“എന്റെ ഡെലിവറി ടൈംപോലും സജീവ് ടൂറിലായിരുന്നു. അപ്പോൾ കൂട്ടുനിൽക്കാൻ വന്ന തുളസിയാണ് പിന്നീട് എന്റെ ജീവിതം മാറ്റിയത്.സജീവുമായി അവൾ പലപ്പോഴും രഹസ്യം പറയുന്നത് എന്റെ ശ്രദ്ധയിൽ പെട്ടു .ഞാനും സജീവും തമ്മിൽ വഴക്ക് സ്ഥിരമായി. മോളുടെ ഒന്നാം പിറന്നാളിന് തിരുപനന്തപുരം പോയി മടങ്ങുന്ന വഴി കാറിൽ മയങ്ങിയ ഞാൻ ഉറക്കമുണർന്നത് ഏതോ കരിങ്കല്ല് വെച്ചു ഉണ്ടാക്കിയ കെട്ടിടത്തിലാണ്. പുറത്തു നിന്നും പൂട്ടിയിട്ട ആ മുറിക്കകത്ത് ഞാൻ ഉറക്കെ ബഹളം വെച്ചെങ്കിലും ആരും വന്നില്ല. രണ്ട് നേരം ഭക്ഷണം മുടങ്ങാതെ കിട്ടും. ഒരു വർഷത്തിനടുത്ത് അതിനകത്ത്
ഒരിക്കൽ ഒരു പഴുത് കിട്ടിയപ്പോൾ ഭക്ഷണം തരുന്ന കാവൽക്കാരനെ തലയ്ക്കടിച്ച് വീഴ്ത്തി ഞാനാ താവളത്തിൽ നിന്നും രക്ഷപ്പെട്ടു. എന്നെ അന്ന് രക്ഷപ്പെടാൻ സഹായിച്ചത് തോമസ് ഐസക് സാറാണ്. ഒറ്റപ്പാലത്തെ വീട്ടിലെത്തിയപ്പോൾ സജീവ് അവിടെ നിന്നും മാറിപ്പോയെന്നു പറഞ്ഞു.ഓർഫനേജിലേക്ക് പോവാൻ തോന്നിയില്ല.തോമസ് സാറിന്റെ സഹായത്തോടെ ഞാൻ സജീവിനെ കണ്ടെത്തി. അപ്പോഴേക്കും തുളസിയും സജീവും ഭാര്യാഭർത്താക്കന്മാരായി ജീവിതം തുടങ്ങിയിരുന്നു.”
ഒന്നു നിർത്തി നാൻസി കണ്ണു തുടച്ചു.
” കുഞ്ഞിനെ വിട്ടുതരാൻ പലവട്ടം ഞാൻ പറഞ്ഞു. ഒരിക്കൽ സജീവ് എന്നെ കാണാൻ വന്നു. കുഞ്ഞിനെ ഇപ്പോൾ തരാൻ പറ്റില്ലെന്നും അവനകപ്പെട്ട ചതിയുടെയും കഥ പറഞ്ഞു. എല്ലാം ശരിയാവുമെന്നും അത് വരെ എന്നോടവിടെ തന്നെ താമസിക്കണമെന്നും കാലു പിടിച്ചപേക്ഷിച്ചു. കൂടെ തുളസിയുമുണ്ടായിരുന്നു. അവൾ പറഞ്ഞാണ് ലാബിന്റെ മറവിൽ സജീവ് നടത്തുന്ന വൻ ബിസിനസിനെ പറ്റി ഞാനറിഞ്ഞത്. ഞെട്ടിത്തകരാൻ എനിക്ക് മനസില്ലായിരുന്നു. എന്നെ തകർത്തത് സ്വന്തം കുഞ്ഞായിരുന്നു. തുളസിയെ അവൾ എനിക്കു മുൻപിൽ വെച്ച് അമ്മേ എന്ന് വിളിച്ചപ്പോൾ ഞാൻ തകർന്നു.പിന്നീടെനിക്ക് പകയായി, ജീവിക്കാൻ കൊതിച്ചതിന്, കൊതിപ്പിച്ചതിന് സൗഭാഗ്യം തട്ടിയെടുത്തതിന് എല്ലാം”
“അങ്ങനെ നാൻസി സജീവിനേയും തുളസിയേയും തട്ടി അല്ലേ?”
അലോഷിയുടെ ചോദ്യത്തിൽ അവളൊന്നു ഞെട്ടി.
” ഇല്ല….. ഞാനാരേയും കൊന്നില്ല.”
അവൾ പുലമ്പി
“പിന്നെന്തിന് രാജീവ് മരിക്കുന്നതിന് തൊട്ടു മുന്നേ ആ ഫ്ലാറ്റിൽ നീ പോയത്.?”
അവളുടെ കണ്ണുകൾ ഒന്നിലും ഉറച്ചു നിൽക്കാതെ ചലിച്ചു കൊണ്ടേയിരുന്നു. ഭാവം മാറി ഒരു വന്യത ആ നോട്ടത്തിൽ നിഴലിച്ചു.
” പറയാം”
ഞാൻ കുറച്ചു കൂടി മുന്നോട്ടാഞ്ഞിരുന്നു.
“കൊല്ലാൻ തന്നെയാ ചെന്നത് പക്ഷേ എനിക്കു മുന്നേ അവിടെയും അയാൾ എത്തിയിരുന്നു. ഞാനെത്തുമ്പോൾ അയാൾ മുറിയിൽ നിന്നും ഇറങ്ങിപ്പോവുന്നതാണ് കണ്ടത്. എന്നെ അയാൾ കണ്ടിരുന്നില്ല. കൂടെ ഒരു സ്ത്രീയുമുണ്ടായിരുന്നു. ഞാൻ മുറിയിൽ കയറുമ്പോൾ സജീവ് ബാൽക്കണ്ണിയിൽ പുറംതിരിഞ്ഞ് നിൽപുണ്ടായിരുന്നു. പക്ഷേ ഞാനടുത്തെത്തുമ്പോഴേക്കും സജീവ് താഴേക്ക് വീണിരുന്നു.”
” അപ്പോ അതൊരു ആത്മാഹത്യ തന്നെയാണോ?”
ഞാൻ ചോദിച്ചു.
“അതെ. പക്ഷേ ഞാൻ മനസിലാക്കിയ സജീവൊരിക്കലും ആത്മഹത്യ ചെയ്യില്ല. തുളസിയെ കൊന്നപ്പോഴും തീർത്ഥയെ പിടിച്ചു കൊണ്ടു പോയപ്പോഴും അവന് ജീവിക്കാനായിരുന്നു കൊതി.”
” സജീവ് ലാബിന്റെ മറവിൽ എന്തായിരുന്നു ചെയ്തത്.?”