ബാക്ക്യാമറ ഓൺ ചെയ്തു ഞാൻ അരവിയേയും ജോണ്ടിയേയും പാസ് ചെയ്തു. കൃഷ്ണപ്രിയയിൽ എത്തി.
“നിങ്ങൾക്കീ പെൺകുട്ടിയെ ഓർത്തെടുക്കാൻ പറ്റുന്നുണ്ടോ? “
തുടർന്ന് മറ്റ് ബെഡിൽ കിടക്കുന്നവരേയും കൂടി കാണിച്ചു. തുടർന്ന് മുറിയിൽ ഞങ്ങളെ വ്യക്തമായി കിട്ടത്തക്ക വിധത്തിൽ ഫോൺ ടേബിളിൽ സെറ്റ് ചെയ്തു വെച്ചു.
” ഇവിടുത്തെ സ്റ്റാഫ് നഴ്സിനു പോലും വ്യക്തതയില്ലാത്ത കൃഷ്ണപ്രിയയുടെ രോഗം.അതു പോലെ നിങ്ങളിപ്പോൾ കണ്ട 11 രോഗികളാണിവിടെയുള്ളത്. അവയെല്ലാം നമ്മുടെ സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിൽ നിന്നും കാണാതെ പോയവർ.”
ഞാൻ നഴ്സിനു നേരെ തിരിഞ്ഞു.
“ഇവരെ എല്ലാ സമയവും മയക്കി കിടത്തുന്നതോ അതോ അവർക്ക് ബോധമില്ലാത്തതോ….. “
വാതിൽ ആരോ തുറക്കുന്നു.
ഡോക്ടർ റോഷൻ!
” ഞാൻ പറഞ്ഞാൽ മതിയോ മിസ് വേദാ പരമേശ്വർ? താഴെ വെച്ചേ ഞാൻ കണ്ടതാണ്. ചെറിയൊരു സംശയം തോന്നിയിരുന്നു. എന്തായാലും സിംഹളമാളത്തിലേക്ക് വന്നതല്ലേ. ഞാനൊന്നു സത്ക്കരിക്കാം. ജീവനുണ്ടെങ്കിൽ തിരികെ ഇഴഞ്ഞ് പോവാം. എനിക്കീ സുന്ദരികളെ കാണുമ്പോൾ രക്തയോട്ടം കൂടും ”
പിന്നാലെ കയറിയ തടിമാടന്മാരിലൊരാൾ അരവിയുടെ തലയ്ക്കു തോക്ക് മുട്ടിച്ചു. മറ്റൊരാൾ ജോണ്ടിയുടെ ക്യാമറ പിടിച്ചെടുത്തു തറയിലിട്ടു.
എന്റെ കഴുത്തിനു പിറകിൽ ഒരു റോഷന്റെ ഉശ്ചാസ വായു തട്ടി.
“നിനക്കറിയേണ്ടേ ഇവരെന്താ ഇങ്ങനെ പാതി മയക്കത്തിലായതെന്ന് .ഒന്നിനോടും പ്രതികരിക്കാത്തതെന്ന് .മരിക്കും മുന്നേ നീയതറിഞ്ഞോ”
ചെവിക്കരികിൽ റോഷന്റെ മുരളൽ. അവനറിയാതെ ഞാൻ ഫോണിലേക്ക് പാളി നോക്കി. ബാക് ക്യാം ആയത് ഭാഗ്യം. ഞാൻ മരിച്ചാലും അത് ലോകത്തിനു മുന്നിൽ ആയിരിക്കും. എന്തിനെന്നും ഏതിനെന്നും ലോകമറിയും….
മുടിക്ക് കുത്തിപ്പിടിച്ച് റോഷൻ എന്നെ ചുവരോട് ചേർത്തു നിർത്തി.
” ഇവർക്കെല്ലാം സ്കിസോഫെർണിയ എന്ന അസുഖമാണ്. ഇതാ ഇവളില്ലെ കൃഷ്ണപ്രിയാ വസുദേവ് ഇവളീ സ്കിസോഫെർണിയയിൽ നിന്നും പൂർണമായും മുക്തയായിട്ടുണ്ട്.നഗരത്തിലെ പല ഭാഗത്തു നിന്നുമായി കാണാതെ പോയവരാണിവർ. അവരെ എന്തിന് എപ്പോ എങ്ങനെ എന്ന ചോദ്യമുണ്ടാവും ല്ലേ…. ഇവരെ ഇങ്ങനെ രോഗിയാക്കിയതിൽ ഞാനും പങ്കാളിയാണ്”
ഞാൻ മറുപടി പറഞ്ഞില്ല. പല ബെഡുകളിലും അനക്കം വെച്ചു. അവരെല്ലാം നിർജ്ജീവമായ ഭാവത്തിൽ എന്നെ നോക്കുന്നു.പ്രതികരണ ശേഷി നഷ്ടപ്പെട്ടവർ.!
“ഇനി നിന്റേയും ഇവന്മാരുടേയും അവസ്ഥ എന്താണെന്നറിയോ സ്കിസോഫെർണിയ എന്ന രോഗാവസ്ഥയിലേക്ക് നീയും പോവും. വെറും രണ്ടര മാസം മതി നിന്നെയാ അവസ്ഥയിൽ എനിക്കെത്തിക്കാൻ .”
“നിന്നെക്കൊണ്ടൊരു ചുക്കും കഴിയില്ല “
എന്റെ ശബ്ദമുയർന്നു. എന്റെ കവിളിൽ കുത്തിപ്പിടിച്ചവൻ ചുവരിലൂടെ ഉയർത്തി. കാലുകൾ തറയിൽ നിന്നും ഉയർന്നു. വേദന കടിച്ചമർത്തി ഞാൻ.അരവിന്ദും ജോണ്ടിയും എന്നെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും തടിയന്മാരുടെ ഉരുക്കുമുഷ്ടിയിൽ അവർ ശക്തിയില്ലാത്തവരായി.
നടുവടിച്ച് ഞാൻ തറയിൽ വീണപ്പോഴാണ് അവനെന്നെ വിട്ടു എന്നെനിക്കു മനസിലായത്.
” നീയും നിന്റെ മറ്റവനും ചേർന്ന് എന്നെയങ്ങിരുത്താമെന്ന് കരുതിയത് വെറുതെയായെടി. ഇന്ത്യയിലെ ഒരു സ്റ്റേഷനിലും ഇല്ലെടി എനിക്കെതിരെ ഒരു കേസ്. “
എന്റെ സംശയം ബലപ്പെട്ടിരിക്കുന്നു.