” നമ്പർ ട്രെയ്സ് ചെയ്ത് വന്നതാണ്. ലൊക്കേഷൻ ഇവിടെയാണെന്നു പറഞ്ഞപ്പോൾ അവളിതിനകത്തുണ്ടാവുമെന്നുറപ്പായിരുന്നു.”
“സാറപ്പോൾ വന്നില്ലായിരുന്നെങ്കിൽ….. “
” ഒന്നും സംഭവിക്കില്ലെടോ അതൊരു പാവം കുട്ടിയാണ്.പെട്ടു പോയതാണ്, അല്ല മന: പൂർവ്വം പെടുത്തിയതാണ്. ഞാനിറങ്ങട്ടെ കുറേയേറെ ജോലികൾ ബാക്കിയാണ്. പിന്നെ MTR ലോക്കറിൽ gold മാത്രമല്ലെ ഉള്ളൂ? “
“അതെ “
“എത്ര പവനുണ്ട്?”
” അമ്പത്തിമൂന്ന് “
“ലോക്കർ നമ്പർ. വിശ്വാസമുണ്ടേൽ പറയുക. ഇന്ന് രാത്രി ആ അമ്പത്തിമൂന്ന് പവൻ അപഹരിക്കപ്പെടും, അതിനു മുന്നേ മാറ്റണം.”
“കീ വീട്ടിലാണുള്ളത് PW **** പോരെ?”
എന്റെ സംസാരം കേട്ടാവാം അലോഷി ചിരിച്ചു.
“വേദ രാവിലെ നമ്മളവനെ പിടിച്ചിരിക്കും ധൈര്യമായി ഉറങ്ങിക്കോ.”
വീടിന്റെ കീയെടുത്തു കൊടുത്ത ശേഷം അവർ പോയി.പിന്നീടെന്തോ ഉറക്കം വന്നില്ല. ചായം പൂശിയ മുഖമുള്ളരാൾ പുറത്തു നിന്ന് കളി നിയന്ത്രിക്കുന്നു.
ഗായത്രീ മേഡത്തിനെ വിളിച്ചപ്പോൾ സ്വിച്ച്ഡ് ഓഫായിരുന്നു. ടീപ്പോയ്മേൽ കാലെടുത്തു വെക്കാനാഞ്ഞ ഞാൻ ഒരു കവർ കണ്ടു ഞെട്ടി. പരിചിതമായ കൈപ്പട .
ഇതാരാവും ഇനിയൊരു പക്ഷേ നാൻസിയാവുമോ കത്തെഴുതിയത്?
എന്റെ പേരു മാത്രം എഴുതിയ ആ കവറെടുത്തു ഞാൻ തുറന്നു. അതിനകത്ത് കുറച്ചു ഫോട്ടോകൾ കണ്ടു. എല്ലാം ഉറങ്ങിക്കിടക്കുന്ന ഫോട്ടോസുകൾ, അതിൽ ഒരു പെൺകുട്ടിയുടെ മുഖം പരിചിതമായി തോന്നി. യെസ് ഇതവൾ തന്നെ. അവളെങ്ങനെ…….?
നഴ്സിംഗ് വിദ്യാർത്ഥിയായ കൃഷ്ണപ്രിയാ വസുദേവ്. ആഴ്ചകളോളം അബോധാവസ്ഥയിലായതിനു ശേഷം ആശുപത്രിയിൽ നിന്നും കാണാതായ പെൺകുട്ടി. അടുത്തത് ഒരു ചെറിയ ആൺകുട്ടിയുടേതാണ്.അത് കഴിഞ്ഞ് അവന്റെ മുഖവുമായി സാമ്യമുള്ള മറ്റൊരു ആൺകുട്ടി അവനേക്കാൾ പ്രായം കുറഞ്ഞത് .
പിന്നെ അപരിചിതമായ നാലു സ്ത്രീകൾ. എല്ലാം പല പ്രായത്തിലുള്ളത്.മൂന്ന് പുരുഷന്മാർ .എല്ലാവരും ഉറങ്ങുകയാണ്. അവരുടെ കിടപ്പുവശം കണ്ടിട്ട് അതൊരു ആശുപത്രി പോലെ തോന്നി. പക്ഷേ അതിലും എന്റെ ശ്രദ്ധയാകർഷിച്ചത്. അവരിൽ ചിലരുടെ കൈകളിൽ ഒന്നു രണ്ടിടത്ത് കണ്ട വയലറ്റ് കലർന്ന കറുപ്പടയാളമാണ്. ആ അടയാളങ്ങളെല്ലാം വെയിനിനു നേരെയായിരുന്നു. ചിലരുടെ കൈകളിൽ അതിന്റെ സ്ഥാനത്ത് കാനുല കണ്ടു. അതിനർത്ഥം അവരുടെ ശരീരത്തിൽ എന്തോ മെഡിസിൻ തുടർച്ചയായി കുത്തിവെക്കുന്നുണ്ടെന്നു തന്നെയല്ലേ.? ഫോട്ടോയ്ക്കൊപ്പമുള്ള
നാലായി മടക്കിയ പേപ്പർ ഞാൻ തുറന്നു.
വേദ,
ക്ഷമിക്കണം. നേരിൽ വരാൻ കഴിയാത്തതിനാൽ മാത്രമാണീ കത്ത് എഴുതുന്നത്. നിനക്കിവരെ രക്ഷിക്കാൻ കഴിയുമെന്ന വിശ്വാസമുള്ളതിനാൽ മാത്രം .ഇവരെയെല്ലാം കേരളത്തിന്റെ പല ഭാഗങ്ങളിൽ നിന്നായി കാണാതെ പോയവരാണ്. പത്രവാർത്തകൾ ഓർത്തുവെക്കുന്ന നിനക്ക് ഈ മുഖങ്ങൾ ഓർത്തെടുക്കാൻ പ്രയാസമുണ്ടാവില്ലെന്നു വിശ്വസിക്കട്ടെ.ഈ ഫോട്ടോ നിന്നെ സഹായിക്കും
സ്നേഹപൂർവ്വം Pr
കത്ത് തീർന്നു.അബോധമായ അവസ്ഥയിൽ ഇവരെല്ലാം മറ്റെവിടെയോ ജീവിച്ചിരിക്കുന്നുണ്ടെന്ന് തന്നെയാണ് അജ്ഞാതന്റെ കത്ത് പറയുന്നത്.
ഫോട്ടോയിലേക്ക് ഞാൻ വീണ്ടും വീണ്ടും സൂക്ഷിച്ചു നോക്കി. എന്തെങ്കിലും ഒരു പഴുതിനായി. ഇളം വയലറ്റിൽ വൈറ്റ് ചെക്ക് പില്ലോകവറും ബെഡ്ഷീറ്റും ദേഹത്തിനു സൈഡിലായി മാത്രം കാണുന്ന ഒരിലയുടെ ഭാഗം. ഞാനത് ഫോട്ടോയെടുത്ത് വാട്സാപ്പിൽ അരവിക്കയച്ചു.