ഞാൻ മൂളി..
” അരവി വേദ ഇനി മുതൽ നിന്റെ വീട്ടിൽ നിൽക്കട്ടെ.അവിടാകുമ്പോൾ ആളുണ്ടാവുമല്ലോ”
അലോഷ്യസ് കണ്ട പോംവഴിയാണിത്.
” അവരെന്നെ കൊല്ലില്ല സർ, “
എന്റെ ഉറച്ച സ്വരം കേട്ടാവാം രണ്ടുപേരുടേയും മുഖത്ത് ഞെട്ടൽ.
” എന്നെ ഭയപ്പെടുത്തണം അതാണവരുടെ ലക്ഷ്യം. അതിൽ അവർ ഒരു പരിധി വരെ വിജയിച്ചിരിക്കുന്നു എന്ന് ഞാനും സമ്മതിക്കാം. പക്ഷേ, അവരുടെ ലക്ഷ്യം നടക്കില്ല.”
“നീയെന്താ പറഞ്ഞു വരുന്നത്?”
അരവിയുടെ ചോദ്യം.
“ഭയന്നോടാൻ വയ്യാന്ന്. ചാവുന്നെങ്കിൽ ചാവട്ടെ, എന്ന് കരുതി ഒളിച്ചിരിക്കണോ ഞാൻ? ഭീരുക്കൾക്ക് ചേർന്ന ജോലിയല്ല ജേർണലിസമെന്ന് എനിക്ക് നന്നായിട്ടറിയാം. കാര്യങ്ങൾ പഴയതുപോലെ തന്നെ പോകട്ടെ.”
” പക്ഷേ വേദ കരുതുന്നതു പോലെ അല്ല കാര്യങ്ങൾ, എതിരാളികൾ ആരെന്നോ, അവരുടെ ലക്ഷ്യമെന്തെന്നോ അറിയാനിതുവരെ കഴിഞ്ഞിട്ടില്ല.”
അലോഷ്യസിന്റെ സംസാരത്തെ പാടെ അവഗണിച്ചു കൊണ്ട് ഞാൻ മുറിയിലേക്ക് പോയി. തിരികെ വരുമ്പോൾ ഞാൻ ഓരോ എപ്പിസോഡിന്റേയും ഫുൾ റിപ്പോർട്ട് തയ്യാറാക്കിയ ഫയൽ ഉണ്ടായിരുന്നു.അത് അലോഷ്യസിന്റ നേരെ നീട്ടി.
” ഇതിൽ 2013 ൽ ആരംഭിച്ച എന്റെ പ്രോഗ്രാമിന്റെ ഡീറ്റയിൽസ് അക്കമിട്ട് 152 ഫയലുകളുള്ളതിൽ നിന്നും കുറച്ചു ഫയലുകൾ മിസ്സിംഗാണ്. കറക്റ്റായി പറഞ്ഞാൽ 2013 ഏപ്രിൽ 4,11,18, 25 എന്നീ ദിവസത്തെയും 2016 ഓഗസ്റ്റ് 18, 25 സെപ്റ്റംബർ 1ലേയും ഫയലുകൾ ചേർത്ത് നഷ്ടമായത് 7 ഫയലുകൾ.”
” അതേത് ഫയലാണ്. ആരുടെ കേസാണ് എന്ന് പറ”
അലോഷിയുടെ ജിജ്ഞാസ.
“ഓഫീസിലെ സിസ്റ്റത്തിൽ നോക്കണം. എന്റെ ലാപ് സാമുവൽ സാറിന്റെ വീട്ടിലാണ്.”
പറഞ്ഞു തീരും മുന്നേ അലോഷ്യസിന്റെ ഫോൺ ശബ്ദിച്ചു അദ്ദേഹം കോൾ അറ്റന്റ് ചെയ്തു കൊണ്ട് പുറത്തേയ്ക്കു പോയി അൽപ സമയത്തിനുള്ളിൽ തിരികെ വന്നു.
അദ്ദേഹത്തിന്റെ മുഖം വലിഞ്ഞു മുറുകിയിരുന്നു.
“സർ,എന്തെങ്കിലും ന്യൂസ്?”
രണ്ടും കൽപിച്ച് ഞാൻ ചോദിച്ചു.
” ഉം….. സുനിതയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് വന്നു. പ്രതീക്ഷിക്കാത്ത പലതും അതിലുണ്ട്.”
“സർ തെളിച്ചു പറ”
” ഭർത്താവു മരിച്ചിട്ട് വർഷങ്ങളോളമായ സുനിതയുടെ ഗർഭപാത്രത്തിൽ ആഴ്ചകൾ പ്രായമുള്ള ഭ്രൂണമുണ്ടായിരുന്നു “
ഞെട്ടൽ തോന്നിയെനിക്ക് അഞ്ച് വർഷമായി കൂടെയുണ്ടായിരുന്ന വിശ്വസ്ഥയായ ജോലിക്കാരി .