കുഞ്ഞേച്ചിയുണ്ടായിരുന്നെങ്കിൽ സമയം പോകുമായിരുന്നു. ഒന്നു രണ്ടു തവണ എന്നെ കാണാൻ വീട്ടിലേക്കു വന്നു. പിന്നെ കുട്ടികളും വീടുമായി കുഞ്ഞേച്ചിയും തിരക്കിലായി. പതിനഞ്ചു വർഷം മുൻപ് ഇതേ ദിവസം, മഴ തകർത്തു പെയ്യുന്ന ഒരു രാത്രി അമ്മയുടെ പഴയൊരു സാരി മടക്കി വെച്ചിരിക്കുന്നത് അലമാരയിൽ നിന്നെടുത്തു. പഴയ ആ മഞ്ഞ സാരി ആകെ കീറിയിരിക്കുന്നു. ഒരിക്കൽ എലി കരണ്ടതാണ്. പിന്നെ ആകെ നാശമായി. അമ്മയ്ക്ക് ഇഷ്ടമുള്ള മറ്റൊരു സാരിയാണ് എടുത്തത്. അത് മുറിച്ചു ജനലിനു കുറുകെ ഇട്ടു. അതൊരു അരികത്തേക്ക് നീക്കി അമ്മയോട് യാത്ര പറഞ്ഞു. അവസാനമായി ആ കമ്പികൾക്ക് മുകളിലൂടെ ഒലിച്ചിറങ്ങിയ മഴത്തുള്ളികൾ കൈകളാൽ തുടച്ചു. ആ കമ്പികളിൽ മുഖമമർത്തി കണ്ണുകളടച്ചു. പന്നകർക്കിടകം കണ്ണുകളിലുമെത്തി. അച്ഛനോടോന്നും പറയാതെ വീടുവിട്ടിറങ്ങി. എത്രയെത്ര നാടുകൾ നടന്നു, എല്ലാം ഇന്നലെ കഴിഞ്ഞതുപോലെ. വഴിയിൽ കണ്ടുമുട്ടിയ ഒരാളുമായി ചങ്ങാത്തത്തിലായി. ഡൽഹിയിൽ അയാൾക്കൊപ്പം ജോലിക്ക് കയറി. എല്ലാം മറന്നു നിന്ന പതിനഞ്ചു വർഷം. എത്രയെത്ര മഴകൾ നനഞ്ഞു. പക്ഷെ ഒന്നുപോലും എന്റെ മനസ്സിനെ തണുപ്പിച്ചില്ല. ഏകാന്തതയെ മനസ്സാ വരിച്ചു കഴിഞ്ഞിരുന്നു ഞാൻ. പക്ഷെ വീട്ടിലേക്കു മടങ്ങിയത് പഴയൊരു ഓർമ കാരണമാണ്. ഡൽഹിയിൽ ജോലി കഴിഞ്ഞു തിരിച്ചു വരുമ്പോൾ രണ്ടു കുട്ടികളെ കണ്ടു. നല്ല മഴയായിരുന്നു. കുടയും ചൂടി വരുമ്പോൾ മുകളിലേക്ക് നോക്കി. വീട്ടിലെ ജനലിലൂടെ പുറത്തേക്ക് കൈ നീട്ടി പരസ്പരം മഴത്തുള്ളികൾ മുഖത്തേക്ക് തെറിപ്പിക്കുകയാണവർ.എന്റെ കാലുകൾക്ക് മനസ്സു വിലങ്ങു വെച്ചു. അവിടെ മഴയത് അവരുടെ കളികളും നോക്കി നിന്നുപോയി. മനസ്സു പഴയൊരു വീട്ടിലേക്കും ആ വീട്ടിലെ ഒരു മുറിയിലേക്കും അവിടുത്തെ ഒരു ജനൽപ്പടിയിലേക്കും പോയി. കുഞ്ഞേച്ചിക്കൊപ്പം ചിലവിട്ട നിമിഷങ്ങൾ, ആ രാത്രികളിലെ മഴയുടെ കുളിരും, അമ്മയുടെ തലോടലും, അച്ഛന്റെ കൈകളിലെ സുരക്ഷിതത്വവുമെല്ലാം മിന്നൽപിണരുപോലെ പാഞ്ഞു പോയി. ആകെ അസ്വസ്ഥമായിരുന്നു ആ രാത്രി. കൂടുതലൊന്നും ആലോചിക്കാതെ ബാഗുമെടുത്ത് റൂമിൽ നിന്നിറങ്ങി. മഴയുള്ള സന്ധ്യക്കാണ് വീട്ടിലെത്തിയത്. ഉമ്മറത്തെ ചാരുകസേരയിൽ അച്ഛനെ പ്രതീക്ഷിച്ചു. ഇല്ല ആരുമില്ല. ഇത്രയും കാലം അച്ഛനെ പറ്റി ഒന്നും അന്വേഷിച്ചിരുന്നില്ല. കുട പുറത്തു നിവർത്തി വെച്ച് വിറയ്ക്കുന്ന തണുത്ത പാദങ്ങൾ ആ ഉമ്മറപ്പടിയിൽ ചവിട്ടികയറി.
