചനെ അവള്‍ മുറിയില്‍ നിന്നെടുത്ത് എറിഞ്ഞു.
ഹൊറർ നോവലിൽ കപ്യാർ എത്തിയപ്പോൾ തനി കോമഡിയായി.
വളരേ നന്നായിട്ടുണ്ട് അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു