അജ്ഞാതന്‍റെ കത്ത് 8
Ajnathante kathu Part 8 bY അഭ്യുദയകാംക്ഷി | Previous Parts
വാതിലിലെ മുട്ട് കൂടി കൂടി വന്നു.
രേഷ്മ ചുവരിലെ ഷെൽഫ് ചൂണ്ടി അവിടേക്ക് കയറി നിൽക്കാൻ ആഗ്യം കാണിച്ചു. ഞാൻ എന്റെ സ്പെക്സ് ഊരി ടേബിളിന്റെ മീതെ വെച്ചതിനു ശേഷം അവൾ കാണിച്ചു തന്ന അലമാരയ്ക്കുള്ളിലേക്ക് കയറി. ഞാൻ ഡോറടച്ചതിനു ശേഷമേ അവൾ വാതിൽ തുറന്നുള്ളൂ. അകത്തെന്തു സംഭവിക്കുന്നുവെന്ന് കാണാൻ കഴിയുന്നില്ല കൂറ്റാകൂറ്റിരുട്ട്.
ഡോർ തുറക്കുന്ന ശബ്ദം.
” വാതിൽ തുറക്കാനെന്താ വൈകിയത്?”
റോഷന്റെ ശബ്ദം.
” അത്…. ഞാൻ ടോയ്ലറ്റിലാരുന്നു.”
” നിന്റെ സാലറി ഇട്ടിട്ടുണ്ട്. പിന്നെ ഞാൻ മേഡത്തോട് നമ്മുടെ കാര്യം സംസാരിച്ചു കഴിഞ്ഞു.നിന്റെയും എന്റെയും വീട്ടിൽ മേഡം തന്നെ സംസാരിക്കാമെന്നും പറഞ്ഞിട്ടുണ്ട്.
”
അതിന് രേഷ്മയുടെ മറുപടിഇല്ല.
” രേഷ്മാ നിനക്കെന്താ ഒരു സന്തോഷമില്ലാത്തത്?”
“തലവേദനിക്കുന്നു റോഷൻ “
” നീ പോയി കുളിച്ചിട്ടു വാ ഞാൻ വെയ്റ്റ് ചെയ്യാം “
“ഇന്നു വയ്യ. എന്തായാലും കല്യാണക്കാര്യത്തിൽ ഒരു തീരുമാനമായല്ലോ? നാട്ടുകാരറിഞ്ഞു കെട്ടുമോ അതോ ഇതിനകത്തു വെച്ചോ? “
അവളുടെ ശബ്ദത്തിൽ പരിഹാസം നിറഞ്ഞിരുന്നു.
” രേഷ്മാ നീയെന്താ പറയുന്നത്?”
“റോഷൻ ഒരു കൂട്ട വിവാഹം നടത്തേണ്ടി വരുമല്ലോ?! എന്നെ മാത്രമല്ല അമലയേയും ടീനയേയും കൂടി വിവാഹം ചെയ്യുമോ?”
അവളുടെ ശബ്ദം ഉയർന്നു.
“ഓഹോ അപ്പോ അതാണ് കാര്യം….. ചെയ്തേക്കാം അതിനെന്താ?. അവളുമാർ കാര്യം പറഞ്ഞു അല്ലേ? നിങ്ങളുടെ മരണം വരെ ഈ മഠം വിട്ട് പോവാൻ കഴിയാത്ത സ്ഥിതിക്ക് മൂന്നു പേരേയും ഞാൻ തന്നെ വിവാഹം ചെയ്യുന്നതല്ലേ നല്ലത്”
അവന്റെ സ്വരം മാറിയിരുന്നു.
“പെണ്ണിന്റെ ബലഹീനത പ്രണയമാണെന്ന് തിരിച്ചറിഞ്ഞ് മുതലെടുക്കാൻ നാണമില്ലെ നിനക്ക്?”
മറുപടിക്കു പകരം ഒരു അടിയുടെ ശബ്ദം കേട്ടു.
“അതെടി എനിക്ക് നാണമിത്തിരി കുറവാണ്.അഹങ്കരിച്ചാൽ കൊന്നുകളയും. നിന്നെ മാത്രമല്ല എല്ലാറ്റിനേയും”
“കൊല്ലെടാ ഇതിലും ഭേതം അതാണ്. ചാവുന്നതിനു മുമ്പേ നീയാരാണെന്ന് ഞാൻ ലോകത്തെയറിയിക്കും. നീയിവിടെ നടത്തുന്ന പരീക്ഷണങ്ങളെ പറ്റിയും “
വീണ്ടും ഒരടി ശബ്ദവും അവൾ മറിഞ്ഞു വീണത് അലമാരയുടെ സൈഡിലേക്കായതിനാൽ ഞാൻ ഭയന്നു പോയി. എന്റെ ശക്തമായ ചുവരു പറ്റൽ കാരണമാകാം അലമാരയുടെ മറു ഭാഗം ഒരു ഡോറു പോലെ പതിയെ തുറന്നു.
കട്ടപിടിച്ച ഇരുട്ടിനോടു പെരുതി ഞാൻ സ്വയം കാഴ്ചയേകിയപ്പോൾ അത് ഓട്ടുരുളിയും പഴയ സാധനങ്ങളും കൂട്ടിയിട്ട മുറിയാണെന്നു ബോധ്യമായി. പാതി തുറന്നു ചാരിയിട്ട വാതിലുകൾ എനിക്കാശ്വാസമായി.
“നിന്നെക്കൊണ്ട് ഒരു ചുക്കും കഴിയില്ലെടീ. നീയീ മുറിവിട്ടിനി പുറത്തിറങ്ങിയാലല്ലേ എന്തും നടക്കൂ.അതിനി ഉണ്ടാവില്ല. നീയിവിടെ കിടന്നു കൂവിയാലും ഒരാളും വരില്ല.എന്നും രാത്രി നീ തന്നെയാ 8 മണിക്കൂർ ബോധംകെട്ടുറങ്ങാനുള്ള മരുന്ന് രോഗികൾക്ക് കൊടുക്കുന്നത്.ഈ വീട് ഇടിഞ്ഞു പൊളിഞ്ഞാലും 8 മണിക്കൂർ കഴിയാതെ അവർ അറിയില്ല.”
റോഷന്റെ ശബ്ദം കേൾക്കാം.
” രേഷ്മാ ഇനി നീ അറിയാതിരിക്കണ്ട ഞാനെന്താണിവിടെ ചെയ്യുന്നതെന്ന്.”