Farhanayude Jinn by Midhun Mishaan
നേരം സന്ധ്യയായിട്ടും പുറത്തുപോയ വാപ്പ തിരികെയെത്താത്തതില്‍ പരിഭ്രമിച്ചിരിക്കുകയാണ് ഫര്‍ഹാന….
പൂമുഖത്ത് പഠിക്കുവാനായി ഇരുന്നിട്ട് നേരം ഒത്തിരിയായിരിക്കുന്നു …..
വാപ്പ വരുമ്പോള്‍ പഠിക്കുന്നത് കണ്ടാല്‍ അദ്ദേഹത്തിന് വലിയ സന്തോഷമാണ്….
രാവിലെ മുതല്‍ ശമനമില്ലാതെ മഴ തിമര്‍ത്തു പെയ്തിരുന്നു എന്നാലും ഇടവപ്പാതിയിലെ മഴയ്ക്കിപ്പോള്‍ അൽപ്പം ശമനമുണ്ട് ….
വീടിന്‍റെ മുന്‍വശം മുതല്‍ പാടശേഖരങ്ങളാണ് .നടവരമ്പിലൂടെ അല്പം നടന്ന് പെരുംതോടിനു കുറുകെയുള്ള പാലവും കടന്ന് വീണ്ടും നടവരമ്പിലൂടെ നടന്ന് പള്ളിക്കാടിന്‍റെ ഓരം ചേര്‍ന്നുള്ള ഇടവഴിയിലൂടെ നടന്നാല്‍ പ്രധാന പാതയില്‍ എത്താം….
പള്ളികാടിന്‍റെ അങ്ങേയറ്റത്താണ് ജുമാമസ്ജിദ് സ്ഥിതിചെയ്യുന്നത്. മസ്ജിദിനോട് ചേര്‍ന്ന് കണ്ണെത്താ ദൂരത്തോളമുണ്ട് പള്ളിക്കാട് ….
മയ്യത്തുകള്‍ ഖബറടക്കുമ്പോള്‍ മീസാന്‍ കല്ലുകളുടെ അരികിലായി കുഴിച്ചിടുന്ന മൈലാഞ്ചി ചെടികളും മറ്റുള്ള ചെടികളും പടര്‍ന്നു പന്തലിച്ചതിനാല്‍ ഖബര്‍സ്ഥാന്‍ കാടായി പരിണമിക്കുകയായിരുന്നു …..
അനേകായിരങ്ങള്‍ അന്ത്യനിദ്രയിലുള്ള ഈ പള്ളിക്കാട്ടിലെ ചെടികളും മരങ്ങളും വെട്ടിതെളിക്കുന്ന പതിവില്ല.പള്ളിക്കാടിനോട് ചേര്‍ന്നുള്ള ഇടവഴിയിലൂടെ ആത്മധൈര്യമുള്ളവര്‍ മാത്രമേ രാത്രികാലങ്ങളില്‍ സഞ്ചരിക്കുകയുള്ളൂ….
ഫര്‍ഹാനയുടെ വാപ്പ മത്സ്യ വില്പനക്കാരനായ ബീരാന്‍കുട്ടി അഞ്ചു വകത്ത് നമസ്കാരത്തിനും മസ്ജിദില്‍ പോകും….
സുബഹി നമസ്കാരം കഴിഞ്ഞാണ് അഞ്ചു കിലോമീറ്റര്‍ ദൂരെയുള്ള മത്സ്യച്ചന്തയിലേക്ക് പോകുന്നത് .എന്തിനും ഏതിനും യന്ത്ര വല്‍ക്കരിക്കപ്പെട്ട ഈ കാലത്തും ബീരാന്‍കുട്ടി കാവിന്‍ കുട്ടകളില്‍ വീടുവീടാന്തരം കയറിയിറങ്ങിയാണ് മത്സ്യം വില്പനചെയ്യുന്നത്…..
ബീരാന്‍കുട്ടിയും,മാതാവും,ഭാര്യയും,ഫര്‍ഹാനയും അടങ്ങുന്ന കുടുംബം സന്തോഷത്തോടെയാണ് ജീവിച്ചു പോരുന്നത്.തന്‍റെ പന്ത്രണ്ടാം വയസ്സില്‍ പിതാവിനെ നഷ്ടമായതോടെ ഏഴാം തരത്തിലെ പഠിപ്പ് അവസാനിപ്പിച്ച് കുടുംബം പോറ്റുവാനായി തൊഴിലാളിയാവുകയായിരുന്നു ബീരാന്‍കുട്ടി ….
.പല തൊഴിലുകളും ചെയ്തുവെങ്കിലും മത്സ്യ വില്പനയാണ് ശാശ്വതമായ തൊഴിലായി സ്വീകരിച്ചത് .തന്‍റെ മൂന്ന് സഹോദരികളുടെ വിവാഹം കഴിഞ്ഞതിനു ശേഷമേ താന്‍ വിവാഹിതനാവുകയുള്ളൂ എന്ന അയാളുടെ ശപഥം ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കിയത് മൂലം നാല്പതു വയസ്സ് കഴിഞ്ഞതിനു ശേഷമാണ് ബീരാന്‍കുട്ടി വിവാഹിതനായത്…..
വിവാഹിതനായതിനു ശേഷം കുഞ്ഞുങ്ങള്‍ ഉണ്ടാവതെയിരുന്നതിനാല്‍ ഒരു ഉസ്താദിന്‍റെ നീണ്ട കാലത്തെ ചികത്സയുടെ ഫലമായി അവര്‍ക്കൊരു പെണ്‍കുട്ടി പിറന്നു. ഫര്‍ഹാനയുടെ ജനനത്തോടെ ജീവിതം അര്‍ത്ഥവത്തായത് പോലെ അയാള്‍ക്ക് അനുഭവപ്പെട്ടു …..