അനാമികയുടെ കഥ 8 [പ്രൊഫസർ ബ്രോ] 315

“ഞാൻ പറഞ്ഞില്ലേ മോളെ…ഇതവൻ ചെയ്തതല്ല,അവൻ പറഞ്ഞത് പോലെ അവൻ പോകുന്ന വഴിക്ക് എങ്ങാനും കണ്ടതാകും എന്റെ ആക്‌സിഡന്റ്…”

“ഇല്ലേട്ടാ…എനിക്കുറപ്പാ …”

“അനൂ…നീ ഒന്ന് നിർത്തുന്നുണ്ടോ ഈ കരച്ചിൽ…കുറെ നേരമായി”

ഗൗതമിന്റെ ശബ്ദം ഉയർന്നപ്പോൾ അനാമികയുടെ കരച്ചിൽ പിടിച്ചു കെട്ടിയതുപോലെ നിന്നു.എന്നാൽ അത് താൽക്കാലികം മാത്രമായിരുന്നു. അടുത്ത നിമിഷം തന്നെ അവൾ വീണ്ടും കരയാൻ തുടങ്ങി മുമ്പത്തേക്കാൾ അധികമായി. ഗൗതം വഴക്ക് പറഞ്ഞത് അവൾക്ക് സഹിക്കാൻ പറ്റുന്നുണ്ടായിരുന്നില്ല

“അപ്പൂ…നീ എന്തിനാ അവളെ വഴക്ക് പറയുന്നത്…നിന്നെ ഇങ്ങനെ കണ്ടതിലുള്ള സങ്കടം കൊണ്ടല്ലേ അവൾ കരയുന്നത്”

അത്രയും സമയം അനാമികയും ഗൗതമും തമ്മിൽ കെട്ടിപ്പിടിച്ചിരിക്കുന്നതും കണ്ട് വാതിൽക്കൽ നിൽക്കുകയായിരുന്ന ലക്ഷ്മിയും സീതയും അവർക്കരികിലേക്ക് വന്നു, അമ്മമാർ രണ്ടും അനാമിക പറഞ്ഞത് ഒന്നും കേട്ടിട്ടില്ല എന്നുള്ളത് അവനൊരു ചെറിയ ആശ്വാസം നൽകി

“അമ്മേ…ഞാൻ എത്ര നേരമായി പറയുന്നു എനിക്കൊന്നും ഇല്ല എന്ന്…വീണ്ടും വീണ്ടും ഇങ്ങനെ കരഞ്ഞുകൊണ്ടിരുന്നാൽ എനിക്കും ഉണ്ടാകില്ലേ വിഷമം…അതെന്താ ആരും മനസ്സിലാക്കാത്തത്…”

തന്റെ കുഞ്ഞിപ്പെങ്ങളോടുള്ള ഒരേട്ടന്റെ എല്ലാ സ്നേഹവും അവന്റെ ആ വാക്കുകളിൽ അടങ്ങിയിരുന്നു,

ഗൗതമിന്റെ വാക്കുകൾ കേട്ട ലക്ഷ്മി പിന്നെ അവനോട് ഒന്നും പറഞ്ഞില്ല,

“അനൂ…മോളെ…നീ ഇങ്ങനെ കരയല്ലേ…ഇങ്ങനെ കരഞ്ഞാൽ നിനക്ക് വല്ല അസുഖവും വരും…അതുകൊണ്ടല്ലേ ഏട്ടൻ മോളെ വഴക്ക് പറഞ്ഞത്…വാ എഴുന്നേൽക്ക് ”

ഗൗതമിന്റെ അരികിൽ മുഖം പൊത്തി കരയുകയായിരുന്ന അനാമികയുടെ മുഖം ലക്ഷ്മി ഉയർത്തി ,

ആ കരഞ്ഞു കലങ്ങിയ കണ്ണുകൾ കണ്ട അവർക്ക് മൂന്ന് പേർക്കും അത് താങ്ങാൻ പറ്റുന്നതായിരുന്നില്ല

“മോളെ…ഏട്ടനോട് ക്ഷമിക്കടാ…ഏട്ടൻ ദേഷ്യപ്പെട്ടതല്ല…സങ്കടം കൊണ്ട് വഴക്ക് പറഞ്ഞതാ…”

ഗൗതമിന്റെ വാക്കുകൾ ഇടറിയിരുന്നു

ഒരു നിമിഷം കൊണ്ട് അനാമിക അവനെ ഇറുകെ കെട്ടിപ്പിടിച്ചു, അവന്റെ നെഞ്ചിൽ അവളുടെ കണ്ണുനീർ ഒഴുകിയിറങ്ങി , അനാമികയുടെ കണ്ണുകൾ നിറയുമ്പോൾ ഗൗതമിന്റെ നെഞ്ച് പൊടിയുകയായിരുന്നു

ഗൗതമിൽ നിന്നും അകന്ന അനാമിക തിരിഞ്ഞ് ലക്ഷ്മിയുടെയും സീതയുടെയും മുഖത്തേക്ക് നോക്കി, അവരുടെ കണ്ണുകളും നിറഞ്ഞിരുന്നു പക്ഷെ അത് അനാമികയുടെയും ഗൗതമിന്റെയും സ്നേഹം കണ്ടിട്ടായിരുന്നു എന്ന് മാത്രം

“നിങ്ങൾ പൊയ്ക്കോ…എനിക്കെന്റെ ഏട്ടന്റെ അടുത്ത് കുറച്ചു സമയം ഒറ്റക്കിരിക്കണം”

സംസാരിച്ചു നിർത്തിയ അനാമിക അവരുടെ മുഖത്തു നിന്നും കണ്ണുകൾ പറിച്ച് വീണ്ടും ഗൗതമിന്റെ മുഖത്തേക്ക് നോക്കി

“പോകാൻ പറ ഏട്ടാ…”

അവൾ സ്വന്തം കൈകൾ കൊണ്ട് തന്റെ കവിളിൽ കൂടി ഒലിച്ചിറങ്ങിയ കണ്ണുനീർ തുടച്ചു

ഗൗതമിന്റെ മുഖത്തേക്ക് നോക്കിക്കൊണ്ടിരുന്ന ലക്ഷ്മിയോടും സീതയോടും പൊയ്ക്കോളാൻ അവൻ കണ്ണുകൊണ്ടു കാണിച്ചതും അവർ അടുക്കളയിലേക്ക് നടന്നു

“മോളെ…അനൂ …”

ഗൗതം അവളുടെ താടിയിൽ പിടിച്ചുയർത്തി അവളുടെ ദൃഷ്ടിയെ തന്നിലേക്ക് ആക്കി

72 Comments

  1. ???❤️❤️

  2. ❤️❤️❤️❤️

    1. പ്രൊഫസർ ബ്രോ

      ♥️♥️♥️

Comments are closed.