അമ്മ കണ്ണ് തുടച്ച്കൊണ്ട് വിദൂരതയിലേക്ക് നോക്കി നിന്നു. ഗീതുവിന്റെ മനസ്സിലേക്ക് ഓടിവന്നത് അമ്മ പറഞ്ഞ ത്യാഗം എന്ന വാക്കാണ്.
ഇത്രയും നാൾ ഞാൻ വിചാരിച്ചത് ഞാൻ വലിയൊരു ത്യാഗം ചെയ്തിട്ടാണ് ഈ കല്യാണം കഴിച്ചത് എന്നാണ്. ആ ത്യാഗത്തിന്റെ പേരിലാണ് ഏട്ടനോടും അമ്മയോടും ദേഷ്യത്തോടെ പെരുമാറിയത്. തെറ്റി, എനിക്ക് തെറ്റിപ്പോയിരിക്കുന്നു. ഞാൻ ചെയ്തത് ത്യാഗമല്ല, അത് എന്റെ തെറ്റിദ്ധാരണയായിരുന്നു. എന്റെ അച്ഛൻ എടുത്ത ഒരു ശരിയായ തീരുമാനം, അതിനെ മനസ്സിലാക്കാൻ പറ്റാതെ പോയതാണ് എന്റെ തെറ്റ്. എന്താണ് ഞാൻ ത്യാഗം ചെയ്തത്, എന്റെ സ്വപ്നങ്ങളോ? യുവതിയായ ഒരു പെണ്ണ് ഒരായിരം സ്വപ്‌നങ്ങൾ കണ്ട്കൂട്ടും, അതല്ലാതെ വേറെന്താണ് എനിക്ക് നഷ്ടപ്പെട്ടത്?
ത്യാഗമെന്ന് ഇത്രയും ദിവസം കരുതിയത് ഒന്നുമല്ല, ലക്ഷ്മിയുടെ ത്യാഗത്തിന് മുന്നിൽ അതൊന്നും ഒന്നുമല്ല. തന്നേക്കാളേറെ തന്റെ കുടുംബത്തെ, തന്റെ അനിയത്തിയെയല്ലേ അവൾ സ്നേഹിച്ചത്? എനിക്ക് വേണ്ടി കഷ്ടപ്പെട്ട അനിയനെ എപ്പോഴെങ്കിലും ഞാൻ സ്നേഹിച്ചിട്ടുണ്ടോ? അവന്റെ വിയർപ്പുതുള്ളികൾ അല്ലേ എന്റെ കഴുത്തിൽ സ്വർണ്ണമാലയായി തിളങ്ങിയത്, എന്നിട്ടും അവനോട് ഞാൻ നന്ദി കാട്ടിയോ?
മനസ്സിന്റെ നിറം നോക്കാതെ തൊലിയുടെമാത്രം നിറംനോക്കി ആളുകളെ വിലയിരുത്താൻ പാടുണ്ടോ?
ഈശ്വരാ ചെയ്തതെല്ലാം തെറ്റായിരുന്നോ?
‘ലക്ഷ്മിമോളുടെ കല്യാണത്തിന് ഞാൻ പോയിരുന്നു, അവൾക്ക് ചേർന്ന ഒരു ചെക്കൻതന്നെയായിരുന്നു. ആഗ്രഹിച്ചത് കിട്ടിയില്ലെങ്കിലും കിട്ടിയതിൽ സന്തോഷം ഉണ്ടാക്കാൻ പറഞ്ഞ് അവളെ അനുഗ്രഹിക്കാനേ എനിക്ക് കഴിഞ്ഞുള്ളു. അനിക്കുട്ടൻ കുറേ ദിവസം വിഷമിച്ചിരുന്നു, ആരോടും ഒന്നും മിണ്ടില്ല, ചിലപ്പോൾ കഴിക്കും, ചിലപ്പോൾ ഇല്ല. ഇടയ്ക്ക് രാത്രി ഈ ഉമ്മറത്ത് വന്നിരിക്കും. അവൻ വീണ്ടും കള്ള് കുടിയിലേക്ക് പോകുമോ എന്ന് ഞാൻ പേടിച്ചു.
വെറുതെയിരിക്കുമ്പോഴാണ് മനസ്സിൽ അനാവശ്യ ചിന്തകൾ വരുന്നതെന്ന് തോന്നിയത് കൊണ്ടാകണം അവൻ സ്വന്തമായി ഒരു വർക്ക് ഷോപ്പ് തുടങ്ങി. മുഴുവൻ സമയവും ജോലിയിൽ ആയിരിക്കും, ഉറങ്ങാൻ മാത്രേ ഇങ്ങോട്ട് വരൂ. പതുക്കെ പതുക്കെ എല്ലാം ശരിയായി. ഒരുവിധത്തിൽ ആണ് അവനെ ഞാൻ പെണ്ണ്കാണിക്കാൻ കൊണ്ടുപോയത്. മോളെ കണ്ടപ്പോൾ എനിക്ക് ലക്ഷ്മിമോളെയാണ് ഓർമ്മ വന്നത്, മോൾക്ക് ലക്ഷ്മിയുടെ ചെറിയൊരു സാദൃശ്യം ഉണ്ട്. ആദ്യം കണ്ടപ്പോഴേ അവനും അത് പറഞ്ഞിരുന്നു. അത്കൊണ്ട് മാത്രമല്ല ട്ടോ മോളെ കെട്ടിയത്. ചിലരെ കണ്ടാൽ നമുക്ക് മനസ്സിൽ എന്തൊക്കെയോ തോന്നില്ലേ, അത് പോലെ മോളെ കണ്ടപ്പോൾ അനിക്കുട്ടന് ഉള്ള പെണ്ണാണെന്ന് തോന്നി.
അമ്മ പറയുന്നത്കൊണ്ട് മോൾക്ക് വിഷമം തോന്നരുത് ട്ടോ..’
‘ഇല്ല, അമ്മ പറഞ്ഞോ?’
‘ലക്ഷ്മി ഞങ്ങൾക്ക് എല്ലാമായിരുന്നു. മോള് അവളുടെ സ്ഥാനത്താണ് വന്നത്, അവൾക്ക് പകരക്കാരിയല്ല. മോള് അവളെപ്പോലെ ആയാൽ പോരാ, അവൾക്കും മേലെ ആവണം. എന്റെ അനിക്കുട്ടന് ഒരിക്കലും തോന്നരുത് ലക്ഷ്മി ഒരു നഷ്ടമാണെന്ന്. അവനായി പിറന്നത് നീയാണെന്നും നിനക്ക് വേണ്ടിയാണ് ലക്ഷ്മിയെ തട്ടിപ്പറിച്ചത് എന്നും അവന് തോന്നണം.
നിങ്ങള്തമ്മിൽ എങ്ങനെയാണെന്ന് അമ്മയ്ക്കറിയില്ല, എന്നാലും പറയാ, വഴക്കിടാതെ, സ്നേഹത്തോടെ , ഒരുമയോടെ എന്നും ജീവിക്കണം’
‘ഈ കഥയൊന്നും എനിക്കറിയില്ലായിരുന്നു അമ്മേ. ഞാൻ ചോദിച്ചതുമില്ല ഏട്ടൻ പറഞ്ഞതുമില്ല. എന്റെ ഭാഗത്ത് എന്തെങ്കിലും വീഴ്ച്ച പറ്റിയിട്ടുണ്ടെങ്കിൽ ഞാൻ ഇനിമുതൽ നോക്കിക്കോളാം അമ്മേ’
?
?