എല്ലാം അമ്മയോട് പറഞ്ഞാലോ? വേണ്ട. പാവം ഒരുപാട് വിഷമിക്കും.
ഈശ്വരന്മാരേ എന്നെ കൈവിടല്ലേ.
അവൾ പ്രാർത്ഥനയുമായി കട്ടിലിൽ ഇരുന്നു. അനി അകത്തേക്ക് വന്നു.
‘ഇന്നെന്താടാ നേരത്തേ? എന്തിനാ കാർ കൊണ്ടുവന്നിരിക്കുന്നത്?’
കാർ അനിയുടെ കൂട്ടുകാരന്റെയാണ്, ആള് ഇപ്പൊ ഗൾഫിൽ ആണ്. കാറിന്റെ മേൽനോട്ടം അനിക്കാണ്.
‘ഗീതു കുറച്ച് ദിവസമായി അവളുടെ വീട്ടിൽ പോയി നിൽക്കണം എന്ന് പറയുന്നു. നാളെ ഞായറാഴ്ചയും അല്ലേ, എനിക്കും പോണ്ടല്ലോ’
‘ആ, അത് എന്തായാലും നന്നായി. കല്യാണം കഴിഞ്ഞിട്ട് അവൾ വീട്ടിൽ നിന്നിട്ടില്ലല്ലോ’
‘അവൾ റെഡിയായോ?’
‘അറിയില്ല, റൂമിൽ ഉണ്ട്’
അവൻ റൂമിലേക്ക് നടന്നു.
‘ഗീതു, നീ റെഡിയായോ?’
‘ഏട്ടാ…’
‘ഉം?’
‘എനിക്കൊരു കാര്യം പറയാനുണ്ട്’
‘അത് വണ്ടിയിൽ ഇരുന്ന് പറയാം. രണ്ട് മണിക്കൂർ സമയം ഉണ്ടല്ലോ നിന്റെ വീട്ടിലെത്താൻ’
‘അതല്ല ഏട്ടാ…’
‘പിന്നെ?’
‘ഏട്ടൻ ഇന്നലെ പറഞ്ഞതിനെ പറ്റി ആണ്’
‘അതിന്റെ ബാക്കി ആണല്ലോ ഇത്’
‘എനിക്ക് പറയാനുള്ളത് കേൾക്കാമെന്ന് പറഞ്ഞല്ലോ’
‘അത് വണ്ടിയിൽ വച്ച് പറഞ്ഞാൽ മതി. ചില തീരുമാനങ്ങൾ പെട്ടന്ന് എടുക്കേണ്ടി വരും’
‘ഏട്ടാ, പ്ലീസ്…’
‘ഞാനൊന്ന് കുളിച്ച് വരട്ടെ ‘
അനിയുടെ മുഖത്ത് യാതൊരു വ്യത്യാസവും ഇല്ലായിരുന്നു, എല്ലാം മനസ്സിലുറപ്പിച്ചപോലെ തോന്നിച്ചു.
എല്ലാം തകരുന്നതായി ഗീതുവിന് തോന്നി, ഏത് നിമിഷവും തന്റെ മനോനില തെറ്റാമെന്നും.
അവസാന ശ്രമമെന്നോണം കുളികഴിഞ്ഞിറങ്ങിയ അനിയെ അവൾ മുറുകെ കെട്ടിപ്പിടിച്ചു, അവളുടെ കണ്ണുനീർ അവന്റെ നെഞ്ചിലൂടെ ഊർന്നിറങ്ങി.
‘ഏയ്, എന്തായിത്? വിട്’
‘ഏട്ടാ, പ്ലീസ്. എന്നോട് ക്ഷമിക്ക്, ഞാൻ പറയുന്നതൊന്ന് കേൾക്ക്’
‘ആദ്യം നീ പിടിവിട്’
‘ഏട്ടാ, പ്ലീസ്…’
?
?