വിശ്വൻ വാഴകൾക്കിടയിൽ നിന്ന് ഉമ്മറത്തേക്ക് നോക്കി.കത്തിമുനയിൽ നിൽക്കുന്ന മകളെക്കണ്ട് വിശ്വന്റെ മനസ്സ് പിടഞ്ഞു.കൂടെ നടന്നവൻ തന്നെ കുഴിവെട്ടുമെന്നു സ്വപ്നേപി കരുതിയിരുന്നില്ല.ആധുനിക രാഷ്ട്രീയത്തിന്റെ പിഴച്ച സന്തതികൾ….!!
“അച്ഛാ…അച്ഛനിങ്ങോട്ട് വരരുതേ…ഇവർ ഞങ്ങളെ കൊന്നോട്ടെ.അച്ഛൻ പൊയ്ക്കോ..എങ്ങോട്ടേലും പൊയ്ക്കോ…വരല്ലേ അച്ഛാ പ്ലീസ് അച്ഛാ..!!
കരഞ്ഞുകൊണ്ടുള്ള മകളുടെ അപേക്ഷ കേട്ട് ഹൃദയം പിളരുന്നതുപോലെ വിശ്വന് തോന്നി.
ഇല്ല…പാടില്ല തനിക്ക് വേണ്ടി തന്റെ മകളും ഭാര്യയും കൊലക്കത്തിക്ക് ഇരയാകാൻ പാടില്ല…അവരില്ലാതായിട്ട് തനിക്കെന്ത് നേടാനാണ്…കീഴടങ്ങുക തന്നെ…!
വിശ്വൻ തിരികെ നടന്നു…മരണമുഖത്തേക്ക് നെഞ്ച് വിരിച്ച് അചഞ്ചലനായി…!!
അവൻ ഭാര്യയേയും മക്കളേയും നിറ കണ്ണുകളോടെ നോക്കി…കണ്ണ് നിറയുമ്പോഴും ആ ചുണ്ടിലൊരു ചിരി ബാക്കിയുണ്ടായിരുന്നുവോ…?
മുറ്റത്തേക്ക് കാലെടുത്തവച്ചതും പിന്നിൽ നിന്നും കുതിച്ചെത്തിയവൻ വടിവാൾ വീശിയതും ഒരുമിച്ചായിരുന്നു.ഇടംതോളിലെ മാംസം വകഞ്ഞുമാറ്റി വാൾത്തല ആഴ്ന്നിറങ്ങി.തോളെല്ല് വെട്ടേറ്റ് തൂങ്ങി.മുറിവിൽ നിന്നും കുതിച്ചൊഴുകിയ രക്തം വെള്ളത്തിലേക്ക് ഇറ്റിറ്റ് വീണു.
പിന്നിൽ നിന്നുള്ള ആക്രമണം അപ്രതീക്ഷിതമായിരുന്നതിനാൽ വിശ്വൻ മുന്നോട്ട് വേച്ച് ചെളിവെള്ളത്തിലേക്ക് വീണു..തളംകെട്ടിനിന്ന വെള്ളത്തിൽ അലകളുയർന്നു. ഭയന്നോടിയവർ സഖാവിനടുത്തേക്ക് കുതിച്ചെത്തി..വീണുകിടന്ന വിശ്വനെ തലങ്ങും വിലങ്ങും വെട്ടി…മനുഷ്യനാണെന്ന് കണക്കാക്കാതെ ചാവുമെന്ന് ഉറപ്പാക്കും വരെ…!
ധീര സഖാവിന്റെ ചോരവീണ് ചെളിവെള്ളം രക്തവർണ്ണമണിയുവാൻ തുടങ്ങി.
ആ കാഴ്‌ച കാണാൻ കരുത്തില്ലാതെ ശാരിയും മക്കളും അലർച്ചയോടെ ബോധമറ്റ് നിലംപതിച്ചു…!!
അസംഖ്യം ട്യൂബുകകൾക്കിടയിൽ യന്ത്ര സഹായത്താൽ ശ്വസിക്കുന്ന തന്റെ പ്രിയപ്പെട്ട സഖാവിനെ ശാരി ചില്ല് ഗ്ലാസിലൂടെ നോക്കി. ദേഹമാസകലം പഞ്ഞികൊണ്ട് പൊതിഞ്ഞൊരു മാംസപിണ്ഡം..അത്രയേറെ വെട്ടുകളേറ്റിരുന്നു ആ ശരീരത്തിൽ.പലയിടത്തും രക്തം പഞ്ഞിയിലേക്ക് പടർന്നിരിക്കുന്നു…പാർട്ടിയെ തിരുത്താൻ നോക്കിയതിനുള്ള ശിക്ഷ…അവൾ വിതുമ്പലടക്കാൻ പാടുപെട്ടു.കൂടെ വന്നവരിലൊരാൾ അവളെപ്പിടിച്ച് ഐ.സി.യു വിന് മുന്നിലെ ഇരുമ്പ് ബഞ്ചിലിരുത്തി…അവൾ മുഖം പൊത്തി കുനിഞ്ഞിരുന്ന് തേങ്ങിക്കരഞ്ഞു ഇരുവശത്തുമായി പ്രാർത്ഥനയോടെ മക്കളും…!!
