വിമാനത്തിലെ യാത്രക്കാർ പലരും ഉറങ്ങി കഴിഞ്ഞിരിക്കുന്നു. മേഘങ്ങൾക്കിടയിലൂടെ കരിപ്പൂർ ലക്ഷ്യമാക്കി കുതിച്ചു പായുന്ന വിമാനത്തിന്റെയുള്ളിൽ കണ്ണീര് കൊണ്ടെഴുതി തയ്യാറാക്കിയ ജീവിതം പറയുന്ന അൻവർ തുടർന്ന് പറയാൻ തുടങ്ങി.
“ലീവ് തീരാൻ പിന്നെയും ഒരു മാസത്തിലേറെ ഉണ്ടായിരുന്നു .
സംശയങ്ങൾ വർദ്ധിച്ചതോടെ ഞാൻ എല്ലാവരിൽ നിന്നും അകലുന്നത് പോലെയൊക്കെ തോന്നി . മനസ്സ് പതറിയാൽ അത് നമ്മുടെ ജീവിതത്തിലും പ്രകടമാവുന്നത് സ്വാഭാവികമാണല്ലോ . ഫ്രണ്ട്സ്, കുടുംബം, നാട്ടുകാർ… അങ്ങനെ എല്ലാവരിൽ നിന്നും ഞാനകന്നു.
നമ്മളീ ലോകത്ത് പൂവണിയുമെന്നുറപ്പിച്ച സ്വപ്നങ്ങളൊക്കെ ഒരു സുപ്രഭാതത്തിൽ നഷ്ട്ടപെട്ട് ഒന്നുമല്ലാതാവുമ്പോൾ ഏകാന്തത ആത്മാർത്ഥതയുള്ള കൂട്ടുകാരനായി വരുമെന്ന് പറഞ്ഞത് നേരായിരുന്നു .
ഒരു ലഹരിയും ജീവിതത്തിൽ ഉപയോഗിക്കാൻ പഠിക്കാത്ത എനിക്കന്ന് മൗനവും, ഏകാന്തതയും ഒരു ലഹരിയായി മാറി.
ഒരു ദിവസം എന്റെ വീട്ടുകാർ എനിക്കെന്തോ പറ്റിയിട്ടുണ്ടെന്നും , അവനിങ്ങനെയൊന്നുമല്ലായിരുന്നു എന്നല്ലാം കേൾപ്പിച്ചു പറയുന്നത് കേട്ട അന്നുമുതലാണ് എനിക്കൊന്നുമില്ലെന്നു തോന്നിപ്പിക്കാൻ വീണ്ടും പഴയത് പോലെയാവാൻ ശ്രമിച്ചു തുടങ്ങിയത്. ആര് വേദനിച്ചാലും എന്റെ വീട്ടുകാർ ഞാൻ കാരണം വിഷമിക്കുന്നത് എനിക്ക് സഹിക്കില്ലായിരുന്നു . അത്രത്തോളം വിഷമങ്ങൾ എന്റെ കുടുംബം അനുഭവിച്ചിട്ടുണ്ടെന്ന് എനിക്കും പടച്ചോനും മാത്രമേ അറിയൂ .
അവളെ കുറിച്ചുള്ള തോന്നലുകൾ ഞാൻ ശെരിവെച്ചത് കൊണ്ടാവണം മനസ്സന്ന് എന്റെ കൂടെ നിന്നു . വീട്ടിലേക്ക് പോയ അവൾ തിരിച്ചു വരാൻ ഇനി കുറച്ചു ദിവസങ്ങൾ മാത്രമേ ബാക്കിയൊള്ളൂ . എന്തെങ്കിലും ചെയ്തില്ലെങ്കിൽ ആലോചിച്ചാലോചിച്ച് എനിക്കെന്തെങ്കിലും സംഭവിക്കും എന്നുവരെ തോന്നി തുടങ്ങി .
മനസ്സിൽ തോന്നുന്നത് സത്യമാണോ.. ? അതോ തോന്നൽ മാത്രമാണോ.. ? എന്ന് അറിയാനാഗ്രഹമുണ്ടായിരുന്നെങ്കിലും അതെല്ലാം തോന്നലായിരിക്കണേ എന്ന ഒരൊറ്റ പ്രാർത്ഥന മാത്രമേ എനിക്കുണ്ടായിരുന്നോള്ളൂ പക്ഷേ ‘പടച്ചവൻ എഴുതി തയ്യാറാക്കുന്ന അവന്റെ അടിമകളുടെ ജീവിത നിഘണ്ടുവിൽ എന്റെ കാര്യങ്ങളും പ്രാർത്ഥനക്ക് മായിച്ചു തിരുത്താൻ കഴിയാത്ത വിധം എഴുതി പോയിരുന്നു .’
രണ്ട് മൂന്നു ദിവസം കഴിഞ്ഞതും അവൾ തിരിച്ചു വന്നു . ഞാൻ വീട്ടിലില്ലാത്ത സമയത്തായിരുന്നു അവളെ അവളുടെ വീട്ടിൽ നിന്നാരോ
കൊണ്ട് വന്നാക്കിയത് .
അപ്രാവശ്യം വന്നപ്പോൾ മുതൽ എന്നോടെന്തോ വല്ലാത്ത സ്നേഹമായിരുന്നു അവള്ക്ക് . എനിക്കെന്റെ കിനാവുകൾ പൂക്കുന്നത് പോലെയൊക്കെ തോന്നി . കുറച്ചു ദിവസം നീണ്ടു നിന്ന ആ സ്നേഹം എന്നോട് മാത്രമായിരുന്നത് ഞാൻ ശ്രദ്ധിച്ചു. എന്റെ വീട്ടുകാരോട് പഴയത് പോലെ തന്നെയായിരുന്നു അവളന്നും പെരുമാറി കൊണ്ടിരുന്നത്.
??