സഖാവ് ഭദ്രൻ നടന്നകലുന്നത് ഒരുനിമിഷം നോക്കി നിന്നിട്ട് തിരികെ വീടിന്റെ പടവുകൾ കയറിയ വിശ്വനെ എതിരേറ്റത് ഭയം നിറയുന്ന മിഴികളോടെ നിന്ന ശാരിയായിരുന്നു.
” വേണ്ടായിരുന്നു വിശ്വേട്ടാ…അദ്ദേഹത്തോട് ദേഷ്യപ്പെട്ട് അങ്ങിനെയൊന്നും പറയേണ്ടിയിരുന്നില്ല…!
“ഒന്നുമില്ലെങ്കിലും നീയൊരു സഖാവല്ലേടീ പെണ്ണേ…? ഇങ്ങിനെ പേടിച്ചാലോ ?
” കേൾക്കാനൊരു സുഖമൊക്കെയുണ്ട് വിശ്വേട്ടാ…വലിയ ഗമയിൽ പറയുകയും ചെയ്യാം…പക്ഷേ…ഞാനൊരു സഖാവ് മാത്രമല്ല ഭാര്യയും,രണ്ട് മക്കളുടെ അമ്മയുമാണ്.നമുക്കിത് വേണോ വിശ്വേട്ടാ…തിരുത്താൻ നിൽക്കേണ്ട അവരെന്തോ ആയിക്കോട്ടെ…!!
” ഇന്ത്യയിലെ രാഷ്ട്രീയപ്പാർട്ടികൾ ഇത്രത്തോളം അധ:പ്പതിക്കാനുള്ള കാരണമെന്തെന്ന് നിനക്കറിയുമോ..?
ഇല്ലെന്നവൾതലയാട്ടി.
” നേതൃത്വത്തെ ഭയന്ന് തെറ്റുകൾ ചൂണ്ടിക്കാണിക്കാൻ ആരും തയ്യാറാകാത്തതുകൊണ്ടും..
.ചോദ്യം ചെയ്യപ്പെടില്ല എന്ന ഉത്തമ ബോധ്യം നേതാക്കന്മാർക്ക് ഉള്ളത് കൊണ്ടുമാണ്.തെരുവിൽ നിന്നും ചോദ്യങ്ങൾ ഉയർന്ന് വരണം… തെറ്റുകൾ പൊതുജന മധ്യത്തിൽ വിചാരണ ചെയ്യപ്പെടണം..അതിലൂടെ മാത്രമേ തിരുത്തപ്പെടുകയുള്ളൂ.ഇനിയും വൈകിക്കൂടാ.എനിക്കെന്റെ പാർട്ടിയെ തിരികെ വേണം.എന്നിട്ട് മുഷ്ടിചുരുട്ടി അന്തസോടെ വിളിക്കും ‘ഇൻക്യുലാബ് സിന്ദാബാദ്…!!
“എന്നാലും വിശ്വേട്ടാ…
അത്രയുമായപ്പോഴേക്കും “മതി ഇനിയൊന്നും പറയേണ്ട ‘ എന്ന അർത്ഥത്തിൽ കൈയെടുത്തു വിലക്കി.
“നീ കഞ്ഞിയെടുത്ത് വെക്ക്…ഞാനൊന്ന് മേല് കഴുകി വരാം..
അതും പറഞ്ഞ് വിശ്വൻ തോർത്തുമെടുത്ത് കുളിപ്പുരയിലേക്ക് പോയി.
തിരഞ്ഞെടുപ്പ് വിജ്ഞാപനമായി…വിവിധ പാർട്ടികൾ കൊടിതോരണങ്ങളും,ഫ്ലെക്സും,പോസ്റ്ററുകളും കൊണ്ട് വാർഡിൽ വർണ്ണപ്രപഞ്ചമൊരുക്കി.അവരോടൊപ്പം സ്വതന്ത്ര സ്ഥാനാർത്ഥിയായി സഖാവ് വിശ്വനും.പൊടിപാറുന്ന മത്സരം.അനൗൺസ്‌മെന്റ് വാഹനങ്ങളെ കാരണം ചെവി പൊത്താതെ നടക്കാൻ വയ്യെന്നായി.
മറ്റു പാർട്ടികളുടെ പണക്കൊഴുപ്പിൽ പിടിച്ചു നിൽക്കാൻ വിശ്വനും സംഘത്തിനും കഴിഞ്ഞില്ലെങ്കിലും,ഗൃഹ സന്ദർശനങ്ങളിലൂടെ അവരതിനെ മറികടന്നു.പ്രത്യേകിച്ച് ഒരു പരിചയപ്പെടുത്തലിന്റെ ആവശ്യമുണ്ടായിരുന്നില്ല സഖാവ് വിശ്വന്.നാട്ടുകാർ നെഞ്ചിൽ ചേർത്ത് വച്ച പ്രിയ സഖാവിന്റെ മകനും,നാട്ടിൽ നടക്കുന്ന ഏതൊരു കാര്യത്തിനും മുൻപന്തിയിൽ ഉള്ളതിനാലും…!
