ഉണ്ണിക്കറിയാം, ആ മനസ്സിലെന്താണെന്ന്. അതുകൊണ്ടു തന്നെ കൂടുതലൊന്നും ചോദിക്കാന്‍ അവന്‍ ആഗ്രഹിച്ചില്ല. എത്രയോ രാത്രികളില്‍ ചേച്ചിയെ കുറിച്ചാലോചിച്ച് കിടന്നു തലയിണ നനച്ചിരിക്കുന്നു. ഓര്‍മ്മ വെച്ച നാള്‍ മുതല്‍ കാണുന്നതാണ് ആ മുഖം. അനുഭവിക്കുന്നതാണ് ആ സ്നേഹം. തോട്ടത്തില്‍ പണിയെടുക്കാന്‍ വരുന്ന ആദിവാസി സ്ത്രീകളെ പോലും പേരിനോടൊപ്പം അമ്മ എന്നു കൂട്ടി ചേര്‍ത്തു മാത്രമേ സ്നേഹ വിളിക്കാറുള്ളൂ.ഇത്രയും നല്ലൊരു മനസ്സുള്ള തന്‍റെ ചേച്ചിക്ക് ദുരന്തങ്ങള്‍ മാത്രമേ എന്നും ഈശ്വരന്‍ നല്‍കിയിട്ടുള്ളൂ എന്നാലോചിച്ചപ്പോള്‍ ഈശ്വരനോട് പോലും അവനു ദേഷ്യം തോന്നി.
കോഴിക്കോടെത്തി, ഗുരുവായൂര്‍ റോഡിലേക്ക് തിരിഞ്ഞു കുറച്ചു കഴിഞ്ഞപ്പോഴേക്കും, മുമ്പില്‍ ഗതാഗതക്കുരുക്ക്. ഇന്നെന്താണാവോ പ്രശ്നം എന്നു മനസ്സില്‍ പിറുപിറുത്തുകൊണ്ട് ഉണ്ണി കാര്‍ സ്റ്റോപ്പ് ചെയ്തു.
“ചേട്ടാ , എന്താ അവിടെ കുഴപ്പം “ റോഡ് സൈഡിലൂടെ പോകുന്ന ഒരു വൃദ്ധനോട് ഉണ്ണി ഉറക്കെ വിളിച്ചു ചോദിച്ചു.
“ഒരു ആക്സിഡന്‍റാ മോനേ. ഓട്ടോറിക്ഷയും ബസും. അച്ഛനും അമ്മയും മോളും, മൂന്നും തീര്‍ന്നൂന്നാ പറയുന്നത്. എല്ലാറ്റിനെം പെറുക്കി കൂട്ടി ആശൂത്രിയിലേക്ക് കൊണ്ടുപോയിട്ടുണ്ട്.” പിന്നെയുമെന്തൊക്കെയോ ആത്മഗതം ചെയ്ത് വൃദ്ധന്‍ നടന്നകന്നു.
ഉണ്ണി മെല്ലെ തിരിഞ്ഞു നോക്കി. പിന്‍സീറ്റില്‍ തലവെച്ചു കണ്ണു തുറന്നു കിടക്കുന്ന സ്നേഹയോട് അവന്‍ ചോദിച്ചു.
“ചേച്ചീ…എന്തേലും കഴിക്കാം നമുക്ക്. ഇതിനി കുറച്ചു നേരം പിടിക്കും ശരിയാവാന്‍ .? “
“ഉണ്ണി പോയി എന്തേലും കഴിച്ചു വാ. ചേച്ചിക്ക് വിശപ്പില്ല “ സ്നേഹ തലയനക്കാതെ പറഞ്ഞു
ഉണ്ണിക്കും വിശപ്പുണ്ടായിരുന്നില്ല. എന്നാലും ചേച്ചിയുടെ ഇപ്പോഴത്തെ അവസ്ഥക്ക് തെല്ലൊരു മാറ്റം കിട്ടിയെങ്കിലോ എന്ന ചിന്ത മനസ്സില്‍ വന്നതു കൊണ്ടായിരുന്നു ഉണ്ണി അങ്ങിനെ ചോദിച്ചത്.
