ജനൽ 62

മിനിചേച്ചിയുടെ കല്യാണത്തിന്. അമ്മയുടെ സിന്ധൂരപൊട്ടിനു എനിക്ക് നഷ്ടപെടുത്തിയ പാൽപായസത്തിന്റെ കഥ പറയാനായി. രാത്രിയാകുമ്പോഴേക്കും ചൂടും പുകയും കൊണ്ട് അമ്മയാകെ അവശയായിരിക്കും. അപ്പോൾ, അമ്മയുടെ മടിയിൽ കുഞ്ഞേച്ചിയും കിടക്കും. അമ്മയുടെ കൈവിരലുകൾ മുടിയിഴകൾക്കിടയിലൂടെ നീങ്ങുമ്പോൾ ഒരു പ്രത്യേക അനുഭൂതിയാണ്.

എനിക്ക് ആറ് വയസ്സുള്ളപ്പോഴാണ് അമ്മ വല്ലാതെ തളർന്നത്. ചുമയായിരുന്നു എപ്പോഴും. ആശുപത്രിയിലേക്ക് അമ്മയെ കൊണ്ട് പോകുന്നതും നോക്കിയിരുന്നത് ഇതേ ജനൽ പടിയിലാണ്. എത്ര നേരം അവിടെ അങ്ങനെ ഇരുന്നെന്നു അറിയില്ല. പിന്നെ,ഉറക്കമുണർന്നപ്പോൾ കട്ടിലിലായിരുന്നു. കുഞ്ഞേച്ചി തൊട്ടടുത്ത്‌ ഇരിപ്പുണ്ട്. ഞാൻ ഉറക്കമുണർന്നപ്പോൾ എന്നെയും പിടിച്ചെഴുന്നേല്പിച്ചു മുറിക്കു പുറത്തേക്കു നടന്നു. ഉമ്മറത്ത്‌ അമ്മമ്മയിരിപ്പുണ്ട്. അച്ഛനും അമ്മയും തിരിച്ചെത്തിയിട്ടില്ല. സന്ധ്യക്ക്‌ നാമം ജപിക്കാൻ ഒരു സുഖം തോന്നിയില്ല. മഴ പെയ്തുകൊണ്ടേയിരുന്നു. പതുക്കെ കോണി കയറി മുറിയിലേക്ക് നടന്നു. ജനൽപടിയിലിരുന്നു ജനൽകമ്പികളിലെ മഴത്തുള്ളികളെ തൊട്ടു, കൈകൾ കൊണ്ട് ആ കമ്പികൾ മുറുകെ പിടിച്ചു.