വൈകുന്നേരമായപ്പോഴേക്കും മരണത്തെ അതിജീവിച്ച് സഖാവ് മിഴികൾ തുറന്നു…മുഖത്താകമാനം തുന്നലുകൾ.ഇത്ര ക്രൂരമായി വെട്ടാൻ മാത്രം എന്ത് തെറ്റാണദ്ദേഹം ചെയ്തത്.അന്നാദ്യമായി സഖാവിന്റെ മിഴികളിൽ നീർമണിയുടെ തിളക്കം കണ്ടു.തന്റെ വാക്ക് കേൾക്കാഞ്ഞതിന്റെ കുറ്റബോധം കൊണ്ടാണെന്നവൾക്ക് തോന്നി.അവൾ കുനിഞ്ഞ് സഖാവിന്റെ നെറ്റിത്തടത്തിൽ ചുണ്ട് ചേർത്തു.തീർത്ഥജലം പോലെ ഒരിറ്റ് കണ്ണീർക്കണം അടർന്ന് വിശ്വന്റെ നെറ്റിയിലേക്ക് വീണു.
പെട്ടെന്ന് ആരോ തന്നെ തട്ടിവിളിക്കുന്നതായി തോന്നിയ ശാരി മിഴികൾ തുറന്നു.പ്രകാശനായിരുന്നു അത്..മുഖമുയർത്തിയ അവൾ കണ്ടു.”ധീര സഖാവിന് വിട’ എന്ന ബാഡ്ജിനൊപ്പം കറുത്ത തുണിക്കീറ് പോക്കറ്റിൽ പിൻ ചെയ്തിരിന്നു.
“സഖാവ് മിഴി തുറന്നു എന്നതും,താൻ ചുംബനം നൽകിയതും വെറും തോന്നലുകൾ മാത്രമായിരുന്നുവോ…? മരണത്തിന് മുന്നിൽ നിന്ന് തന്റെ പ്രിയൻ നെഞ്ചുറപ്പോടെ തിരികെ നടക്കുമെന്ന് നിനച്ചിരുന്നു പക്ഷേ, അതുണ്ടായില്ല…സഖാവ് തന്നെ തോല്പിച്ചു കളഞ്ഞു…!!!
ഇരുകൈകളാലും മക്കളെ ചേർത്ത് പിടിച്ചുകൊണ്ടവൾ പൊട്ടിക്കരഞ്ഞു…!!
ചിലരുടെ തിരോധാനം പ്രകൃതിക്കുപോലും ഉൾക്കൊള്ളാനാവില്ല…അവരെ അത്രമേൽ നെഞ്ചോട് ചേർത്തിരുന്നിരിക്കണം.രാവിലെ തുടങ്ങിയ മഴയാണ്…ഇന്നേരം വരെ തുള്ളി തോർന്നിട്ടില്ല…പ്രകൃതിയുടെ പ്രതിഷേധമെന്ന വണ്ണം..!!
“സഖാവ് വിശ്വൻ’ പ്രദേശത്തുകാർക്ക് ആരായിരുന്നു എന്ന് തെളിയിക്കുന്നതായിരുന്നു കോരിച്ചൊരിയുന്ന പേമാരിയിലും തങ്ങളുടെ പ്രിയ സഖാവിനെ
ഒരുനോക്ക് കാണാൻ ഒഴുകിയെത്തിയ ആയിരങ്ങൾ….!!
കവലയിൽ വച്ചിരുന്ന സഖാവിന്റെ ചിരിക്കുന്ന മുഖമുള്ള ഫ്ളക്സ് ബോർഡിൽ ഇങ്ങിനെ കുറിച്ചിരുന്നു..!!!
“കൊല്ലുവാനുള്ള നിങ്ങളുടെ കരുത്തല്ല…മറിച്ച് മരിക്കുവാൻ കാണിച്ച മനസാണ് യഥാർത്ഥ ധീരത…!!!
സ്നേഹത്തോടെ ;- സജി.കുളത്തൂപ്പുഴ
Good story