ബഹറിനക്കരെ ഒരു കിനാവുണ്ടായിരുന്നു 5 19

വീട്ടിലിങ്ങനെ ഇരിക്കുന്നത് കൊണ്ടാണോ ഇവളിങ്ങനെ എന്ന് തോന്നി എവിടെയെങ്കിലും എന്തെങ്കിലും കാണിക്കാൻ കൊണ്ട് പോയാൽ വണ്ടിയിൽ നിന്നും ഇറങ്ങില്ല. ഇറങ്ങിയാൽ ഒരിടത്തങ്ങനെ നിൽക്കും ഇതൊക്കെ കണ്ട് വല്ല അസുഖവും ആണോ എന്ന സംശയത്തോടെ നടക്കുമ്പോഴാണ് കൂടെയുള്ള ഒരുത്തൻ ഒരു ദിവസം നിന്റെ കെട്യോൾക്ക് തലക്കെന്തെങ്കിലും പ്രശ്നം ഉണ്ടോന്ന് പ്രതീക്ഷിക്കാതെ ചോദിച്ചത്
കാരണം തിരക്കിയപ്പോൾ ” ഒരു ദിവസം വഴിയിൽ വെച്ച് ഇവളെ കണ്ടപ്പോൾ അൻവർ എവിടെ എന്ന് ചോദിച്ചതും അവൾ ചൂടായി കൊണ്ട് പറഞ്ഞത്രേ ” അൻവറിനെ ബാഗിലിട്ട് നടക്കലല്ലേ എന്റെ പണീന്നു ” അവനങ്ങനെ പറഞ്ഞത് കേട്ടപ്പോൾ അവള് നിന്നെ താങ്ങിയതാണ് എന്ന് പറഞ്ഞ് ഞാനാ വിഷയം മാറ്റി.

അൻവറിന്റെ കഥ കേട്ടിരിക്കുന്നതിനിടക്ക്
“ഒരു ഡോക്ടറെ കാണിക്കാൻ ശ്രമിക്കായിരുന്നില്ലേ നിനക്ക്..? ” എന്ന് ഞാൻ ചോദിച്ചപ്പോൾ അവൻ പറഞ്ഞു

ശ്രമിച്ചതാണ്… നല്ല രീതിയിൽ വിളിച്ചപ്പോൾ എന്നെ ആദ്യം കാണിക്കാൻ പറഞ്ഞു പിന്നീട് കുറെ ദിവസം ആ പേരിലായിരുന്നു വഴക്ക് .

ക്ലാസ് കഴിഞ്ഞു വന്നൊരു ദിവസം എനിക്കിന്നു വീട്ടിൽ പോകണം എന്ന് പറഞ്ഞപ്പോൾ ഞാൻ പറഞ്ഞു നാല് ദിവസം ആയിട്ടല്ലേ ഒളളൂ വന്നിട്ട്.?? കുറച്ച് കഴിഞ്ഞിട്ടിനി പോകാം എന്ന് പറഞ്ഞതും എന്റെ ഉപ്പ ചെല്ലാൻ പറഞ്ഞതാ ഞാൻ പോകും എന്ന് പറഞ്ഞവൾ എന്റെ മുഖത്ത് നോക്കി ദേഷ്യം കാണിച്ചപ്പോൾ ഞാനും വിട്ടു കൊടുത്തില്ല . പോയിട്ടുണ്ടെങ്കിൽ ഈ അൻവർ ആരാണെന്നു നീ അറിയും എന്ന് പറഞ്ഞു പേടിപ്പിച്ചു നോക്കി അങ്ങനെയെങ്കിലും അവളൊന്നു മാറി കിട്ടിയാലോ എന്ന് പ്രതീക്ഷിച്ചു . അന്ന് രാത്രി അവൾ ഉറക്കെ കരയുന്നത് കേട്ടാണ് ഞാൻ ഞെട്ടിയുണരുന്നത്.

വീട്ടുകാർ ഉണരുന്നതിനു മുൻപ്‌ കാര്യം തിരക്കിയപ്പോൾ അവൾക്കപ്പോൾ വീട്ടിൽ പോകണമെന്ന് പറയുന്നു.
വെറുതെയൊന്നു ടെസ്റ്റ് ചെയ്യാൻ വേണ്ടി നീ ഡ്രസ്സ്‌ മാറ്റിക്കോ ഞാൻ ഓട്ടോക്കാരനെ വിളിക്കട്ടെ എന്ന് പറഞ്ഞപ്പോൾ ഡ്രസ്സ്‌ മാറ്റാൻ ഒരുങ്ങുന്ന അവളെ കണ്ടപ്പോഴാണ് സുഹൃത്ത് ചോദിച്ച അന്നത്തെ ചോദ്യം സത്യമാണെന്നു ഏറെക്കുറെ ഉറപ്പായത് .
കാരണം
രാത്രി രണ്ട് മണിക്ക് ഒരു വണ്ടിയും കിട്ടില്ലെന്നും ആ സമയത്ത് അവളുടെ വീട്ടിലേക്ക് പോകേണ്ട കാര്യങ്ങളൊന്നും തന്നെ അവളുടെ വീട്ടിൽ ഉണ്ടായിട്ടില്ലെന്നും അറിയാമായിരുന്നു.
ഓട്ടോക്കാരൻ രാവിലെ വരാന്നു പറഞ്ഞ് വിളിച്ചു എന്നും ‌ രാവിലെ പോകാമെന്നും പറഞ്ഞതോടെ കരച്ചിലും വാശിയും നിന്നു. അതായിരുന്നു അവളുടെ ആവശ്യവും.

അങ്ങനെ അവളെ പിറ്റേന്ന് വീട്ടിൽ കൊണ്ടാക്കി വരുന്ന വഴിക്ക് കൂടെ പഠിച്ച ഒരുത്തനുണ്ടായിരുന്നു ആ ഭാഗത്ത് അവനെ ചെന്ന് കണ്ടു . അവളുടെ വീട്ടുകാരെ കുറിച്ച് വെറുതെ അന്വേഷിച്ചപ്പോഴാണ് ആ ഭാഗത്തുള്ള ഒട്ടുമിക്ക വീട്ടുകാരോടും മിണ്ടാതെ അകന്നു നിൽക്കുന്ന കുടുംബമാണ് അവളുടേത് എന്നറിയുന്നത്.

1 Comment

  1. ??

Comments are closed.