അനാമികയുടെ കഥ 8 [പ്രൊഫസർ ബ്രോ] 315

“താങ്കൾ വിളിക്കുന്ന സബ്സ്ക്രൈബർ ഇപ്പോൾ പരിധിക്ക് പുറത്താണ് ”

റിങ് ചെയ്യുന്ന ശബ്ദം പ്രതീക്ഷിച്ചു നിന്ന അനാമിക ആ റെക്കോഡഡ് വോയിസ്‌ കേട്ടതും അരിശത്തോടെ തന്റെ മൊബൈൽ നിലത്തേക്ക് വീശി എറിഞ്ഞു

കുറച്ചു സമയമായി അടക്കിപ്പിടിച്ചുനിന്ന അവളുടെ കരച്ചിൽ ഒരു അലറിച്ച ആയി പുറത്തു വന്നു

“അനൂ…നീ എന്താ ഈ കാണിക്കുന്നത്…അവന് ഒന്നും പറ്റിക്കാണില്ല ഞാൻ ലക്ഷ്മിയെ ഒന്ന് വിളിച്ചു നോക്കട്ടെ,നീ ഒന്ന് സമാധാനപ്പെട്”

അനാമികയുടെ കയ്യിൽ പിടിച്ച് ഉള്ളിലേക്ക് നടന്ന സീത അവളെ സെറ്റിയിൽ ഇരുത്തിയ ശേഷം തന്റെ ഫോൺ എടുക്കുവാനായി മുറിയിലേക്ക് നടന്നു

“ലക്ഷ്മീ…അപ്പു വന്നോ…”

മറുതലക്കൽ ലക്ഷ്മി എടുത്തു എന്ന് മനസ്സിലായതും സീത ആദ്യം ചോദിച്ചത് അതായിരുന്നു

“ഇല്ല…എന്താ സീതേ….ഓഹ്‌ അനുവും വന്നുകാണില്ല അല്ലെ…രണ്ടും കൂടി തെണ്ടി നടക്കുക ആകും താൻ വെറുതെ ടെൻഷൻ അടിക്കേണ്ട അവർ വന്നോളും”

സീതയുടെ വാക്കുകളിലെ പേടി ഗൗതമിനെ കുറിച്ചായിരുന്നു എങ്കിലും അത് അനാമികയെ കുറിച്ച് ഉള്ളതായാണ് ലക്ഷ്മിക്ക് തോന്നിയത്, ഗൗതമിനെക്കുറിച്ച് കൂടുതൽ ഒന്നും അറിയാത്തത് കൊണ്ട് സീതയും അത് തിരുത്തിയില്ല

“എന്നാൽ ശരി ലക്ഷ്മി ഞാൻ പിന്നെ വിളിക്കാം”

ലക്ഷ്മി എന്തോ പറയാൻ തുടങ്ങിയതും അത് കേൾക്കാതെ സീത ഫോൺ കട്ട്‌ ചെയ്തു

സീത വീണ്ടും ഒരിക്കൽക്കൂടി ഗൗതമിന്റെ നമ്പർ ഡയൽ ചെയ്തു, ഫോൺ റിങ് ചെയ്യുന്നത് കേട്ടപ്പോൾ അത്രയും സമയം ഭയത്തോടെ ഇരുന്ന സീതയുടെ മുഖത്ത് ഒരു ചെറിയ ആശ്വാസം വന്നു

“സീതമ്മേ…”

ഗൗതമിന്റെ ശബ്ദം കേട്ടപ്പോൾ തോന്നിയ സന്തോഷം സീതക്ക് പറഞ്ഞറിയിക്കാൻ സാധിക്കാത്തതായിരുന്നു, അവർ ഒരു കയ്യിൽ ഫോണും പിടിച്ചുകൊണ്ട് അനാമികയുടെ അരികിലേക്കു ഓടി

“മോളെ അനൂ…ഇതാ ഏട്ടൻ”

കരഞ്ഞു തളർന്നിരുന്നു അനാമിക ഏട്ടൻ എന്ന വാക്ക് കേട്ടതും ഒരു നിമിഷം കൊണ്ട് ഉന്മേഷം വീണ്ടെടുത്തു,

“ഏട്ടാ…”

അവൾ സന്തോഷം കൊണ്ട് അലറുകയായിരുന്നു, സങ്കടം മാറി സന്തോഷം ആയപ്പോഴും അവളുടെ കണ്ണുകളിൽ നിന്നു വന്നുകൊണ്ടിരുന്ന കണ്ണുനീർ നിലച്ചില്ല

“എന്താ മോളെ…എന്താ പറ്റിയത്…എന്തിനാ നീ കരയുന്നത്…”

“ഏട്ടൻ ഇപ്പൊ എവിടാ… എനിക്കിപ്പോ കാണണം ഏട്ടനെ”

“ഇപ്പഴോ…നമ്മൾ ഇപ്പൊ അല്ലെ കണ്ട് പിരിഞ്ഞത്…പിന്നെന്താ ഇപ്പൊ…അടുത്ത ദിവസം കാണാം”

“ഇല്ല എനിക്കിപ്പോ തന്നെ കാണണം”

അനാമിക കുഞ്ഞ് കുട്ടികളെ പോലെ വാശി പിടിച്ചു കരയാൻ തുടങ്ങി,  ഗൗതമിന് സമ്മതിക്കുക എന്നതല്ലാതെ വേറെ വഴി ഉണ്ടായിരുന്നില്ല

“ആഹ് ശരി … നീ അമ്മയെയും കൂട്ടി വീട്ടിലേക്ക് പോരെ…”

“ഞാൻ വരുവാ…എനിക്കിപ്പോ കാണണം എന്റെ ഏട്ടനെ…വാ അമ്മേ പോകാം…”

അവൾ സീതയുടെ മുഖത്തേക്ക് നോക്കി കെഞ്ചി.

72 Comments

  1. ???❤️❤️

  2. ❤️❤️❤️❤️

    1. പ്രൊഫസർ ബ്രോ

      ♥️♥️♥️

Comments are closed.