അനാമികയുടെ കഥ 8 [പ്രൊഫസർ ബ്രോ] 315

“അത്…അളിയാ…”

“എന്താടോ…താൻ കാര്യം പറ”

“അളിയാ…എനിക്ക് പറയാൻ ഉള്ളത് ഇവിടെ വച്ചു പറയാൻ പറ്റില്ല…നമുക്കൊന്ന് പുറത്തേക്ക് ഇറങ്ങിയാലോ…”

“മ്മ്…ശരി, താൻ വാ..”

വിജയൻ രാഘവനെയും കൂട്ടികൊണ്ട് തന്റെ വീടിന്റെ ടെറസിലേക്ക് നടന്നു.

“ഇനി പറയാല്ലോ…ഇവിടെ നമ്മൾ മാത്രമല്ലേ ഉള്ളു…,”

എങ്ങനെ പറയണം എന്നോ എന്ത് പറയണം എന്നോ അറിയാതെ നിന്ന് ഉരുകുകയായിരുന്നു രാഘവൻ

“എന്താടോ…എന്തായാലും താൻ പറ…,”

ഇതെല്ലാം തൻ ചെയ്ത തെറ്റിന്റെ ഫലം ആണെന്നും ഇതെല്ലാം താൻ തന്നെ അനുഭവിക്കേണ്ടതാണ് എന്നും ഒരിക്കൽക്കൂടി മനസ്സിനെ പറഞ്ഞ് മനസ്സിലാക്കിക്കൊണ്ട് രാഘവൻ സംസാരിച്ചു തുടങ്ങി

“അളിയാ…ഞാൻ പറയാൻ പോകുന്നത് എല്ലാം കേട്ടുകഴിയുമ്പോൾ അളിയൻ എങ്ങനെ പ്രതികരിക്കും എന്നറിയില്ല,പക്ഷെ എനിക്കിത് പറയാതെ ഇരിക്കാൻ ആകില്ല…, എല്ലാം ഞാൻ നേരത്തെ തന്നെ പറയേണ്ടതായിരുന്നു…ഒരുപാട് തെറ്റുകൾ ഞാൻ ചെയ്തിട്ടുണ്ട് അതിൽ അവസാനത്തേതായിരുന്നു സീതയുമായുള്ള വിവാഹം പോലും…, ആ തെറ്റ് എനിക്കവളെ സ്നേഹിച്ചു തിരുത്താൻ സാധിച്ചു എന്നാണ് എന്റെ വിശ്വാസം…, പക്ഷെ തിരുത്താൻ സാധിക്കാത്ത ഒരു തെറ്റിന്റെ പരിണിത ഫലം ഞാൻ ഇപ്പോൾ അനുഭവിക്കുകയാണ്”

രാഘവൻ സംസാരിക്കുന്നതിന്റെ ഇടയിൽ എന്തോ പറയാൻ വന്ന വിജയനെ അയാൾ തടഞ്ഞു

“ഞാൻ പറഞ്ഞ് തീർക്കട്ടെ അളിയാ… എനിക്കിപ്പോഴെങ്കിലും എല്ലാം പറയണം… സീതയായുള്ള വിവാഹത്തിന് മുൻപ് ഞാൻ ഒരുപാട് പെൺകുട്ടികളെ സ്നേഹിച്ചിരുന്നു., അല്ല സ്നേഹം നടിച്ചിരുന്നു എന്നതാണ് സത്യം. അതിൽ ലക്ഷ്മി എന്ന പെൺകുട്ടി. അവൾ ഒരു അനാഥ ആയിരുന്നു അവളുമായി ഞാൻ… ഞാൻ… അളിയാ എനിക്കവളിൽ ഒരു കുട്ടി ഉണ്ടായി എന്നത് ഞാൻ കുറച്ചു നാളുകൾ മുൻപാണ് അറിഞ്ഞത് . അളിയാ…എന്നോട് …എന്നോട് പൊറുക്കണം അളിയാ…”

രാഘവൻ സംസാരിച്ചു അവസാനം എത്തിയപ്പോഴേക്കും അയാളുടെ കണ്ണുകൾ നിറഞ്ഞൊഴുകി തുടങ്ങിയിരുന്നു.

താൻ എല്ലാം പറഞ്ഞവസാനിപ്പിച്ചു കുറച്ചു സമയം കഴിഞ്ഞിട്ടും വിജയനിൽ നിന്നും പ്രതികരണം ഒന്നും കാണാതെയാണ് അയാൾ വിജയന്റെ മുഖത്തേക്ക് നോക്കുന്നത്,.

എന്തോ ആലോചിച്ചുകൊണ്ട് വിദൂരതയിലേക്ക് നോക്കി നിൽക്കുന്ന വിജയനെ കണ്ടതും രാഘവന്റെ ഭയം വീണ്ടും കൂടുവാൻ തുടങ്ങി

“അളിയാ..”

രാഘവൻ വിജയനെ ഒരു ഭയത്തോടെ കുലുക്കി വിളിച്ചു. വിജയന്റെ മുഖത്തു അപ്പോഴും ഒരു നിസ്സംഗ ഭാവം ആയിരുന്നു

“രാഘവാ… താൻ ഈ പറഞ്ഞ കാര്യങ്ങൾ ഒക്കെ ഞാൻ അറിഞ്ഞിരുന്നു ഒരു കാര്യം ഒഴികെ. സീത എന്നോട് പറഞ്ഞത് ലക്ഷ്മിയുടെ കാര്യം മാത്രമാണ്. അതും തനിക്കൊരു അബദ്ധം പറ്റിയതാണ് എന്ന്. പക്ഷെ ഇതൊന്നും ഒരു അബദ്ധം ആയിരുന്നില്ല എന്ന്  മുൻപേ തോന്നിയിരുന്നു ഇപ്പൊ താൻ എല്ലാം പറഞ്ഞപ്പോൾ എനിക്കുറപ്പായി. താൻ എന്നെ മാത്രം അല്ല സീതയെയും ചതിക്കുക അല്ലായിരുന്നോ…,”

വിജയന്റെ ആ ചോദ്യത്തിന് രാഘവന്റെ പക്കൽ മറുപടി ഒന്നും ഉണ്ടായിരുന്നില്ല

“ഇപ്പൊ താൻ വന്നതും, ഇതെല്ലാം പറഞ്ഞതും തന്റെ മകനെക്കൊണ്ട് എന്റെ മകളെ കല്യാണം കഴിപ്പിക്കാൻ അല്ലെ…, തന്റെ മകനും തന്നെപ്പോലെ തന്നെ ആകില്ല എന്ന് എന്താടോ ഒരുറപ്പ്…”

“അളിയാ…ഞാൻ സീതയെ ചതിച്ചിട്ടില്ല. അവൾക്ക് എല്ലാം നേരത്തെ അറിയാമായിരുന്നു. അവളുടെ സ്നേഹം മനസ്സിലാക്കിയപ്പോൾ., അവളിലൂടെ ഞാൻ സ്നേഹിക്കാൻ പഠിച്ചപ്പോൾ, എല്ലാം…ഞാൻ ചെയ്ത തെറ്റുകൾ എല്ലാം ഞാൻ അവളോട് ഏറ്റുപറഞ്ഞിരുന്നു.ഞാൻ അവളോട് പറഞ്ഞതാണ് എന്നെ ഉപേക്ഷിച്ചു പൊയ്ക്കോളൂ എന്ന്. പക്ഷെ അവൾ പറഞ്ഞത് ഇതിന് മുൻപ് എങ്ങനെ ആയിരുന്നു എന്നത് അവൾക്ക് പ്രശ്നമല്ല ഇനി ഇങ്ങനെ ഒന്നും ഉണ്ടാകാതെ ഇരുന്നാൽ മതി എന്നാണ്…ഞാൻ എന്റെ മോളെ സത്യം ഇട്ടു പറയുന്നു അളിയാ അതിന് ശേഷം ഇന്ന് വരെയും ഞാൻ വേറൊരു സ്ത്രീയെ തെറ്റായ രീതിയിൽ നോക്കിയിട്ട് കൂടെയില്ല”

72 Comments

  1. ???❤️❤️

  2. ❤️❤️❤️❤️

    1. പ്രൊഫസർ ബ്രോ

      ♥️♥️♥️

Comments are closed.