ജനൽ 62

പതിനഞ്ചു വർഷത്തെ ഏകാന്തജീവിതത്തിനു വിരാമമിട്ടത്തോടെ എല്ലാം മാഞ്ഞിരിക്കുന്നു. ഞാൻ എണിറ്റു മുകളിലേക്ക് പോയി. കോണിപ്പടികൾ കയറുമ്പോൾ സന്തോഷമായിരുന്നു മനസ്സു നിറയെ. മുറിയുടെ വാതിൽ അടച്ചിട്ടിരിക്കുകയാണ്, വാതിൽ തുറന്നു പതിയെ അകത്തു കയറി. ഒരുപാടു ഓർമകൾ നിറഞ്ഞ എന്റെ ലോകമായിരുന്നു ആ മുറി. മുറിയിൽ നേർത്ത വെളിച്ചം ഉണ്ടായിരുന്നു. ഒരു മണ്ണെണ്ണ വിളക്ക് മൂലയിൽ കത്തിച്ചു വെച്ചിരിക്കുന്നു. അതിന്റെ തിരി അല്പം നീട്ടി. ഇപ്പോൾ ഒരുവിധം വ്യക്തമായി എല്ലാം കാണാം. എല്ലാം പഴയതുപോലെ തന്നെ. ചുമരിൽ വെള്ള പൂശിയിട്ടുള്ളതൊഴിച്ചാൽ എല്ലാം പതിനഞ്ചു വർഷം മുൻപുള്ളതുപോലെ തന്നെയുണ്ട്‌. കട്ടിലിനോട് ചേർന്ന് മേശയും അതിനു മേലെയായി എൻ്റെ പുസ്തകങ്ങൾ വെച്ചൊരു പെട്ടി. മരത്തിൻ്റെ കസേര മേശക്കരികിലായുണ്ട് .മറ്റൊരു ഭാഗത്ത്‌ എൻ്റെ പഴയൊരു അലമാര. അതിൽ നിന്ന് പണ്ട് അമ്മയുടെ സാരിയെടുത്തതാണ്, പിന്നെ തൊട്ടിട്ടില്ല. പതുക്കെ അതിലാകെ ഒന്ന് വിരലോടിച്ചു. പുറകിൽ നിന്നു തണുത്തൊരു കാറ്റ്‌ എന്നെ തഴുകി, തിരിഞ്ഞു നോക്കി. അന്നു തൂക്കിയിട്ട അതെ സാരികഷ്ണം ഇപ്പോഴും ഉണ്ട്. ജനലിനടുത്തേക്ക് നടന്നു. എല്ലാ ദിവസത്തെയും പോലെ ഇന്നും സാരി നനഞ്ഞിട്ടുണ്ട്. ഒരരുകിലേക്ക് അത് നീക്കിയിട്ട്‌, ജനലിലൂടെ പുറത്തേക്കു നോക്കി.ആദ്യം കണ്ടത് അമ്മയെ അടക്കിയ പറമ്പാണ്,അമ്മയ്ക്കരികിലായി അമ്മമ്മയും ഉണ്ട്. അപ്പുറത്തെ ആ ചാമ്പമരം വളർന്നു വലുതായിരിക്കുന്നു. ജനലിനടുത്തുള്ള മാവിന്റെ കൊമ്പുകൾ ഇപ്പോഴില്ല,വെട്ടിക്കാണും. ടോർച്ചെടുത്ത്‌ ഞാൻ മാവിന്റെ മുകളിലേക്ക് തെളിച്ചു. ആ പഴയ കൊമ്പിൽ പക്ഷെ ഇപ്പോൾ അന്നത്തെ കാക്കക്കൂടില്ല. ഏതെങ്കിലും കാറ്റത്തു അത് താഴെ വീണിരിക്കാം. അല്ലെങ്കിൽ മറ്റെവിടെയെങ്കിലും പോയിരിക്കാം. അണ്ണാര ക്കണ്ണൻമാരെയും കണ്ടില്ല. മാമ്പഴം കിട്ടാത്തത് കൊണ്ട് മറ്റെവിടെയെങ്കിലും പോയിക്കാണും. മഴ അല്പം ശമിച്ചിരിക്കുന്നു. ചെറിയ കാറുണ്ട്. പതിനഞ്ചു വർഷത്തിനുശേഷമാണ് ഈ തണുപ്പ് അനുഭവിക്കുന്നത്. ജനൽകമ്പികളിൽ പിടിച്ചു ആ പഴയ ജനൽപടിയിൽ ഞാനിരുന്നു. മണ്ണിന്റെയും മഴയുടെയും മണം എന്നിലേക്ക്‌ എത്തി. ജനൽ കമ്പികൾക്കിടയിലൂടെ അല്പ്പം പണിപ്പെട്ടു കൈകൾ പുറത്തേക്കു നീട്ടി. മഴത്തുള്ളികൾ വീണു എന്റെ കൈകളെ ഇക്കിളി കൂട്ടി. കണ്ണുകൾ അടച്ചു ഞാൻ ആ മഴ ആസ്വദിച്ചു. പറയാൻ ഒരുപാടു കഥകൾ ബാക്കി വെച്ച ആ ജനൽ പടിയിൽ ഞാനിരുന്നു. അമ്മയെ ഒന്ന് നോക്കി. അതാ താഴെ എന്നെ നോക്കി ചിരിച്ചു കൊണ്ട് അമ്മ നിൽക്കുന്നു. ഞാൻ കണ്ണുകൾ അടച്ചു. മുടിയിഴകൾക്കിടയിലൂടെ വിരലോടിച്ച് ഒരു തണുത്ത കാറ്റ് എന്നെ കടന്നു പോയി. അമ്മയായിരിക്കാം അത്..!
(അവസാനിച്ചു)