വല്ലിമ്മ അവളെ തലോടിക്കൊണ്ട് പറഞ്ഞു
,,വല്ലിമ്മാക്ക് അറിയാവുന്ന കഥകളൊക്കെ മോള്‍ക്ക് വല്ലിമ്മ പറഞ്ഞു തന്നില്ലേ ? .ഇത്രേം വലിയകുട്ടി ആയിട്ടും ന്‍റെ മോള്‍ക്ക് ഇപ്പോഴും കഥകള്‍ കേള്‍ക്കണം എന്നാണ് പൂതി ,,
വല്ലിമ്മ അല്‍പം ആലോചിച്ചുക്കൊണ്ട് പറഞ്ഞു
,, ഒരു കഥയുണ്ട് ഒരു ജിന്നിന്‍റെ കഥ. കഥ കേട്ട് ന്‍റെ മോള് പേടിക്കില്ലാച്ചാ വല്ലിമ്മ പറഞ്ഞു തരാം ,,
ഫര്‍ഹാനയ്ക്ക് വല്ലിമ്മയെ ഒരുപാട് ഇഷ്ടമാണ്. സ്വന്തം ഉമ്മയെക്കാളും കൂടുതല്‍ അവള്‍ വല്ലിമ്മയെ സ്നേഹിക്കുന്നുണ്ട് .
കുഞ്ഞായിരിക്കുമ്പോള്‍ തന്നെ വല്ലിമ്മ ഭക്ഷണം വാരി നല്‍കിയാലേ അവള്‍ കഴിക്കുമായിരുന്നുള്ളൂ .ഇപ്പോഴും വല്ലിമ്മ ഭക്ഷണം വാരിയാണ് അവള്‍ക്കു നല്‍കുന്നത് ….
ഒരിക്കല്‍ ഒരു മുല നീണ്ടുവരുന്ന കുറുമത്തികാളിയുടെ കഥ പറഞ്ഞു കൊടുത്തപ്പോള്‍ ഫര്‍ഹാന രണ്ടു ദിവസ്സം പേടിച്ചു പനി പിടിച്ചു കിടന്നു. അതില്‍ പിന്നെ വല്ലിമ്മ അത്തരം കഥകള്‍ അവള്‍ക്കു പറഞ്ഞു കൊടുക്കുമായിരുന്നില്ല ….
അത്താഴം കഴിഞ്ഞ് വാപ്പയും ഉമ്മയും അവരുടെ കിടപ്പ് മുറിയിലേക്കു ഉറങ്ങുവാനായി പോയപ്പോള്‍ ഫര്‍ഹാനയും വല്ലിമ്മയും അവരുടെ കിടപ്പുമുറിയിലെക്കും പോന്നു .വല്ലിമ്മ ഫര്‍ഹാനയുടെ തലയില്‍ തടവിക്കൊണ്ട് കഥ പറഞ്ഞു തുടങ്ങി….
തൂവെള്ള വസ്ത്രധാരണത്തോടെ ഭൂമിയില്‍ പ്രത്യക്ഷപ്പെടുന്ന മൂന്നാള്‍ പൊക്കമുള്ള ജിന്നിന്‍റെ കഥ..
തലേക്കെട്ടും ളോഹയും ധരിച്ചുക്കൊണ്ട് പ്രത്യക്ഷമാകുന്ന ജിന്നിന്‍റെ ചുറ്റിലും ഒരു പ്രത്യേക വെളിച്ചം പ്രത്യക്ഷമാകും .അപ്പോള്‍ അവിടമാകെ സാമ്പ്രാണിയുടെയും കുന്തിരിക്കത്തിന്റേയും രൂക്ഷഗന്ധം നിറഞ്ഞു നില്‍ക്കും. മനുഷ്യനെ മണ്ണിൽ നിന്നാണ് സൃഷ്ടിച്ചതെങ്കിൽ ജിന്നുകളെ പുകയില്ലാത്ത തീ നാളങ്ങളിൽ നിന്നാണ് സൃഷ്ടിച്ചിട്ടുള്ളത്. മനുഷ്യനെപ്പോലെതന്നെ ചിന്തിക്കാനും അതനുസരിച്ച് തൻറെ ജീവിതം മുന്നോട്ടുനയിക്കാനുമുള്ള സ്വാതന്ത്ര്യം നൽകപ്പെട്ട ജിന്നുകള്‍ക്ക് ജീവികളുടെ രൂപം പ്രാപിക്കാനുള്ള കഴിവുമുണ്ട്.എന്നാലോ കാണാൻ തീരെ ഭംഗിയില്ലാത്ത ഒരു പേടിപ്പിക്കുന്ന രൂപമാണെങ്കിലും തക്കം കിട്ടിയാൽ നല്ല മൊഞ്ചുള്ള കുട്ട്യോളെ മയക്കി കൊണ്ടൊകും…കഥ തുടർന്നുകൊണ്ടിരുന്നു…
ഭയാനകമായ ജിന്നിന്‍റെ കഥ പറഞ്ഞു കഴിഞ്ഞപ്പോള്‍ ഫര്‍ഹാന വല്ലിമ്മയെ കെട്ടിപ്പിടിച്ചു കിടന്നു.വല്ലാത്തൊരു ഭയം അവളില്‍ നിറഞ്ഞുനിന്നു.ഉറങ്ങുവാനായി ഇമകള്‍ ഇറുക്കിയടച്ചു പക്ഷേ ഉറങ്ങുവാനവള്‍ക്കായില്ല .