യോഗങ്ങളിലെ ആൾക്കൂട്ടം മാതൃ പാർട്ടിക്കാരെ വിറളിപിടിപ്പിച്ചു.അവർ തന്ത്രങ്ങൾ മെനഞ്ഞു.വിശ്വൻ പാർട്ടിവിടാൻ കാരണം അധികാരമോഹം കൊണ്ടാണെന്നും,പാർട്ടി ഫണ്ടിൽ വൻ തിരിമറി നടത്തിയെന്നുമൊക്കെയുള്ള ആരോപണങ്ങൾക്ക് അതേ നാണയത്തിൽ വിശ്വൻ മറുപടി നൽകി…ഇലക്ഷന് ഇനി അധികം നാളുകളില്ല.വിശ്വൻ ജയിച്ചാൽ പലയിടങ്ങളിലുമുള്ള ചെറുതും,വലുതുമായ അസംതൃപ്തർ പാർട്ടിവിട്ട് പുറത്ത് പോകും.പുതിയ കൂട്ടായ്മകളുണ്ടാകും.
അത് പാടില്ല…!!
തിരഞ്ഞെടുപ്പ് അവസാനഘട്ടത്തിലേക്ക് കടക്കുമ്പോൾ ഒരു കാര്യം വ്യക്തം…വിശ്വൻ നല്ല മാർജിനിൽ വിജയിക്കും…നല്ലൊരു ശതമാനം പാർട്ടി വോട്ടുകളും വിശ്വന് തന്നെ വീഴും…ഇനി ചിന്തിക്കാനൊന്നുമില്ല..ഉന്മൂലനം മാത്രമാണ് വിജയത്തിന് തടയിടാനുള്ള ഒരേയൊരു പോംവഴി.ഇനിയും പാർട്ടി വിട്ടുപോകാൻ നിൽക്കുന്നവർക്കൊരു മുന്നറിയിപ്പാകണം വിശ്വന്റെ മരണം…!!
നേരം പാതിര കഴിഞ്ഞിട്ടുണ്ടാകണം…നിറുത്താതെയുള്ള കാളിങ് ബെല്ലിന്റെ ഒച്ചയോടൊപ്പം “സഖാവേ…എന്ന പരിചിതമായ വിളിയും കേട്ട് ശാരി ഉറക്കം വിട്ടുണർന്നു.”ശരത്തിന്റെ വിളിയാണല്ലോ”കട്ടിലിൽ എഴുന്നേറ്റിരുന്നവൾ ചെവിയോർത്തു.മനസ് പെരുമ്പറ മുഴക്കാൻ തുടങ്ങി.ശ്വാസഗതി വല്ലാതെ ഉയർന്നു…ചെറുകാറ്റടിച്ചാൽ പോലും ഭയമാണവൾക്ക്.വിശ്വൻ എവിടേക്കെങ്കിലും പോയാൽ തിരികെയെത്തുന്നത് വരെ മനസിനൊരു സമാധാനവുമില്ല. സാന്ത്വനവാക്കുകൾക്കൊന്നും അവളെ തണുപ്പിക്കാനാകുന്നില്ല.പാർട്ടിവിട്ട് പാർട്ടിയുണ്ടാക്കിയവരുടെ ദുരനുഭവം തങ്ങളേയും പിന്തുടരുമോ എന്ന ഭയം.ഇതൊന്നുമറിയാതെ ഗാഢനിദ്രയിലായിരുന്ന വിശ്വനെ കുലുക്കി വിളിച്ചു.
“വിശ്വേട്ടാ..വിശ്വേട്ടാ…എണീക്ക്…ആരോ വിളിക്കുന്നു..!!
അപ്പോഴും ബെല്ലിന്റെ ഒച്ച നിലച്ചിരുന്നില്ല.അയാൾ മിഴികൾ തുറന്ന് അന്ധാളിപ്പോടെ അവളെ നോക്കി..
” പൂമുഖത്ത് ആരോ…പേടിയാകുന്നു വിശ്വേട്ടാ…!!
“അത്യാവശ്യക്കാർ ആരെങ്കിലുമായിരിക്കും…നീയൊരു ഷർട്ടിങ്ങെടുക്ക്…!!
വിശ്വൻ കട്ടിലിൽ നിന്നെഴുന്നേറ്റു മേശമേലിരുന്ന ജഗ്ഗിൽ നിന്നും അല്പം വെള്ളമെടുത്ത് കുടിച്ച് ശാരി ഷർട്ട് നൽകാൻ താമസിച്ചതിന്റെ ഈർഷ്യയിൽ ഹാങ്കറിൽ നിന്നും ഷർട്ടുമെടുത്ത് പുറത്തേക്ക് നടക്കാൻ തുടങ്ങിയ അവന് കുറുകേ നിന്നുകൊണ്ടവൾ കൈകൂപ്പിയാചിച്ചു…!!