കതകിൽ രണ്ടുവട്ടം തട്ടി, ആരാണിപ്പോൾ വീട്ടിലെന്നറിയില്ല. വാതിൽ തുറക്കുന്നതും കാത്ത് അവിടെ നിന്നു. ആരും വന്നില്ല. പുറത്തു അമ്മയെ അടക്കിയ പറമ്പിലേക്ക് നോക്കി. പുറത്തിറങ്ങാൻ തിരിഞ്ഞു നടന്നു. പെട്ടന്ന് വാതിൽ തുറക്കുന്ന ശബ്ദം കേട്ടു തിരിഞ്ഞു നോക്കി. അച്ഛൻ ! കണ്ണുകൾ നിറഞ്ഞ് കുറ്റബോധത്താൽ മനസ്സു വിങ്ങിപ്പൊട്ടി. പെട്ടന്ന് അച്ഛന്റെ തോളിലേക്ക് ചാഞ്ഞു. അച്ഛൻ ഒന്നും പറഞ്ഞില്ല. മുടിയിലൂടെ വിരലോടിച്ചു, പണ്ട് അമ്മ ചെയ്യും പോലെ. ഉള്ളിൽ കുട്ടികളുടെ ശബ്ദം കേട്ട് അകത്തേക്ക് നോക്കി. കുഞ്ഞേച്ചിയും കുട്ടികളും. കുഞ്ഞേച്ചി ഓടി വന്ന് എന്നെ കെട്ടിപിടിച്ചു, നെറ്റിയിൽ ഉമ്മ വെച്ചു. അപരിചിതനായ എന്നെ കുട്ടികൾ നോക്കി. അവരെ ചേർത്തു പിടിച്ചു ഞാൻ കരഞ്ഞു. പതിനഞ്ചു വർഷം അടക്കിപിടിച്ച ഏകാന്തതയേയും നഷ്‌ടമായ പലതിനെയും ഓർത്ത്. ഭർത്താവ് ജോലിക്കായി ഗൾഫിലേക്ക് പോയപ്പോൾ കുഞ്ഞേച്ചി അച്ഛന്റെയടുത്തേക്ക് വന്നതാണ്, അച്ഛന് കൂട്ടായിട്ട്. നഷ്ടപെട്ടത് പലതും തിരിച്ചു കിട്ടിയപ്പോൾ സന്തോഷിച്ചു. കുളിച്ചു വന്നു ഭക്ഷണം കഴിക്കാനിരുന്നു. അമ്മയില്ലെന്ന സങ്കടം ഒരിക്കൽ പോലും അനുഭവിക്കാൻ കുഞ്ഞേച്ചി അനുവദിച്ചിട്ടില്ലായിരുന്നു. ഊണു കഴിഞ്ഞു അമ്മയുണ്ടാക്കാറുള്ള പാൽപ്പായസം എനിക്കായി ഉണ്ടാക്കി. അമ്മയുടെ അതെ കൈപുണ്യം, എനിക്കായി അമ്മ വീണ്ടും വന്നതുപോലെ തോന്നി. ഭക്ഷണം കഴിഞ്ഞു എല്ലാവരും സംസാരിച്ചിരുന്നു. രാത്രി ഏറെ വൈകിയിരുന്നു. ഈ രാത്രി ഉറക്കം വരില്ല ആർക്കും എന്നറിയാമായിരുന്നു. ക്ഷീണം ശരീരത്തേക്കാൾ മനസിനെയാണ് തളർത്തിയിരുന്നത്.