കപ്പ്യാര് ആജ്ഞാപിച്ച ഉടനെ, ആ പാവത്തിനെ എല്ലാവരും കൂടെ പൊക്കി ഒരു കസേരയിലാക്കി, ഹാളിന്‍റെ മൂലയ്ക്ക് കൊണ്ടിരുത്തി.
അടുത്ത പണി, ആ മുറിയില്‍ ലിസാമ്മ കിടന്നിരുന്ന കട്ടിലെടുത്ത് പുറത്തേക്ക് ഇടലായിരുന്നു.
അതും കൂടെ കഴിഞ്ഞതോടെ കപ്പ്യാര്, ജോയിച്ചേട്ടനെ കൊണ്ട് ചുമപ്പിച്ച സഞ്ചിയില്‍ നിന്ന് ഒരു ഓട്ടുരുളിയെടുത്ത്, കൃത്യം മുറിയുടെ നടുക്ക് തന്നെ വച്ചു. എന്നിട്ട് ഭക്തിപൂര്‍വ്വം തോള്‍സഞ്ചിയിലിരുന്ന ഒരു വലിയ മെഴുകുതിരിയെടുത്ത്, അതൊരു നീളമുള്ള പിടിയില്‍ സ്ഥാപിച്ച്, ഉരുളിയുടെ നടുക്ക് തന്നെ നിര്‍ത്തി കത്തിച്ചിട്ട് പറഞ്ഞു.
“ഇനി എല്ലാവരും ഒച്ചയുണ്ടാക്കാതെ പ്രാര്‍ഥിച്ചോളൂ….”
ഒരു വശത്ത് പ്രാര്‍ത്ഥനകള്‍ നടക്കുമ്പോള്‍, വലിയ ഗമയില്‍, കപ്പ്യാര് ലാറ്റിന്‍ പോലത്തെ ഭാഷയില്‍ എന്തൊക്കെയോ ചൊല്ലിക്കൊണ്ട്, കയ്യിലെ ആനാംവെള്ളം പതുക്കെ ആ മെഴുകുതിരിയുടെ ചുവട്ടിലേക്ക് ഒഴിച്ചുകൊണ്ടിരുന്നു.
ആളുകള്‍ ഒന്നും മനസ്സിലാകാതെ മുഖത്തോട് മുഖം നോക്കി.
‘കപ്പ്യാര് ഇത്ര കേമനായിരുന്നോ…?’
ആര്‍ക്കും പെട്ടെന്നത് അംഗീകരിക്കാന്‍ പറ്റിയില്ല.
കപ്യാര്‍ക്ക് പക്ഷെ ഒരു ഭാവഭേദവുമില്ല. പറഞ്ഞു കൊണ്ടിരുന്ന കാര്യങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം, കയ്യിലെ ബാക്കിയുള്ള ആനാം വെള്ളമെടുത്ത്, ഏതോ പ്രാര്‍ഥനാഗാനവും പാടി, ആ മുറിയിലെ ചുവരുകളില്‍ ആകെ തളിച്ചു. നേരത്തെ പറഞ്ഞു പഠിപ്പിച്ച പോലെ റിപ്പീറ്റായി ജോയിച്ചേട്ടനും, പുള്ളിയെ പിന്തുടര്‍ന്ന് വീട്ടുകാരും ആ പ്രാര്‍ത്ഥന പാടി.
ശേഷം, വാതിലടച്ച് പുറത്തു വന്ന കപ്പ്യാര് പറഞ്ഞു.
“ഇതൊരു നിസ്സാര ബാധയല്ല, തിരിച്ചടിക്കാന്‍ തന്നെയാണ് അവളുടെ ഉദ്ദേശം. ഇപ്പോള്‍ മൂന്ന് മണി മുട്ടും വരെ നമ്മളിവിടെ പ്രാര്‍ത്ഥിച്ചു കൊണ്ടിരിക്കണം, അല്ലെങ്കില്‍ നമ്മളില്‍ ഒരാളുടെ ജീവനും കൊണ്ടേ അവള്‍ പോകൂ.”
എല്ലാവരും അടപടലം ഞെട്ടി. കാര്യം, ലേശം ദ്രോഹമൊക്കെ ഉണ്ടെങ്കിലും, ‘ഇത് നമ്മുടെ കുഞ്ഞല്ലേ’ എന്നൊരു സമാധാനം ഉണ്ടായിരുന്നു. ആ ആളാണ് ഇപ്പൊ ജീവനും കൊണ്ട് പോകും എന്ന് പറയുന്നത്.
പക്ഷെ മണിയുടെ കാര്യം മാത്രം ആര്‍ക്കും മനസ്സിലായില്ല. കപ്പ്യാരും, കൈക്കാരനും ഇവിടെ നില്‍ക്കുമ്പോള്‍ പള്ളിയില്‍ ഇനിയാരാ മണിയടിക്കാനുള്ളത്?
ഹൊറർ നോവലിൽ കപ്യാർ എത്തിയപ്പോൾ തനി കോമഡിയായി.
വളരേ നന്നായിട്ടുണ്ട് അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു