അനാമികയുടെ കഥ 8 [പ്രൊഫസർ ബ്രോ] 315

അനാമികയും സീതയും ചേർന്നാണ് അന്ന് വീട്ടിലെ പണികൾ മുഴുവൻ തീർത്തത്, രാവിലെ ചായയുമായി ചെന്ന് വിളിച്ചാൽ മാത്രം ഉറക്കം ഉണരുന്ന തന്റെ മകൾക്ക് കുറച്ചു നാളുകൾ കൊണ്ടുണ്ടായ മാറ്റം സീതയെ അതിശയിപ്പിച്ചിരുന്നു .

എല്ലാത്തിനും അവർ മനസ്സാൽ നന്ദി പറഞ്ഞത് ഗൗതമിനോടും ലക്ഷ്മിയോടും ആയിരുന്നു

“മോളെ ….”

ഹാളിൽ നിന്നും രാഘവന്റെ നീട്ടിയുള്ള ആ വിളി കേട്ടാണ് അനാമിക അടുക്കളയിൽ നിന്നും അങ്ങോട്ടേക്ക് എത്തുന്നത്

കയ്യിൽ ഒരു പ്ലാസ്റ്റിക് കവറുമായി നിൽക്കുന്ന രാഘവനെ കണ്ടതും ഒരു കുഞ്ഞ് കുട്ടിയെപ്പോലെ അത് എന്താണെന്നറിയാനുള്ള ആകാംഷയോടെ അയാളുടെ കയ്യിൽ നിന്നും അത് കൈക്കലാക്കി

“ഇന്നാ…എനിക്ക് വേണ്ട… ഹും….”

ആ പ്ലാസ്റ്റിക് കവർ രാഘവന്റെ കയ്യിൽ തിരിച്ചേൽപ്പിച്ച് പിണങ്ങിയ പോലെ മുഖം വീർപ്പിച്ച് കയ്യും കെട്ടി താഴേക്ക് നോക്കി നിന്നു അനാമിക

“കെട്ടിക്കാൻ പ്രായമായി. എന്നിട്ടും പെണ്ണിന്റെ കുട്ടിക്കളി മാറിയിട്ടില്ല…”

“എല്ലാർക്കും എന്നെ കെട്ടിക്കാൻ എന്താ ഇത്ര തിടുക്കം.., ഞാൻ കുഞ്ഞല്ലേ…എന്തായാലും ആദ്യം എന്റെ ഏട്ടന്റെ കല്യാണം കഴിയട്ടെ എന്നിട്ടല്ലേ എന്റെ…ഹും…”

അവൾ വീണ്ടും പിണക്കം നടിച്ചുകൊണ്ട് ചുണ്ട് കോട്ടി

“ഓഹ്‌ ഒരു കുഞ്ഞ്…, പ്രായം എന്തായെന്നാ വിചാരം…ഇപ്പോഴും ഡയറി മിൽക്ക് കിട്ടിയില്ല എന്നും പറഞ്ഞു കൊതി കുത്തുന്നു…നാണമില്ലല്ലോ അയ്യേ…”

“ഓഹ്‌…എനിക്ക് നാണമില്ല… ഞാൻ അങ്ങ് സഹിച്ചു…”

“നീ മാത്രം സഹിച്ചാൽ പോരല്ലോ…ഞങ്ങളും സഹിക്കണ്ടേ…”

“ഓഹ്‌…അതായിരിക്കും അല്ലെ എന്നെ കെട്ടിച്ചുവിടാൻ ഇത്ര ദൃതി…”

“എന്റെ പൊന്നോ…ഇനി അതിന്റെ പേരും പറഞ്ഞൊരു വഴക്ക് വേണ്ട…ഇതാ നിന്റെ ഡയറിമിൽക്ക്…”

ഷർട്ടിന്റെ പോക്കറ്റിൽ നിന്നും ഒരു ചോക്ലറ്റ് പാക്കറ്റ് അവൾക്ക് നേരെ നീട്ടിയതും അതും തട്ടിപ്പറിച്ചുകൊണ്ടവൾ അടുക്കളയിലേക്ക് ഓടി

അത് കണ്ട് ചിരിച്ചുകൊണ്ട് രാഘവൻ അടുത്തുള്ള സെറ്റിയിൽ ഇരുന്നു.ഒരിക്കൽ തന്റെ കുറുമ്പി ഈ വീടിന്റെ പടി ഇറങ്ങിപ്പോകുമല്ലോ എന്നോർത്തപ്പോൾ അറിയാതെ അയാളുടെ കണ്ണുകൾ നിറഞ്ഞു

“മോളെ…അച്ഛന് ചായ ”

രാഘവൻ അടുക്കളയിലേക്ക് നോക്കി വിളിച്ചു പറഞ്ഞ് ഒരു പത്ത് മിനിറ്റ് കഴിഞ്ഞപ്പോഴേക്കും കയ്യിൽ ആവി പറക്കുന്ന ചായയുമായി അനാമിക അയാളുടെ അരികിൽ എത്തി

“ഇന്നാ അച്ഛാ ചായ…”

അവളുടെ മുഖത്തേക്ക് നോക്കിയ രാഘവന് ചിരി ആണ് വന്നത്, ആർത്തി പിടിച്ചു തിന്ന ചോക്‌ലേറ്റിന്റെ അവശിഷ്ടങ്ങൾ അവളുടെ ചുണ്ടിൽ പറ്റിപ്പിടിച്ചിരുന്നു

“എന്റെ പെണ്ണേ…നിനക്കത് ഒന്ന് ഫ്രിഡ്ജിൽ വച്ചു കുറച്ചു കഴിഞ്ഞ് കഴിച്ചാൽ പോരായിരുന്നോ…ദേ നോക്കിക്കേ ചുണ്ടിൽ മുഴുവൻ ഉണ്ട്…”

രാഘവൻ പറഞ്ഞത് കേട്ടതും അനാമിക തന്റെ നാക്കുകൊണ്ട് ചുണ്ട് മുഴുവൻ തുടച്ചെടുത്തു…

ചുണ്ട് കൂട്ടി ചിരിച്ചുകൊണ്ട് അയാളുടെ മുഖത്തു നോക്കി ഇപ്പൊ എല്ലാം പോയില്ലേ എന്ന പോലെ പുരികം ഉയർത്തി

“ഞാൻ ഒന്നും പറഞ്ഞില്ല…, ആ ചായ ഇങ്ങു തന്നെ ഞാൻ കുടിച്ചോളാം…”

രാഘവന്റെ കയ്യിൽ ചായ നൽകി തിരിച്ചു നടക്കാൻ ഒരുങ്ങിയ അനാമികയെ അയാൾ തനിക്കരികിൽ ആയി പിടിച്ചിരുത്തി

72 Comments

  1. ???❤️❤️

  2. ❤️❤️❤️❤️

    1. പ്രൊഫസർ ബ്രോ

      ♥️♥️♥️

Comments are closed.