അലക്കി ഉണങ്ങിയ തന്റെ തുണികൾ മടക്കി വയ്ക്കുകയായിരുന്നു അച്ചു. അപ്പോഴാണ് അവളുടെ ഫോണിൽ അൺനോൺ നമ്പറിൽ നിന്നും ഒരു കാൾ വരുന്നത്
“ഹലോ…”
അങ്ങേത്തലക്കൽ നിന്നും ഉയർന്ന രീതിയിൽ ശ്വാസം വിടുന്ന ശബ്ദം മാത്രമേ കേൾക്കുന്നുണ്ടായിരുന്നുള്ളു
“ഹലോ…ആരാ…”
“ഹലോ…”
ഒരിക്കൽമാത്രമേ നേരിൽ സംസാരിച്ചിട്ടുള്ളു എങ്കിലും ആ വിറയാർന്ന ശബ്ദത്തിന്റെ ഉടമയെ കണ്ടെത്താൻ അച്ചുവിന് ഒരുപാട് ആലോചിക്കേണ്ടി വന്നില്ല.
കുറച്ചു സമയത്തേക്ക് അവൾക്കും ഒന്നും സംസാരിക്കാൻ ആയില്ല,..
“ഇന്ന് നേരിൽ കണ്ടപ്പോൾ വാ തോരാതെ സംസാരിച്ചിരുന്ന ആളുകൾക്ക് ഇപ്പൊ ഒന്നും സംസാരിക്കാൻ ഇല്ലേ…”
അങ്ങേത്തലക്കൽ നിന്നും അനാമികയുടെ ശബ്ദം കൂടി കേട്ടാപ്പോൾ ഗൗതമിന്റെ ഒപ്പം അനാമിക കൂടി ഉണ്ടെന്ന് അച്ചുവിന് മനസ്സിലായി
“എന്താ ഏട്ടാ വിളിച്ചത്..”
അച്ചു തന്നെയാണ് മൗനം ഭേദിച്ചത്
“ഞാൻ അല്ലെടോ…ഈ പെണ്ണാ വിളിച്ചത്…എന്നിട്ട് താൻ എടുത്തപ്പോൾ എന്റെ ചെവിയിലേക്ക് വച്ചതാ…”
അത് കേട്ടപ്പോൾ അവൾക്ക് സങ്കടം ആണ് ഉണ്ടായത് , ഗൗതം സ്വന്തം ഇഷ്ടപ്രകാരം വിളിച്ചതാണ് എന്ന് കരുതി അച്ചുവിന്റെ മനസ്സിൽ ഒരു ചെറിയ സന്തോഷം തോന്നിയിരുന്നു
“എന്നാൽ പിന്നെ അനുവിന് കൊടുത്തേക്ക്,ഞാൻ അവളോട് സംസാരിച്ചോളാം…”
അവൾ ഒരു ചെറിയ കെറുവോടെ ആണ് അത് പറഞ്ഞത് ,അത് ഗൗതമിനു മനസ്സിലായി എന്ന് തോന്നുന്നു അവൻ അടക്കിപ്പിടിച്ചു ചിരിക്കുന്നത് അച്ചുവിന് കേൾക്കാമായിരുന്നു
“ഏയ്യ്..കുറച്ചു സമയം ഞാൻ സംസാരിച്ചിട്ട് അനുവിന് കൊടുക്കാം…താൻ പറ എന്താ വിശേഷം…”
“ഓഹ്…നമ്മൾ തമ്മിൽ കണ്ടിട്ട് ഇപ്പൊ രണ്ടോ മൂന്നോ മണിക്കൂറുകൾ അല്ലെ ആയിട്ടുള്ളു അതിനുള്ളിൽ എന്ത് വിശേഷം ഉണ്ടാകാനാ…”
“ഒന്നിനും അധികം സമയം ഒന്നും വേണ്ടല്ലോ…ഈ രണ്ട് മണിക്കൂറിനുള്ളിൽ എനിക്ക് എന്തൊക്കെ സംഭവിച്ചു…,ഒരു ആക്‌സിഡന്റ് ഉണ്ടായി…മരണത്തിൽ നിന്നും തലനാരിഴക്ക് രക്ഷപെട്ടു,..,കയ്യിൽ പൊട്ടൽ ഉണ്ടായി., കരഞ്ഞു കൂവി വന്ന ഒരുത്തി ഇപ്പൊ എന്റെ തോളിൽ ചാരിയിരുന്ന് ഞാൻ തന്നോട് സംസാരിക്കുന്നതൊക്കെ കേൾക്കുന്നു…, ഇതൊക്കെ സംഭവിച്ചത് ഈ ചുരുങ്ങിയ സമയത്തല്ലേ ”
ഗൗതം പറഞ്ഞതൊക്കെ ഒരു ഞെട്ടലോടെയാണ് അച്ചു കേട്ടത്,അവൻ പറഞ്ഞത് എന്തൊക്കെയാണെന്ന് മനസ്സിലാക്കാൻ അവൾ ഒരിക്കൽക്കൂടി അത് ഓർത്തെടുക്കേണ്ടി വന്നു .
“ആക്‌സിഡന്റൊ…അയ്യോ…എന്നിട്ട് എന്താ പറ്റിയെ…”
അവൾ അത്രയും സമയം അച്ഛനോടും അമ്മയോടും പറഞ്ഞത് ഒന്നും സത്യമായിരുന്നില്ല എന്ന് അവൾക്ക് തന്നെ മനസ്സിലാക്കാൻ ഗൗതമിന്റെ ആക്‌സിഡന്റ് സഹായിച്ചു. അവൾക്ക് അവനോട് തോന്നിയ സ്നേഹം അവളുടെ ഭയത്തോടെയുള്ള ആ വാക്കുകളിൽ വ്യക്തമായിരുന്നു
“ഒന്നൂല്ലടോ… പറഞ്ഞില്ലേ ,ചെറിയ ആക്‌സിഡന്റ് ആയിരുന്നു.കൈക്ക് ചെറിയ ഒരു പൊട്ടൽ. അത്രമാത്രം…”
“നിങ്ങൾ അനുവിന് കൊടുത്തേ…ഞാൻ അവളോട് സംസാരിച്ചോളാം…”
ഗൗതം തന്നെ സമാധാനിപ്പിക്കാൻ പറയുന്നതാണെന്ന് കരുതി ആണ് അവൾ അനാമികക്ക് ഫോൺ കൊടുക്കാൻ അവനോട് പറഞ്ഞത്
???❤️❤️
❤️❤️❤️❤️
♥️♥️♥️