അജ്ഞാതന്‍റെ കത്ത് 8 29

” അങ്ങനെയല്ല അതിനർത്ഥം നമ്മൾ കുറച്ചു കൂടി ഭയക്കേണ്ടിയിരിക്കുന്നു. കൂടുതൽ സെക്യൂരിറ്റി ഉണ്ടാവും അതല്ലെങ്കിൽ അവിടെ പ്രത്യേകമായ CCTV നിരീക്ഷണത്തിലായിരിക്കും.”

“അപകടമാണല്ലേ…”

” ഉം ഒറ്റയ്ക്കാരും നീങ്ങരുത് “

“വേദയുടെ പ്ലാൻ എന്താണ്? നീ പറഞ്ഞത് പോലെ അതിനകത്ത് കൃഷ്ണപ്രിയുണ്ടെങ്കിൽ…… അവരെ എങ്ങനെ രക്ഷിക്കും?…?”

” പോലീസിൽ അറിയിക്കും.അവരിൽ എനിക്കത്ര വിശ്വാസം പോരാത്തതിനാൽ അതിനു മുന്നെ വേറെയൊരു വഴിയുണ്ട്. “

“അതെന്താ?”

“സമയമാകട്ടെ പറയാം. അപ്പോൾ നമ്മൾ തുടങ്ങുകയാണ്.എന്തുവന്നാലും പതറരുത്..”

