ചിറകൊടിഞ്ഞ പക്ഷി 2127

പിന്നെയും യാത്ര. കുന്നംകുളം എത്താറായപ്പോള്‍ സ്നേഹ വീണ്ടും മൊബൈല്‍ ഫോണിലേക്ക് നോക്കി. സമയം നാല്, നാല്പത്തഞ്ച് . ഇനി എങ്ങിനെ ഓടിയാലും കുറഞ്ഞത് മുക്കാല്‍ മണിക്കൂറെങ്കിലുമാവും അവിടെയെത്താന്‍ .

‘സാരമില്ല. അഞ്ചരക്കെത്തിയാലും സമാധാനമായി അസ്തമയം കണ്ടു തിരിച്ചു വരാം.‘ സ്നേഹ സ്വയം പറഞ്ഞു.

അതിനിടയില്‍ ലക്ഷ്മി ചിറ്റക്ക് വിളിച്ച് രാത്രി എട്ടരയോടു കൂടി അവിടേക്ക് വരുന്നുണ്ടെന്ന് പറഞ്ഞു. വിശേഷങ്ങള്‍ ചോദിക്കാന്‍ നിന്നപ്പോള്‍ വന്നിട്ട് എല്ലാം വള്ളിപുള്ളി വിടാതെ പറഞ്ഞു തരാമെന്ന് പറഞ്ഞു സ്നേഹ ഫോണ്‍ വെച്ചു.

“ഉണ്ണീ , ഇനി കുറച്ചു പതിയെ പോവൂ..“ ചേറ്റുവ ടോള്‍ കഴിഞ്ഞപ്പോള്‍ സ്നേഹ ഉണ്ണിയോട് പറഞ്ഞു,

ശാന്തമായൊഴുകുന്ന, കണ്ണെത്താ ദൂരത്തോളം നീണ്ടു കിടക്കുന്ന പുഴയുടേയും..പുഴക്ക് ഇരുകരയിലുമായി നിറഞ്ഞു നില്‍ക്കുന്ന കേരവൃക്ഷങ്ങളുടെയും , ഭംഗിയാസ്വദിക്കാനെന്ന വണ്ണം ഉണ്ണി വളരെ സാവധാനത്തിലായിരുന്നു കാര്‍ ഡ്രൈവ് ചെയ്തിരുന്നത്.പാലം കടന്നു കുറച്ചു കഴിഞ്ഞപ്പോള്‍ വേഗത്തിലായി യാത്ര. അഞ്ചുമണിയായപ്പോഴേക്കും വാടാനപ്പള്ളിയിലെത്തി.

“ചേച്ചി, ഇത്തിരി കൂടി കഴിഞ്ഞാല്‍ നമുക്ക് ആരോടെങ്കിലും സ്നേഹതീരത്തിലേക്കുള്ള വഴി ചോദിക്കാം ” സ്നേഹയോട് ഡ്രൈവ് ചെയ്യുന്നതിനിടയില്‍ പറഞ്ഞപ്പോള്‍ അവളൊന്നു മൂളി. അവിടെ നിന്നും കുറച്ചു നീങ്ങി ഒരു വളവു കഴിഞ്ഞപ്പോഴേക്കും ചെറിയൊരു ജംഗ്ഷനെത്തിയപ്പോള്‍ ഉണ്ണി വേഗത കുറച്ചു. ബസ്സ് സ്റ്റോപ്പിനടുത്തുള്ള ടാക്സി സ്റ്റാന്‍റിലെ കാറിനടുത്ത് നിര്‍ത്തി ചോദിച്ചു.

“ചേട്ടാ.. ഈ സ്നേഹതീരത്തേക്ക് ഇനി എത്ര ദൂരമുണ്ട്?“

“മൂന്നര കിലോമീറ്ററില്‍ കൂടുതലുണ്ട്. ഇവിടെ നിന്ന് പടിഞ്ഞാറോട്ട് പോയി തമ്പാംകടവിലൂടെ പോകാം. അതല്ലെങ്കില്‍ നേരെ തളിക്കുളത്തേക്ക് പോയാല്‍ നിങ്ങള്‍ക്ക് എളുപ്പമായിരിക്കും. അവിടെ നിന്നു പടിഞ്ഞാറോട്ട് പോകുമ്പോള്‍ ഇടക്കിടെ ദൂരവും റൂട്ടുമെല്ലാം കാണിച്ചുള്ള സൈന്‍ ബോര്‍ഡുകളുണ്ടാവും, കൂടാതെ നല്ല റോഡുമാണ്“

കാര്‍ ഡ്രൈവര്‍ക്ക് നന്ദിയും പറഞ്ഞു ഉണ്ണി കാര്‍ മുന്നോട്ടെടുത്തു.