“വേണ്ട വിശ്വേട്ടാ…അങ്ങോട്ട് പോകേണ്ട..ഫോണെടുത്ത് ആരെയെങ്കിലും വിളിക്ക്..പറയുന്നതൊന്ന് കേൾക്ക് എതിര് പറയല്ലേ വിശ്വേട്ടാ…!!
” ശാരീ നീ മാറി നിൽക്ക്…!
അവളെ തള്ളി മാറ്റി
വാതിൽ തുറന്ന വിശ്വൻ കണ്ടത് ഉമ്മറക്കോലായുടെ പുറത്ത് പടിക്കെട്ടിൽ ഭയ ചകിതനായ് നില്ക്കുന്ന ശരത്തിനെയാണ്…!!
“എന്താടാ..എന്ത് പറ്റിയെന്ന് ചോദിച്ചുകൊണ്ട് നീളൻ വരാന്ത മുറിച്ചു അടുത്തേക്ക് നടക്കുന്നതിനിടയിൽ പിന്നിൽ നിന്നുള്ള ശക്തമായ ചവിട്ടേറ്റ് വൈകുന്നേരം പെയ്ത മഴയിൽ മുറ്റത്ത് കെട്ടി നിന്നിരുന്ന ചെളിവെളളത്തിലേക്ക് തെറിച്ചു വീണു.വിശ്വൻ തല ചരിച്ചു നോക്കി.ഉമ്മറത്ത് ഇടത് ഭാഗത്തുള്ള കോൺക്രീറ്റ് തൂണിന് പിന്നിൽ മറഞ്ഞിരുന്ന ചതി താൻ കണ്ടിരുന്നില്ല ശരത്തിലായിരുന്നു ശ്രദ്ധ മുഴുവൻ…തന്റെ അനുജനായി കൊണ്ടുനടന്നവനാണ്…ഈ സമയം കൊണ്ട് ശരത് തന്റെ കർത്തവ്യം നിറവേറ്റി ഇരുളിൽ മറഞ്ഞിരുന്നു.ഒരുനിമിഷത്തെ അമ്പരപ്പിന് ശേഷം കൈകുത്തി എഴുന്നേൽക്കാൻ തുനിയുമ്പോഴേക്കും വാഴത്തോട്ടത്തിൽ പതിയിരുന്ന അക്രമികൾ ഓടിയടുത്തു…അവരുടെ കൈയിലിരുന്ന ആയുധങ്ങൾ നിലാവിൽ മിന്നിത്തിളങ്ങി..അവർ വിശ്വന് ചുറ്റും ചക്രവ്യൂഹം തീർത്തു. കർച്ചീഫുകൊണ്ട് മുഖം മറച്ച നാലുപേരുടെയും കണ്ണുകളിൽ കൊലചെയ്യുവാനുള്ള ത്വര പ്രകടമായിരുന്നു.വടിവാളുമായ് മുന്നോട്ട് കയറിയവനെ…ഇടം കൈ തറയിൽ കുത്തി ഇരുകാലുകൊണ്ടുമുള്ള വിശ്വന്റെ കനത്ത പ്രഹരത്തിൽ ഏത്തവാഴ കന്നിന്റെ തലപ്പും ചതച്ചുകൊണ്ട് തൊടിയിലേക്ക് ഉരുണ്ടുപോയി.
മക്കളേയും വിളിച്ചുണർത്തി പൂമുഖത്തേക്ക് വന്ന ശാരി ആ രംഗം കണ്ട് ഭയന്ന് നിലവിളിച്ചു. …ശരത്തെവിടെ…? ചതിയായിരുന്നോ ദൈവമേ…!!
ചുറ്റും നിന്നവരെ വിശ്വൻ ചങ്കൂറ്റം കൊണ്ട് എതിരിട്ടു. സഖാവിന്റെ കൈകരുത്തിന് മുന്നിൽ അക്രമികൾ നാലുപാടും ചിതറിയോടി.വാഴത്തോട്ടത്തിലൂടെ ഓടിരക്ഷപെടാൻ ശ്രമിച്ച ഒരുവനെ പിന്തുടർന്ന് കുതിക്കുന്നതിനിടയിൽ പിൻവിളി കേട്ട് വിശ്വൻ നടുങ്ങി നിന്നു.
” വിശ്വാ..ഇരുളിൽ നിന്ന് നീ വെളിച്ചത്തേക്ക് വാ…ഇല്ലെങ്കിൽ നിന്റെ മക്കളും ഭാര്യയും വാളിന്റെ മൂർച്ചയെന്തെന്നറിയും…!
Good story