ചിറകൊടിഞ്ഞ പക്ഷി 2127

ആ നിമിഷം ആരുടേയും വായില്‍ നിന്ന് ഒരു വാക്കു പോലും വന്നില്ല. മൌനം സമ്മതമായെടുത്ത് ഉണ്ണി സ്നേഹയെ പിടിച്ചു കാറിനുള്ളിലിരുത്തി.പോകുന്നതിനു മുമ്പേ, സ്നേഹ ഉണ്ണിയുടെ കയ്യില്‍ നിന്നു പേന വാങ്ങി ഒരു തുണ്ടു കടലാസില്‍ അഡ്രസ്സും ഫോണ്‍ നമ്പറും എഴുതി അയാള്ക്കു കൊടുത്തിട്ട് പറഞ്ഞു.

“കാണണമെന്നു തോന്നുന്നുമ്പോള്‍ മടിക്കാതെ വരണം, അല്ലെങ്കില്‍ വിളിക്കണം”

കാര്‍ സ്റ്റാര്‍ട്ട് ചെയ്തു ഉണ്ണി ചോദ്യഭാവത്തില്‍ സ്നേഹയുടെ കണ്ണുകളിലേക്ക് നോക്കി.

“ഉണ്ണീ നമുക്ക് അസ്തമയം കണ്ടു തിരിക്കാം.വേഗം അങ്ങോട്ടേക്കെടുക്ക്.”അടുത്തിരുന്ന കുഞ്ഞിന്‍റെ തലയില്‍ അരുമയായി തലോടി കൊണ്ടു സ്നേഹ അവനോട് പറഞ്ഞു.

സ്നേഹതീരത്തിന്‍റെ മെയിന്‍ ഗേറ്റിനു മുന്നില്‍ കാര്‍ നിര്‍ത്തി സ്നേഹയെ അതില്‍ നിന്നിറക്കി വീല്‍ ചെയറിലിരുത്തി കുഞ്ഞിനെ അവളുടെ കയ്യില്‍ കൊടുത്തിട്ട് ഉണ്ണി പറഞ്ഞു.

“ഞാനവിടെ പാര്‍ക്ക് ചെയ്തിട്ടു ഓടിവരാം.അതുവരെ ചേച്ചീം മോനും ഇവിടെ ഇരിക്ക് “

പറഞ്ഞതു പോലെ കാര്‍ പാര്‍ക്ക് ചെയ്തു ഉണ്ണി പെട്ടെന്നു തന്നെ തിരികെ വന്നു. എന്നിട്ട് ടൈല്‍‍‍സ് പാകിയ പ്രതലത്തിലൂടെ മെല്ലെ വീല്‍ചെയറുരുട്ടി ഉള്ളിലേക്ക് പോകുമ്പോള്‍ , തിരത്തള്ളലില്ലാതെ ശാന്തമായ് കിടക്കുന്ന കടലും ചെന്നിറമണിഞ്ഞ സൂര്യനും ഒന്നു ചേരാനൊരുങ്ങുകയായിരുന്നു. അസ്തമയ സൂര്യന്‍റെ അവസാന തുണ്ടും സമുദ്രത്തിലലിയാനായ് താഴ്ന്നിറങ്ങുമ്പോള്‍ ,പ്രഭാതങ്ങളില്‍ കിളികൊഞ്ചലുകള്‍ കേട്ടുണരുന്ന നേരം , മരക്കൊമ്പുകളില്‍ നിന്നു വലിയ തുള്ളികളായ് അടര്‍ന്നു വീഴുന്ന മഞ്ഞുകണങ്ങള്‍ക്കൊപ്പം കിഴക്കു നിന്നെത്തിനോക്കുന്ന ഉദയസൂര്യന്‍ ഉണരുന്നതു തന്‍റെ ഹൃദയത്തിലെന്ന പോലെ സ്നേഹക്കു തോന്നി. അതുവരെ തോന്നാതിരുന്ന ഒരു സുരക്ഷിതത്വബോധം, സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും, ഇരുളടഞ്ഞേക്കാവുന്ന ഭാവിയില്‍ ഒരു തിരിനാളവുമായ് വന്നെത്തിയ വിധിയോട് ആദ്യമായ് മനസ്സുകൊണ്ട് നന്ദി പറയുമ്പോള്‍ , അവളുടെ കൈക്കുള്ളില്‍ അമര്‍ന്നിരുന്ന കുഞ്ഞു കൈകള്‍ ഒരായിരം സ്വപ്നങ്ങളുടെ സാഫല്യമാവുമെന്ന പ്രതീക്ഷയാല്‍ അവളുടെ ഹൃദയം നിറഞ്ഞു തുളുമ്പുകയായിരുന്നു.

2 Comments

  1. സുദർശനൻ

    കഥഇഷ്ടമായി.

  2. need improvment

Comments are closed.