“എനിക്കും വിശപ്പില്ല ചേച്ചി.നമുക്ക് കുറെ കൂടി പോയിട്ട് കഴിക്കാം.” അതും പറഞ്ഞ് ഉണ്ണി സ്റ്റീരിയോ ഓണ്‍ ചെയ്തു.അല്പനേരം കഴിഞ്ഞപ്പോള്‍ മുന്നിലെ വാഹനങ്ങള്‍ക്ക് അനക്കം വെച്ചു തുടങ്ങി. മനസ്സില്‍ ദൈവങ്ങള്‍ക്കു നന്ദി പറഞ്ഞുകൊണ്ട് ഉണ്ണി കാര്‍ മുന്നോട്ടെടുത്തു.
സ്നേഹയുടെ മനസ്സ് അപ്പോഴും അവിടെ നിന്നു വരാന്‍ മടിച്ചു നിന്നു.ബാല്യത്തില്‍ തന്നെ തനിച്ചാക്കി കണ്ണെത്താ ദൂരത്തേക്ക് പറന്നു പോയ ആത്മാക്കളിലൂടെ യാത്ര ചെയ്യുകയായിരുന്നു സ്നേഹ. സ്നേഹം എന്തെന്ന് അറിയാന്‍ തുടങ്ങുന്നതിനു മുന്നേ വിധി തട്ടിയെടുത്ത മൂന്ന് ആത്മാക്കള്‍ വര്‍ഷങ്ങളായ്… അരൂപികളായ് സ്നേഹയുടെ കൂടെ യാത്ര ചെയ്യുന്നു. സങ്കടങ്ങള്‍ കൂട്ടിനെത്തുന്ന രാത്രികളില്‍ തനിയെ കിടന്നു കണ്ണു നിറക്കുമ്പോള്‍ ആശ്വാസവാക്കുമായെത്തുന്ന, അമ്മയും അച്ഛനും പുന്നാര ഏട്ടനും.വര്‍ഷങ്ങളെത്ര കഴിഞ്ഞിട്ടും കാതില്‍ പതിഞ്ഞു കേള്‍ക്കുന്ന അവരുടെ ആശ്വാസവാക്കുകളും, അക്ഷരങ്ങളും, പിന്നെ എണ്ണിയാലൊടുങ്ങാത്ത യാത്രയോടുള്ള അഭിനിവേശവുമാണ് സ്നേഹയെ മരണമെന്ന കോമാളിയില്‍ നിന്നും അകന്നു നില്‍ക്കാന്‍ പ്രേരിപ്പിക്കുന്നത്.സ്നേഹയുടെ മനസ്സിലും ഒന്നേയുള്ളൂ…ഒരുപാട് യാത്ര ചെയ്യുമ്പോള്‍ എന്നെങ്കിലുമൊരിക്കല്‍ , എപ്പോഴെങ്കിലുമൊരിക്കല്‍ , തന്‍റെ എല്ലാമെല്ലാമായ മൂന്ന് ജീവനെ തട്ടിയെടുത്ത വിധിയുടെ കറുത്ത കൈകളുടെ കനിവ് ഒരു ലോറിയുടെയോ, ബസിന്‍റെയോ രൂപത്തില്‍ വന്നു തന്നെ കൂട്ടി കൊണ്ടു പോകുന്ന ദിവസം. സ്വയം മരിക്കാന്‍ പേടിയുണ്ടായിട്ടല്ല. എന്തുകൊണ്ടോ കഴിയുന്നില്ല.
പെട്ടെന്ന് മൊബൈല്‍ ഫോണ്‍ റിംഗ് ചെയ്തു. മറുപുറത്തു ഉഷേച്ചിയാണ്.
