” ഉം. നീ ജോണ്ടിയെ ഒന്ന് വിളിക്ക് അവന്റെ കസിൻ കലൂരിൽ ഒരു ഹോസ്റ്റലിലാ, അവിടെ താമസം റെഡിയാക്കണം.”
ഒരു ട്രാവൽ ബേഗിൽ അത്യാവശ്യം സാധനങ്ങൾ നിറച്ച ശേഷം ഞാനവനോട് പറഞ്ഞു.
ഫോണെടുത്തപ്പോൾ അതിനകത്ത് 15 മിസ്ഡ് കോൾ.അതിൽ 4 എണ്ണം സാമുവൽസാറിന്റേത്. 2 എണ്ണം ഗായത്രീ മേഡത്തിന്റേത്. ഒരെണ്ണം ജോണ്ടിയുടേത്.ഞാൻ സാമുവേൽ സാറിനെ തിരിച്ചുവിളിച്ചു. കുറേ നേരത്തെ റിംഗിനു ശേഷം ഫോൺ എടുത്തു.
“സാർ…. “
” എന്താണു കുട്ടീ ഞാനീ കേട്ടത് ?”
“സർ ഞാനങ്ങോട്ടിറങ്ങുകയാണ്. വന്നിട്ട് പറയാം.”
” ഞാനും വൈഫും വീട്ടിലില്ല ഇന്നലെ വൈകീട്ട് വൈഫിന്റെ അമ്മയ്ക്ക് വയ്യാതായി, ഞങ്ങൾ വൈഫൗസിലാണ്. ന്യൂസ് കണ്ടപ്പോൾ മുതൽ വിളിക്കുന്നു.പേടിക്കണ്ട സത്യസന്ധമായ പത്രപ്രവർത്തകർക്കു നേരെ ഇങ്ങനെയൊക്കെയുണ്ടാവും അതോർത്തു ഭയം വേണ്ട.”
“ഭയമില്ല സർ, പിന്നെ എനിക്ക് കാറെടുക്കണമല്ലോ? എന്തെങ്കിലും വഴി?
”
“ഗേറ്റിന്റെ കീ ഞാൻ കോളനി സെക്യൂരിറ്റിയെ ഏൽപിച്ചിട്ടുണ്ട് ഞാൻ വിളിച്ചു പറയാം നീ ചെല്ല് “
“ഞാൻ 40 മിനിട്ടിനുള്ളിൽ വരുമെന്ന് പറയണേ “
ഫോൺ കട്ടായി .തുടർന്ന് ഗായത്രീ മേഡത്തിനെ വിളിച്ചെങ്കിലും കിട്ടിയില്ല.
സാമുവേൽ സാറിന്റെ വീടെത്തി. സെക്യൂരിറ്റി കീയുമായി വന്നിട്ടുണ്ടായിരുന്നു.എന്റെ നിർബന്ധത്തിനു വഴങ്ങി അരവിയും ഇറങ്ങി.അരവി സെക്യൂരിറ്റിയുമായി സംസാരിക്കുന്ന സമയം ഞാൻ ട്രാവൽബേഗ് വണ്ടിയിൽ വെക്കാൻ പോയി. ഡിക്കി തുറന്ന ഞാൻ ഭയത്താൽ രണ്ടടി പിന്നോട്ട് വേച്ചുപോയി ഒരു വേള എന്റെ ശ്വാസം നിലച്ചു.
“അരവീ…. “
എന്റെ ശബ്ദമുയർന്നു.അരവി ഓടി വന്നു. ഡിക്കിയിൽ വിരിച്ച ഷീറ്റിൽ മൊത്തം കട്ടപിടിച്ച രക്തത്തിനൊപ്പം ഒരു മൂർച്ചയേറിയ രക്തക്കറ പുരണ്ട കത്തിയും ഒരു പ്ലാസ്റ്റിക് കൂടും. ഞാൻ ധൈര്യത്തോടെ നിൽക്കാൻ ശ്രമിച്ചെങ്കിലും പതറിപ്പോയി
ശബ്ദം കേട്ട് സെക്യൂരിറ്റി ഓടി വന്നു. അയാളിൽ അന്ധാളിപ്പ്. കവറിൽ തൊടാനാഞ്ഞ അരവിയെ ഞാൻ തടഞ്ഞു.
” അരവി വേണ്ട തൊടണ്ട ഇതെന്നെ പൂട്ടാനുള്ള വഴിയാണ്. നീ പിന്നാലെ വാ ഞാൻ സ്റ്റേഷനിലേക്ക് പോകുകയാ.”
ഡിക്കിയടച്ച് ബേഗ് സീറ്റിലേക്കു വെച്ച് ഡ്രൈവിംഗ് സീറ്റിലേക്കിരുന്നപ്പോൾ എനിക്ക് വല്ലാത്ത ധൈര്യമായിരുന്നു.
“എടീ ലാപ് …..”
അരവി പാതിക്കു നിർത്തി.ഞാനതേപറ്റി മറന്നു പോയിരുന്നു. ഭയത്തോടെ ഞാൻ പിൻസീറ്റിലേക്ക് നോക്കി. ലാപിന്റെ ബേഗുകാണുന്നുണ്ട്.
ഞാനിറങ്ങി ബേക്ക് ഡോർ തുറന്ന് ബേഗെടുത്തു പരിശോധിച്ചു. ഭാഗ്യം ലാപ് അതിനകത്തുണ്ട്.
” സേഫ് ഡാ”