ചെങ്കല്‍ നിറമണിഞ്ഞ ഹൈസ്ക്കൂള്‍ ഗ്രൌണ്ട് കഴിയാന്‍ നേരം, ഗുല്‍മോഹര്‍ പൂക്കള്‍ മുകളിലും താഴെയുമായ് ചുവപ്പുവിരിയിട്ട പാതയോരവും, സ്കൂളുമെല്ലാം സ്നേഹയുടെ മനസ്സില്‍ വല്ലാത്തൊരു സുഖം നിറച്ചു.

“എത്ര നല്ല സ്ഥലങ്ങള്‍ , അല്ലേ ഉണ്ണീ., കണ്ണിനും മനസ്സിനും വിരുന്നു നല്‍കുന്ന ഈ സ്ഥലത്തുകൂടി എത്ര യാത്ര ചെയ്താലും മതിവരില്ല.“

“ആഹാ..ചേച്ചിക്ക് ഞാന്‍ പേനയും പേപ്പറും വാങ്ങി തരട്ടെ. ഇപ്പോ തന്നെ എഴുതി തുടങ്ങിക്കോ “

അവന്‍ അല്പം തമാശയോടെയാണ് പറഞ്ഞതെങ്കിലും, സ്നേഹയുടെ ഉള്ളിലും ആ ഒരു മോഹമുണ്ടായിരുന്നു.

“ദാ ചേച്ചി സ്നേഹതീരം സൈന്‍ ബോഡ്. “ പറഞ്ഞതും ഉണ്ണി കാര്‍ ബീച്ച് റോഡിലേക്ക് തിരിച്ചു.

മുഖമെല്ലാം തുടച്ചു, ഡ്രെസ്സെല്ലാം നേരെയാക്കി സ്നേഹയും കൌതുകത്തോടെ തലയുയര്‍ത്തി.ഒരുപാട് വളവുകളും തിരിവുകളുമുള്ള റോഡിലൂടെ കാറിനു വിചാരിച്ച വേഗത കിട്ടാത്തതു കാരണം ഉണ്ണി ഇടക്കിടെ എന്തൊക്കെയോ പിറുപിറുക്കുന്നുണ്ടായിരുന്നു.

“സ്നേഹതീരം“എന്ന വലിയ സൈന്‍ ബോഡ് കുറച്ചകലെ കണ്ടപ്പോള്‍ ഉണ്ണി നെടുവീര്‍പ്പോടെ പറഞ്ഞു.

“ചേച്ചി, സ്ഥലമെത്തി”

കാര്‍ നിര്‍ത്തിയപ്പോഴേക്കും, റോഡിനടുത്തുള്ള വീട്ടില്‍ ഒരു വലിയ ആള്‍ക്കൂട്ടം. പലരുടെയും ശബ്ദം ഉയര്‍ന്നു കേള്‍ക്കുന്നുണ്ട്.പക്ഷേ ഒന്നും വ്യക്തമായിട്ടു കേള്‍ക്കുന്നില്ല.

“ഉണ്ണീ .. ഒന്നു പോയി നോക്കിയേ..എന്താണെന്ന്.” മനസ്സിലിരുന്നു ആരോ പറഞ്ഞു ചെയ്യിക്കുന്നതു പോലെയാണ് സ്നേഹക്കു തോന്നിയത്.

മറ്റുള്ളവരുടെ സ്വകാര്യതകളിലേക്ക് ഇതുവരെ എത്തി നോക്കിയിട്ടില്ല..പക്ഷേ..ഇപ്പോള്‍ ….

“ ചേച്ചി…അതു വല്ലാത്തൊരു പ്രശ്നമാ, ഒരു കുഞ്ഞിനെ ചൊല്ലിയാ സംസാരം. “

എവിടെ നിന്നോ വന്നു, മൂന്നുനാലു മാസങ്ങളായ് വാടകക്ക് വീടെടുത്ത് താമസിച്ചിരുന്ന അച്ഛനും അമ്മയും നാലുവയസ്സുകാരനായ ഒരു കുഞ്ഞും. കടക്കെണി മൂലം അച്ഛനും അമ്മയും ഇന്നു രാവിലെ വിഷം കഴിച്ചു മരിച്ചു. മരിക്കുന്നതിനു മുമ്പേ ഒരു കുറിപ്പ് കുഞ്ഞിന്‍റെ പോക്കറ്റില്‍ വെച്ചു കൊടുത്തിരുന്നു.അതില്‍ ഇങ്ങിനെ എഴുതിയിരുന്നു.