രാത്രിയായപ്പോൾ മുറ്റത്തൊരു വണ്ടി വന്ന ശബ്ദം കേട്ട് ജനലിലൂടെ പുറത്തേക്കു നോക്കി. ഒരു വെളുത്ത വണ്ടിയുടെ മുകൾഭാഗം കണ്ടു. ആശുപത്രികൾ കാണിക്കുമ്പോൾ സിനിമയിൽ വരുന്ന ശബ്ദം.ഒപ്പം വണ്ടിയുടെ മേലെ ഒരു ബൾബു കത്തുകയും കെടുകയും ചെയ്യുന്നുണ്ടായിരുന്നു. അച്ഛൻ മുകളിലേക്ക് കയറി വന്നു, എന്നെ വാരിയെടുത്ത് നെറ്റിയിൽ ഉമ്മ വെച്ചു. അച്ഛന്റെ കൈയാകെ തണുത്തിരിക്കുന്നു. മഴയത്ത് നനഞ്ഞു വന്നതാണ്. വണ്ടിയിൽ നിന്നിറങ്ങിയപ്പോൾ മഴ നനഞ്ഞു കാണും. താഴെ വന്നപ്പോൾ കുഞ്ഞേച്ചി ഓടി ഞങ്ങളുടെ അടുത്തേക്ക് വന്നു.പുറത്ത് ആരൊക്കെയോ വന്നിട്ടുണ്ട് , അമ്മയെ കാണുന്നില്ല. അച്ഛന്റെ കയ്യിൽനിന്ന് കുതറി ഞാൻ അടുക്കളയിലേക്കോടി. ഞാൻ ഇന്ന് ഒന്നും കഴിച്ചിട്ടില്ലെന്നു അമ്മക്ക് അറിയാവുന്നതുകൊണ്ട്‌ എന്തെങ്കിലും ഉണ്ടാക്കുകയാകും. അല്ലെങ്കിൽ പുറത്തുനിന്നു വന്നവർക്കുള്ള ചായ ഉണ്ടാക്കുകയാകും. പക്ഷെ അടുക്കളയിൽ അമ്മയെ കണ്ടില്ല. അടുക്കളയിൽ നിന്ന് പുറത്തേക്കുള്ള വാതിലും അടച്ചിരിക്കുന്നു. അടുപ്പും കത്തിച്ചിട്ടില്ല. അടുക്കളയിലെ ജനലിലൂടെ കിണറിനടുത്തേക്കും നോക്കി, അവിടെയും ഇല്ല. അച്ഛൻ അടുക്കളയിലേക്കു വന്നു. കൈ പിടിച്ചു എന്നെ ഉമ്മറത്തേക്ക് കൊണ്ട് പോയി. അമ്മയെവിടെയെന്നു ചോദിച്ചപ്പോൾ ഉത്തരമൊന്നും പറഞ്ഞില്ല.

ഉമ്മറത്ത്‌ വന്നപ്പോൾ അമ്മയെ കണ്ടു. നിലത്തു കിടക്കുകയാണ്. അമ്മമ്മ തൊട്ടടുത്തിരിക്കുന്നു. എന്നെയും പിടിച്ച് അച്ഛൻ നിലത്തിരുന്നു. അമ്മയുടെ അടുത്തായിട്ടു കുഞ്ഞേച്ചിയും. വെളുത്ത തുണി കൊണ്ട് അമ്മയെ പുതപ്പിച്ചിട്ടുണ്ട്. അമ്മ ഉറങ്ങുകയായിരുന്നു. അച്ഛന്റെ കൈകളിൽ നിന്ന് പിടിവിട്ടു ഞാൻ അമ്മയുടെ അടുത്തേക്ക് നടന്നു . അമ്മയുടെ അടുത്ത് കിടന്നു. സാധാരണ ഞാൻ അടുത്ത് കിടന്നാൽ അമ്മ എന്നെ ചേർത്ത് പിടിക്കാറുണ്ട്. ഇന്നെന്തേ അതില്ല?..ഞാൻ അമ്മേയെന്നു വിളിച്ചു. ക്ഷീണമായതിനാലാവാം അമ്മ മറുപടിയൊന്നും പറഞ്ഞില്ല. പാവം.. പോയി വന്നു വയ്യാതായി കാണും. ഞാൻ കൈകൾ അമ്മയുടെ മേലേക്കിട്ടു കെട്ടിപിടിച്ചു കിടന്നു. അമ്മമ്മയുടെ കരച്ചിൽ ഉച്ചത്തിൽ കേട്ടു. ഞാൻ ആദ്യമായിട്ടാണ് അമ്മമ്മ കരയുന്നത് കാണുന്നത്. തൊട്ടടുത്തിരുന്നു കുഞ്ഞേച്ചിയും കരയുന്നു. അച്ഛൻ തളർന്നു ചുമരും ചാരിയിരിക്കുകയാണ്‌ . എല്ലാവർക്കും എന്ത് പറ്റി.കുറച്ചുപേർ വന്നു അമ്മയെ എടുത്തുകൊണ്ടു പോയി. ഞാൻ അമ്മമ്മയുടെ മടിയിൽ കിടന്നു.