ഏതൊരു പിതാവും ആഗ്രഹിക്കുന്നത് പോലെ ബീരാന്‍കുട്ടിയും ആഗ്രഹിച്ചു തന്‍റെ മകളെ പഠിപ്പിച്ചു വലിയ നിലയിലാക്കണമെന്ന് .ഫര്‍ഹാന എന്ത് ആഗ്രഹം പറഞ്ഞാലും ബീരാന്‍കുട്ടി അത് നിറവേറ്റികൊടുക്കും….
ഫര്‍ഹാനയുടെ ഏറ്റവുംവലിയ ഇഷ്ടങ്ങളില്‍ ഒന്ന് യാത്രകളായിരുന്നു.യാത്രകളില്‍ ഇതുവരെ കാണാത്ത ഗ്രാമങ്ങളും, നഗരങ്ങളും,മനുഷ്യ മുഖങ്ങളും കൌതുകത്തോടെ കണ്ടാസ്വദിക്കും .വിദ്യാലയത്തിന് നീണ്ട അവധി ലഭിക്കുമ്പോള്‍ നാലംഗസംഘം യാത്ര പോകും. പുതിയ ദേശങ്ങള്‍ താണ്ടിയുള്ള യാത്ര പിന്നെപ്പിന്നെ ബീരാന്‍കുട്ടിയും ആസ്വദിച്ചു .യാത്രകളില്‍ ദര്‍ഗകള്‍ സന്ദര്‍ശിക്കുക എന്നത് ആ കുടുംബത്തിന്‍റെ ഇഷ്ടങ്ങളില്‍ ഒന്നാണ് .എത്രയോ തവണ അജിമീര്‍ ദര്‍ഗ സന്ദര്‍ശിച്ചിരിക്കുന്നു…..
ഫര്‍ഹാന പുസ്തകങ്ങള്‍ എടുത്തുവെച്ചു തിണ്ണയില്‍ വന്നിരുന്നു. അവിടെയിരുന്ന് നോക്കിയാല്‍ പെരും തോട് വരെയുള്ള കാഴ്ചകള്‍ കാണാം .ആകാശത്ത് കാര്‍മേഘങ്ങള്‍ പെയ്തൊഴിയുവാന്‍ തിരക്ക് കൂട്ടുന്നതുപോലെ അവള്‍ക്കു തോന്നി. നാളെ കലാലയത്തിലേക്ക് കൊണ്ടുപോകേണ്ടുന്ന നോട്ടുപുസ്തകം വാപ്പ വാങ്ങുവാന്‍ മറക്കാതെയിരുന്നാല്‍ മതിയായിരുന്നു…..
കാത്തിരിപ്പിന് വിരാമമിട്ട് അങ്ങ് ദൂരെനിന്ന് വാപ്പ നടന്നു വരുന്നത് അവള്‍ കണ്ടു . ഉമ്മറത്ത് നിന്നും ഇറങ്ങി നടവരമ്പിലൂടെ വാപ്പയുടെ അരികിലേക്ക് അവളോടി . അയാളുടെ അരികില്‍ എത്തിയപ്പോള്‍ ബീരാന്‍കുട്ടി പറഞ്ഞു .
,, എന്ത് പായലാണ് ന്‍റെ മോള് ഈ പായണത് ചെറിയ കുട്ടിയാണ് എന്നാ ബിചാരം….ഇമ്മിണി പോന്ന പെണ്‍കുട്ട്യോള് ഇങ്ങനെ പായാന്‍ പാടില്ലാട്ടോ ,,
ഫര്‍ഹാന കിതപ്പോടെ പറഞ്ഞു.
,,ഞാന്‍ വാപ്പാന്‍റെ ചെറിയ കുട്ടിന്ന്യാ … വാപ്പ ഞാന്‍ പറഞ്ഞ പുസ്തകം വാങ്ങിയോ ,,
ബീരാന്‍കുട്ടി മുറുക്കാന്‍ തുപ്പിക്കൊണ്ട് തൊപ്പിക്കുട തലയില്‍ നിന്നും എടുത്ത് മകളുടെ കൈയില്‍ കൊടുത്ത് പറഞ്ഞു.
,,വാപ്പാക്ക് ന്‍റെ മോള് ചെറിയ കുട്ടിന്ന്യാ ..പക്ഷേങ്കില് നാട്ടുകാരുടെ മുമ്പില് ന്‍റെ കുട്ടി വലിയ കുട്ട്യല്ലേ ….
പുസ്തകം വാങ്ങിയോ എന്നോ …. നല്ല കാര്യായി…. ന്‍റെ മോള് പറഞ്ഞ സാധനം വാങ്ങാതെ വന്നാല്‍ എനിക്ക് വീട്ടിലിരിക്കാന്‍ ന്‍റെ മോള് പൊറുതി തരുമോ ?..,,
അവശ്യസാധനങ്ങള്‍ വാങ്ങിയ സഞ്ചിയില്‍ നിന്നും പുസ്തകവും പരിപ്പുവടയുടെ പൊതിയും മകളുടെ നേര്‍ക്ക് നീട്ടിക്കൊണ്ട് ബീരാന്‍കുട്ടി പറഞ്ഞു .
,, ന്നാ ന്‍റെ മോള് പറഞ്ഞ പുസ്തകോം ന്‍റെ മോള്‍ക്ക് ഇഷ്ടമുള്ള പലഹാരവും ,,
ഫര്‍ഹാനയുടെ പുറകിലായി ബീരാന്‍കുട്ടി വീട് ലക്ഷ്യമാക്കി നടന്നു .ഒതുക്കുകല്ല് ചവിട്ടിക്കയറിയപ്പോള്‍ ഫര്‍ഹാനയുടെ ഉമ്മ ചോദിച്ചു ?