‘ഉം, നമ്മൾ പെണ്ണുങ്ങൾ ചിലപ്പോഴൊക്കെ ഒന്ന് താഴ്ന്ന് കൊടുക്കേണ്ടിവരും, അതിൽ സങ്കടപ്പെടണ്ട. സന്തോഷം നിറഞ്ഞ ജീവിതത്തിന് എന്താണോ വേണ്ടത് അത് ചെയ്യുക’
‘ശരി അമ്മേ.
അമ്മേ ഉച്ചയ്ക്ക് ഉള്ളതൊക്കെ ആയോ?’
‘ഇനി പപ്പടം കൂടി കാച്ചാൻ ഉണ്ട്. അവന് പപ്പടം ഇല്ലാതെ പറ്റില്ല’
‘ഏട്ടന്റെ ഇഷ്ടങ്ങളൊക്കെ ഞാൻ പഠിച്ച് വരുന്നതേയുള്ളു, അമ്മ ഒക്കെ പറഞ്ഞ് തരണം ട്ടോ’
‘അതിനെന്താ മോളേ, മോള് അധികം ഒന്നും മിണ്ടാത്തത് കൊണ്ടാ അമ്മയും മിണ്ടാഞ്ഞത്. ചിലർക്ക് അധികം സംസാരിക്കുന്നത് ഇഷ്ടവില്ല. എനിക്ക് എപ്പോഴും ആരോടെങ്കിലും എന്തെങ്കിലും മിണ്ടിയും പറഞ്ഞുമിരിക്കുന്നതാ ഇഷ്ടം’
‘ഇനി അമ്മയ്ക്ക് മിണ്ടാൻ തോന്നുമ്പോൾ എന്നെ വിളിച്ചാൽ മതി’
ഗീതു എഴുന്നേറ്റ് അനിയുടെ തുണിയെല്ലാം അലക്കിയിട്ടു, അത് എന്നും ചെയ്യുന്നതാണെങ്കിലും ഇന്ന് സോപ്പിനൊപ്പം അവളുടെ സ്നേഹംകൂടി ഉണ്ടായിരുന്നു.
ബെഡ് കുടഞ്ഞ് വിരിക്കുമ്പോൾ ആണ് അനി പറഞ്ഞ കാര്യം അവൾക്ക് ഓർമ്മ വന്നത്, സ്റ്റോർ റൂമിൽ നിന്ന് ബെഡ് എടുക്കാൻ പറഞ്ഞിരുന്നു.
അവൾ കട്ടിലിൽ ഇരുന്ന് കുറേ ആലോചിച്ചു, ആ ബെഡ് എടുക്കണോ?
ഏട്ടനോടുള്ള ദേഷ്യമെല്ലാം പോയില്ലേ, ഇനി എന്തിനാ രണ്ട് ബെഡ്?
ഹൊ, എന്നാലും ഏട്ടനെ സമ്മതിക്കണം ഞാൻ പുറത്താവുന്ന ഡേറ്റ് വരെ ഓർത്തിരിക്കുന്നു. അപ്പോ എന്നോട് സ്നേഹമുണ്ട്, വേറെ ബെഡ് എടുക്കാൻ ഇന്നലത്തെ ദേഷ്യത്തിൽ പറഞ്ഞതാകും. ഇന്നലെ രാത്രി നിലത്താണ് ഞാൻ കിടന്നത്, ഉണർന്നപ്പോൾ കട്ടിലിലും ഏട്ടൻതന്നെയാകും എന്നെ മുകളിലേക്ക് എടുത്ത് കിടത്തിയത്. ദേഷ്യം ഉണ്ടെങ്കിൽ അത് ചെയ്യില്ലല്ലോ.
അപ്പോ ഇനി ബെഡ് എടുക്കണ്ട.
അല്ലെങ്കിൽ എടുത്തേക്കാം, ഇനി പറഞ്ഞ കാര്യം അനുസരിച്ചില്ല എന്ന് കരുതി ചീത്ത പറഞ്ഞാലോ.
മാറിമറിഞ്ഞ ചിന്തകൾക്കൊടുവിൽ അവൾ ബെഡ് എടുത്ത് കട്ടിലിനടിയിൽ വച്ചു.
പണിയെല്ലാം തീർത്ത് കുളിക്കാൻ തുടങ്ങുമ്പോഴാണ് അനി കഴിക്കാൻ വന്നത്.
അന്നാദ്യമായി അവൾ വളരെയധികം സ്നേഹത്തോടെയും സന്തോഷത്തോടെയും അനിയ്ക്ക് ചോറ് വിളമ്പിക്കൊടുത്തു.
അനി കഴിച്ച പാത്രത്തിൽ ബാക്കി ചോറൊന്നും ഉണ്ടായിരുന്നില്ലെങ്കിലും അതിന്റെ വക്കിൽ പറ്റിപ്പിടിച്ച നാലഞ്ച് ചോറ് വറ്റുകൾ അവൾ രുചിയോടെ കഴിച്ചു, ആ പാത്രത്തിൽത്തന്നെ ഒരുകയിൽ ചോറിട്ട് കഴിച്ചു.
അച്ഛൻ കഴിച്ച പാത്രത്തിൽ അമ്മ കഴിക്കുമ്പോൾ അനുഭവിച്ചിരുന്ന ആനന്ദം അവൾ അനുഭവിക്കുകയായിരുന്നു.
അനിയ്ക്ക് ഉച്ചക്ക് രണ്ട് മണിക്കൂറോളം റെസ്റ്റ് ഉണ്ട്, ചെറിയൊരു ഉച്ചമയക്കം കഴിഞ്ഞേ തിരിച്ച് പോകൂ.
ഇന്ന് അനിയേട്ടനെ ഉറക്കില്ല, എന്റെ തെറ്റുകൾ ഏറ്റുപറയണം, എന്നും ഏട്ടന്റെ നല്ല ഭാര്യയായി ആ കാൽച്ചുവട്ടിൽ ഉണ്ടാകുമെന്ന് പറയണം, എന്നൊക്കെ കരുതിയാണ് ഗീതു കുളിക്കാൻ കയറിയത്. പക്ഷെ തിരിച്ചിങ്ങുമ്പോഴേക്കും അനി പോയിരുന്നു. വല്ലാത്ത നിരാശയോടെ അവൾ കട്ടിലിൽ ഇരുന്നു. അനിയോട് സംസാരിക്കാനായി അവളുടെ മനസ്സ് തുടിച്ചു. വൈകുന്നേരം അനി വരുന്നത് വരെ കാത്തിരിക്കാൻ അവൾക്കാകില്ലയിരുന്നു.
?
?