“എവിടെയെത്തി മോളെ ഇപ്പോള്‍ ..? “ അറ്റന്‍ഡ് ചെയ്തു ഹെലോ എന്നു പറയുന്നതിനു മുന്നേ ഉഷേച്ചിയുടെ സ്വരം കാതുകളിലേക്കെത്തി
“എത്താറായി ഉഷാമ്മേ. ഇടപ്പാള്‍ കഴിഞ്ഞൂന്നാ തോന്നുന്നെ.“ പറഞ്ഞതും സ്നേഹ ഫോണിലേക്ക് നോക്കി. സമയം 3 കഴിഞ്ഞിരിക്കുന്നു
“വഴിയില്‍ ട്രാഫിക്ക് ബ്ലോക്കില്‍ പെട്ടു ഉഷാമ്മേ, ഞങ്ങള്‍ സ്നേഹതീരത്തേക്ക് പോവാണ്. അതിനു ശേഷം ലക്ഷ്മി ചിറ്റയുടെ വീട്ടിലേക്ക് പോവും.അല്ലെങ്കില്‍ അസ്തമയം കാണാനൊക്കില്ല. അവിടെയെത്തിയിട്ടു വിളിക്കാം ഞാന്‍ . “
നിമിഷ നേരം കൊണ്ടു അത്രയും പറഞ്ഞു സ്നേഹ ഫോണ്‍ കട്ടു ചെയ്തു. കൂടുതല്‍ സംസാരിക്കാന്‍ നിന്നാല്‍ ഊണു കഴിക്കാത്ത കാര്യം കൂടി പറയേണ്ടി വരും. അങ്ങിനെ പറഞ്ഞാല്‍ ഉണ്ണിക്കായിരിക്കും വഴക്ക് മുഴുവന്‍ . നീ ശ്രദ്ധിക്കാഞ്ഞിട്ടാ..പറയാഞ്ഞിട്ടാ എന്നൊക്കെ പറഞ്ഞു അവനു സ്വൈര്യം കൊടുക്കില്ല.
“ഉണ്ണീ, സമയം വൈകി, നമുക്ക് നേരെ സ്നേഹതീരത്തേക്കു പോവാം. ഇനി ലക്ഷ്മിചിറ്റയുടെ വീട്ടില്‍ കയറിയാല്‍ അസ്തമയം കാണാനൊക്കില്ല. അടുത്തു കാണുന്ന കോഫീ ഷോപ്പിനു മുന്നില്‍ നിര്‍ത്തി എന്തേലും കഴിച്ചിട്ടു മതി ഇനി ഡ്രൈവിംഗ്” സ്നേഹ കയ്യില്‍ കരുതിയിരുന്ന വെള്ളം കുടിക്കുന്നതിനിടയില്‍ ഉണ്ണിയോടു പറഞ്ഞു.
പോകുന്ന വഴിക്ക് ഐസ്ക്രീം പാര്‍ലറില്‍ നിന്ന് ജ്യൂസും കട്‍ലറ്റും പാര്‍സല്‍ വാങ്ങികൊണ്ടു വന്നു ഉണ്ണി സ്നേഹക്കു കൊടുത്തു.എന്നിട്ട് നേരെ ഡ്രൈവിംഗ് സീറ്റിലേക്ക് പോയി.
“ഉണ്ണീ, നമുക്കിതു കഴിച്ചിട്ട് പോയാല്‍ മതി. “ പൊതിയഴിച്ച് രണ്ട് കട്‍ലറ്റ് ടിഷ്യൂ പേപ്പറില്‍ വെച്ച് ഉണ്ണിക്ക് നീട്ടികൊണ്ട് സ്നേഹ പറഞ്ഞു.
“നല്ല വിശപ്പുണ്ടല്ലേ ഉണ്ണീ നിനക്ക്..? “ സ്നേഹ ചോദിച്ചപ്പോള്‍ ഒരു കള്ളച്ചിരിയോടെ അവന്‍ നിഷേധഭാവത്തില്‍ തല വെട്ടിച്ചു.
കഥഇഷ്ടമായി.
need improvment