‘ഒരിക്കലും തീര്‍ക്കാന്‍ പറ്റാത്തത്രയും കടം കൊണ്ടു ശ്വസിക്കാന്‍ പോലുമാവാത്ത അവസ്ഥയിലാണ് ഞങ്ങള്‍ . ഇനി കണ്മുന്നില്‍ ഒരു വഴിയേയുള്ളൂ..മരണം. ഇത്രയും കാലം ഞങ്ങള്‍ ജീവിച്ചു, ജീവിതമെന്തെന്നറിഞ്ഞു. സന്തോഷത്തേക്കാള്‍ ദുഃഖങ്ങളും വേദനയും മാത്രമാണ് കൂടെയുണ്ടായിരുന്നത്. ബന്ധമെന്നോ സ്വന്തമെന്നോ പറയാന്‍ ആരുമില്ല ഞങ്ങള്‍ക്ക്. ജനിച്ചിട്ടിതുവരെ ജീവിതമെന്തെന്നറിയാത്ത ഞങ്ങളുടെ പൊന്നുമോനെ ഇല്ലാതാക്കാന്‍ മനസ്സു വരുന്നില്ല. കരുണയും സ്നേഹവുള്ള ആരെങ്കിലും ഞങ്ങളുടെ മോനെ ഏറ്റെടുക്കുമെന്ന് കൊതിച്ച് ഞങ്ങള്‍ പോകുന്നു.“

പോലീസു വന്നു നിയമ നടപടികളൊക്കെ പൂര്‍ത്തിയാക്കി പിന്നെ വരാമെന്നു പറഞ്ഞു പോയി. നാട്ടുകാരുടെ സഹകരണത്തോടെ ശവം മറവു ചെയ്തു.എല്ലാം കഴിഞ്ഞപ്പോള്‍ കുട്ടിയുടെ കാര്യത്തില്‍ സംസാരം നടക്കുന്നു.ആരെ ഏല്‍പ്പിക്കണം, ആരു സം‍രക്ഷിക്കും. എന്നിങ്ങനെയുള്ള സംസാരമാണ് നടക്കുന്നത്. ചിലര്‍ പറയുന്നു അനാഥാലയത്തിലേക്കയക്കാമെന്ന്.ചിലര്‍ പറയുന്നു എല്ലാവര്‍ക്കും കൂടി ഏറ്റെടുക്കാമെന്ന്. പക്ഷേ. ആരുമാരും മുന്നോട്ട് വരുന്നില്ല.

“ചേച്ചീ.. വണ്ടി മെയിന്‍ ഗേറ്റിനു മുന്നിലുള്ള സ്ഥലത്തും പാര്‍ക്ക് ചെയ്യാമെന്നു തോന്നുന്നു. അങ്ങോട്ടേക്കെടുക്കട്ടേ?” ഡ്രൈവിംഗ് സീറ്റില്‍ കയറിയിരുന്നു ഉണ്ണി ചോദിച്ചു.

“നിക്ക് ഉണ്ണീ, ആ കുഞ്ഞിനെ എനിക്കൊന്നു കാണണം” വളരെ ആര്‍ദ്രമായ സ്വരത്തോടു കൂടി സ്നേഹ ഉണ്ണിയോട് പറഞ്ഞു.

“എന്താ ചേച്ചി ഉദ്ദേശിക്കുന്നത്“ അല്പം സംശയത്തോടു കൂടി ഉണ്ണി ചോദിച്ചു.

“എനിക്കൊന്നു കാണണം. അവിടെയുള്ളവരോട് പറഞ്ഞ് ഒന്നു കൂട്ടി കൊണ്ടുവാ.അല്ലേല്‍ ഞാന്‍ വരാം അങ്ങോട്ട്..”

“ചേച്ചിയവിടെ ഇരുന്നോ. ഞാന്‍ കൂട്ടികൊണ്ടു വരാം..”എന്നു പറഞ്ഞ് ഉണ്ണി പെട്ടെന്നു കാറില്‍ നിന്നിറങ്ങി.

2 Comments

  1. സുദർശനൻ

    കഥഇഷ്ടമായി.

  2. need improvment

Comments are closed.