അറിയാൻ വൈകിയത് 4 40

‘എന്തിന്റെ പേരിലായാലും താൻ അവളെ വിട്ടുകളയാൻ പാടില്ലായിരുന്നു. അവളുടെ ഭർത്താവ് എന്ന നിലയിൽ ഞാൻ ഇത് തന്നോട് പറയാൻ പാടുള്ളതല്ല, എന്നാലും…
താങ്ക്സ്,എനിക്ക് നല്ലൊരു ജീവിതം തന്നതിന്’

അനിയുടെ ഉള്ളിൽ ഒരു വിങ്ങൽ അനുഭവപ്പെട്ടു. എത്രയോ രാത്രികളിൽ ചിന്തിച്ച കാര്യമാണ്, എന്തിന്റെ പേരിലായാലും അവളെ നഷ്ടപ്പെടുത്താൻ പാടില്ലായിരുന്നു. ഒരുപക്ഷെ ഞാനന്ന് കുറച്ച് കൂടി ഉണർന്നിരുന്നെങ്കിൽ അവളെ വിളിച്ചിറക്കിക്കൊണ്ടുവരാമായിരുന്നു.

ഇല്ല. ഇനി അത് ആലോചിച്ചിട്ട് കാര്യമില്ല, ആലോചിക്കാൻ പാടില്ല. ഇന്ന് അവൾക്കും എനിക്കും വേറെ വേറെ കുടുംബമുണ്ട്.

‘പ്രകാശ് , കാലം ശരിയായ തീരുമാനമെടുക്കും. അങ്ങനെയേ ഞാൻ കരുതുന്നുള്ളു’

‘താങ്ക്സ്, തനിക്ക് അവളോട് ദേഷ്യമൊന്നുമില്ലല്ലോ. ഞങ്ങൾ രണ്ടാളുടെയും ആഗ്രഹമായിരുന്നു അനിയെ ഒന്ന് കാണണമെന്ന്. അതാ വിളിച്ചത്’

കാർ മനോഹരമായൊരു വീടിന്റെ പോർച്ചിൽ നിന്നു.
വാതിൽ തുറന്ന് വന്ന ആ രൂപത്തെ അനി നോക്കി നിന്നു.
ലക്ഷ്മി, അവൾക്ക് ഒരു മാറ്റവും വന്നിട്ടില്ല, അഞ്ച് കൊല്ലങ്ങൾക്ക് മുൻപുള്ള അതേ രൂപം. ഒക്കത്ത് ഒരു സുന്ദരി വാവ.
ലക്ഷ്മി ചിരിച്ച് കൊണ്ട് അനിയെ അകത്തേക്ക് ക്ഷണിച്ചു.

‘അനിയേട്ട, ഏട്ടൻ ആകെ മാറിയല്ലോ?’

കഴിഞ്ഞുപോയ നാളുകളിലെ വിഷമിപ്പിക്കുന്ന ഓർമ്മകളെയെല്ലാം മറന്ന് അവൾ സംസാരിക്കുന്നത് കണ്ടപ്പോൾ അവന് അത്ഭുതം തോന്നി.

‘ഇവിടെ നല്ല ചൂടും മഴയുമൊക്കെയല്ലേ, പോരാത്തതിന് ഒരു പെണ്ണും കെട്ടി’

അധികം വൈകാതെ തന്നെ അവർ മൂന്ന് പേരും അടുത്ത സുഹൃത്തുക്കൾ പോലെ സംസാരിച്ചു തുടങ്ങി. അനിയുടെ മനസ്സിലെ ഭാരം ആവിയായിപ്പോയി. ഇതാണ് ലക്ഷ്മി. ഇവൾക്ക് മാത്രേ ഇങ്ങനെ പറ്റൂ.

ഭക്ഷണമെല്ലാം കഴിഞ്ഞ് പ്രകാശ് അനിയുടെ വിവാഹത്തെപ്പറ്റി ചോദിച്ചു. ദാമ്പത്യത്തിൽ ആശ്വാസരസ്യങ്ങൾ ഉണ്ടെങ്കിലും പൂർവകാമുകിക്ക് മുന്നിൽ അത് പറയണോ എന്ന് അനി ഒരുപാട് ആലോചിച്ചു.
പക്ഷേ, ലക്ഷ്മിക്ക് മുന്നിൽ അവന് ഒന്നും മറച്ച് വെക്കാൻ കഴിയില്ലായിരുന്നു.
ഗീതുവിനെപറ്റി പറയുമ്പോൾ അനിക്ക് ചെറുതായി വിഷമവും തോന്നി. ഭാര്യയുടെ കുറ്റങ്ങൾ മറ്റുള്ളവരോട് പറയുന്ന ഒരു സാധാരണ ആളായി താൻ മാറിയോ എന്ന് അവൻ സംശയിച്ചു.
എങ്കിലും അവിടെ നിന്നിറങ്ങുമ്പോൾ നല്ല രണ്ട് സുഹൃത്തുക്കളെ കിട്ടിയ സന്തോഷത്തിലായിരുന്നു അവൻ.

രണ്ട് ദിവസത്തിന് ശേഷം പ്രകാശ് അനിയെ വീണ്ടും വിളിപ്പിച്ചു.

‘അനിയേട്ടാ, ഏട്ടൻ സ്നേഹിച്ചിട്ടും ആ കുട്ടി അത് അറിയുന്നില്ലെങ്കിൽ വേറെ വഴി ഒന്ന് നോക്ക്’

‘എന്ത് വഴി? അവളെ ഒഴിവാക്കാനോ വേറെ കല്യാണം കഴിക്കാനോ എനിക്ക് പറ്റില്ല. ഇനി ഒരാൾക്ക് കൂടി എന്റെ മനസ്സിൽ സ്ഥാനമില്ല’

‘ഉം, നമുക്ക് ഒരു പരീക്ഷണം നടത്തിനോക്കാം. ബുദ്ധി എന്റെയല്ല, ഏട്ടന്റെയാ. ഏട്ടൻ എന്നെങ്കിലും ഗീതുവിനോട് ദേഷ്യപ്പെട്ടിട്ടുണ്ടോ?’

‘ഇല്ല’

2 Comments

Comments are closed.