മൂന്ന് പേരും എഗ്രി ചെയ്തു. മൊബൈൽ ഫോണല്ലാതെ എന്റെ കൈയിൽ മറ്റൊന്നുമുണ്ടായിരുന്നില്ല. ജോണ്ടിയുടെ പുറത്തെ ബാഗിൽ ക്യാമറയും .
ലിഫ്റ്റ് വഴി കയറാൻ ശ്രമിച്ച അരവിയെ ഞാൻ പിന്തിരിപ്പിച്ചു.സ്‌റ്റെപ്പു കയറാനാഞ്ഞപ്പോൾ തിരിക്കിട്ട് ആരോ ഇറങ്ങി വരുന്ന ശബ്ദം. ഞങ്ങൾ എതിർ ദിശയിലേക്ക് തിരക്കിട്ട് നടന്നു. ഇടയ്ക്ക് പിന്തിരിഞ്ഞു നടന്നപ്പോൾ സെക്യൂരിറ്റി യൂണിഫോമിൽ ഒരാൾ സ്റ്റെപ്പിറങ്ങി പോവുന്നത് കണ്ടു.
പോയതിനേക്കാൾ വേഗത്തിൽ ഞങ്ങൾ തിരികെ വന്നു സ്റ്റെപ്പു കയറി. കയറിയ പാടെ അവിടെ എവിടെയെങ്കിലും CC ക്യാം ഉണ്ടോയെന്ന് നോക്കി. ഭാഗ്യം! ഇല്ല. അകത്ത് കടക്കാൻ പറ്റാത്ത വിധം സ്റ്റെപ്പു കഴിയുന്നിടത്ത് ഗ്ലാസിട്ട് ബ്ലോക് ചെയ്തിട്ടുണ്ട്.ഞാൻ പതിയെ തള്ളാൻ ശ്രമിച്ചു. കതക് അകത്തോട്ട് ശകലം നീക്കി. അടുത്ത സെക്കന്റിൽ ആ വാതിൽ തുറക്കപ്പെട്ടു. ഞങ്ങൾ ഗ്ലാസിലേക്ക് ചേർന്നു നിന്നു. സെക്യൂരിറ്റി യൂണിഫോം ധരിച്ചൊരാൾ പുറത്തിറങ്ങി.ഞാൻ അരവിയെ കണ്ണു കാണിച്ചു. അവനയാളുടെ പിന്നിലൂടെ ചെന്ന് വായ പൊത്തിപ്പിടിച്ചു. ഞാൻ ഗ്ലാസ് ഡോറിനകത്തേക്ക് തലയിട്ടു നീണ്ട പാസ്സേജാണ്.ഒരാളെയും കാണാനില്ല. തൊട്ടു മുന്നിൽ ഒരു മുറി കണ്ടു. അതിന്റെ ചാവി ഡോറിൽ തന്നെയുണ്ടായിരുന്നു. ഞാനതിനകത്ത് കയറി നോക്കി. ഒഴിഞ്ഞൊരു മുറി മാത്രം. വീണ്ടും പുറത്തിറങ്ങി.അരവിയോട് സെക്യൂരിറ്റിയെ ആ മുറിയിൽ ലോക് ചെയ്യാൻ പറഞ്ഞു.
സെക്യൂരിറ്റിയെ മുറിയിൽ കൈകളും കാലുകളും പിന്നിലേക്കാക്കി പ്ലാസ്റ്ററൊട്ടിച്ച് കിടത്തി. ശബ്ദിക്കാതിരിക്കാനായി വായയ്ക്കു മീതെയും പ്ലാസ്റ്ററൊട്ടിച്ചു.പുറത്തിറങ്ങി മുറി പൂട്ടി കീ പോക്കറ്റിലിട്ടു.
എല്ലാ മുറികളും ലോക്ഡായിരുന്നു. കുറച്ചു കൂടി മുന്നോട്ടു ചെന്നപ്പോൾ ഡ്യൂട്ടി നഴ്സുമാരുടെ മുറിയിൽ നിന്നുള്ള വെളിച്ചം രണ്ട് പേരുണ്ട്. എന്തോ സംസാരിച്ചിരിക്കയാണ്.അത കഴിഞ്ഞ് ഡ്യൂട്ടി ഡോക്ടറുടെ മുറി. അവിടെ ആരും ഇല്ലായിരുന്നു.
കുറച്ചു കൂടി മുൻപിലേക്ക് ചെന്നപ്പോൾ അടച്ചിട്ട മുറിയിൽ നിന്നും വാതിലിന്റെ വിടവിലൂടെ വെളിച്ചം പുറത്തേക്ക് കണ്ടു. പക്ഷേ മുറി പുറത്തു നിന്നും പൂട്ടിയിരിക്കയാണ്.
കീ ഹോളിലൂടെ ഞാൻ എത്തി നോക്കി ഐസിയു പോലെ സജ്ജീകരിച്ച മുറി ഒന്ന് രണ്ട് രോഗികളുണ്ട് മുഖം വ്യക്തമല്ല. ആരോ നടന്നു വരുന്ന ശബ്ദം. മൂന്ന് പേരും ഇടത്തോട്ടുള്ള കോറീഡോറിലേക്ക് കയറി നിന്നു.നേരത്തെ കണ്ട നഴ്സുമാരിലൊരാൾ ചുണ്ടിൽ പുഞ്ചിരിക്കൊപ്പം ഒരു തമിഴ് മൂളിപ്പാട്ടുമായി വരുന്നു. വെളിച്ചമുള്ള അടച്ചിട്ട മുറി തുറക്കുന്നു.
അകത്തു കടക്കുന്നു ശബ്ദമുണ്ടാക്കാതെ ഞാൻ വാതിൽക്കൽ നിന്നെത്തി നോക്കി. അവിടെ കിടക്കുന്ന ഒരു രോഗിക്കടുത്തായി അവൾ നിൽക്കുന്നു. ആ രോഗി എന്തോ പറയാനായി ആഗ്യം കാണിക്കുന്നു. ടോയ്ലറ്റിൽ പോകണമെന്നാണോ. നഴ്സ് തുണി പൊക്കി നോക്കുന്നു, കുഴപ്പമില്ലാ എന്നാഗ്യം കാണിക്കുന്നു.
ഞാൻ അരവിയെ കണ്ണു കാണിച്ചു സെക്യൂരിറ്റിയെ പിടിച്ച അതേ ലാഘവത്തോടെ നഴ്സിനേയും കീഴ്പ്പെടുത്തി.
അവളുടെ ചെവിക്കരികിലായി ഞാൻ പറഞ്ഞു.

” ശബ്ദിക്കരുത്.കൊന്നുകളയും. സഹകരിച്ചാൽ നിനക്ക് നല്ലത്. “

Updated: September 19, 2017 — 11:56 pm