ചിന്തകളങ്ങനെ കാടുകയറി തുടങ്ങി. അറ്റമെത്താത്ത ചില ഭ്രാന്തൻ ചിന്തകൾ. കൺകളിൽ കൈവിരലമർത്തി കുറച്ചു നേരം ഞാനിരുന്നു.കൺമുന്നിൽ ഒരു വെളുത്ത ബിന്ദു മാത്രം
“കണ്ണടച്ചിരുന്നു സ്വപ്നം കാണാതെ വാ നമുക്കോരോ കാപ്പി കുടിച്ചിട്ട് വരാം.”
തൊട്ടു പിന്നിൽ ഗായത്രി. ഞാൻ വാച്ചിൽ സമയം നോക്കി 7.47 pm .
” അരവി വന്നോ മാം “
“വന്നു.പുറത്ത് പോയതാണെന്ന് പറയാൻ പറഞ്ഞു. അവൻ വന്നപ്പോൾ നീ കാര്യമായി എന്തോ ലാപ്പിൽ നോക്കുകയായിരുന്നു.”
ലാപ് ഓഫ് ചെയ്ത് ലോക്കറിലേക്ക് വെച്ച് ഞാനെഴുന്നേറ്റു ഗായത്രിക്കു പിന്നാലെ നടന്നു.
കാന്റീനിൽ നിന്നും ഓരോ കപ്പ് കാപ്പിയുമെടുത്ത് ഞങ്ങൾ ടേബിളിനിരുവശത്തുമായി വന്നിരുന്നു.
” വേദ, പിന്മാറാൻ തോന്നുന്നുണ്ടോ?”
ഗായത്രിയുടെ ചോദ്യത്തിന് ഇല്ലെന്ന തലയാട്ടി.
” ധൈര്യം കൈവെടിയരുത്. കുട്ടിക്കറിയുമോ റാമിന്റെ മരണത്തിൽ ഞാൻ തളർന്നു പോകേണ്ടതായിരുന്നു. മുന്നോട്ട് പ്രതീക്ഷയായി ഒരു കുഞ്ഞു പോലുമില്ലാത്ത ജീവിതം. പിന്നെയോർത്തു ചാനലായിരുന്നല്ലോ റാമിന്റെ സർവ്വവും.പിന്നെ ഒറ്റയ്ക്ക് തുഴഞ്ഞിവിടെ എത്തി “
കുറേ നേരം രണ്ടു പേരും സംസാരിച്ചില്ല. അവരുടെ കണ്ണുകൾ നിറഞ്ഞിരുന്നു. റാമിന്റെ വിയോഗത്തിൽ അവരിപ്പോഴും കണ്ണു നിറയ്ക്കാറുണ്ട്.
എഴുന്നേൽക്കാൻ നോക്കിയപ്പോഴേക്കും അഭിമുഖമായി സാമുവേൽ സർ വന്നിരുന്നു. അദ്ദേഹത്തിന്റെ മുഖം വല്ലാതെ വലിഞ്ഞു മുറുകി കാണപ്പെട്ടു.
“സാമുവേൽ സാറിനൊരു കാപ്പി പറയട്ടെ?”
ഗായത്രിയുടെ ചോദ്യത്തിന് അദ്ദേഹം തലയാട്ടി. തുടർന്ന്
” അഷ്റഫ് ഒരു കാപ്പി…. വിതൗട്ടാണേ”
മേഡം അങ്ങനെയാ.തന്റെ കീഴിൽ ജോലി ചെയ്യുന്ന എല്ലാവരേയും നന്നായി അറിയും. പേരും ഊരും എല്ലാം.അതിപ്പോ കാന്റീനിലെ ക്ലീനിംഗ് ബോയ് ആണെങ്കിലും .
സാറിന്റെ മനസിനെ എന്തൊക്കെയോ അലട്ടുന്നുണ്ടെന്നു തിരിച്ചറിയാൻ എനിക്ക് നന്നായി കഴിഞ്ഞു.
“സാറെന്താ ലേറ്റായത്?”
സാമുവേൽ സാറിന്റെ ആത്മസംഘർഷം കുറയ്ക്കാനായി ഞാൻ ചോദിച്ചു.
“സ്റ്റേഷനിൽ നിന്നു വിളിച്ചിരുന്നതിനാൽ അവിടൊന്നു കയറി. പതിവു ശൈലികൾ ഒന്നുമവർ തെറ്റിച്ചില്ല. പക്ഷേ എന്നെ ഒരു പ്രതിയായാണവർ കണ്ടത്. അതൊക്കെ പോട്ടെ. നിന്റെ താമസം എങ്ങനെയാ? “
വിഷയം മാറ്റാനായാൾ ചോദിച്ചു.
“എന്റെ വീട്ടിൽ “
ഞാനെന്തെങ്കിലും പറയും മുന്നേ ഗായത്രി പറഞ്ഞിരുന്നു. വേണ്ടാ എന്ന് പറയാനുള്ള ധൈര്യം പോലും എനിക്കുണ്ടായിരുന്നില്ല.
” അത് നന്നായി. വേദയുടെ വീടത്ര സേഫല്ല “
അപ്പോഴേക്കും അരവിന്ദ് കടന്നു വന്നു.
പോക്കറ്റിൽ നാലായി മടക്കിയ രണ്ട് പേപ്പറെടുത്തു തന്നു.
ആദ്യത്തേത് ഒരു മാസത്തെ സുനിതയുടെ കാൾ ലിസ്റ്റ്. അതിൽ കൂടുതലും വിളിച്ചിരിക്കുന്നത് 144 ലാസ്റ്റ് വരുന്ന നമ്പറിലേക്ക് .ദേവേന്ദ്രൻ എന്ന നമ്പർ. മാസാദ്യത്തിൽ ആ നമ്പറിൽ നിന്നുള്ള കാൾ ഡ്യൂറേഷൻ ഒരു മണിക്കൂറിനു മേലെയുണ്ട്.ഞാൻ ടൂറിലിരുന്ന 10 ദിവസങ്ങളിൽ ആ നമ്പറിൽ നിന്നും വിളിച്ചത് വെറും രണ്ട് തവണ.കാൾ ഡൂറേഷൻ 1 മിനിട്ട് 30 സെക്കന്റ്. പിന്നെയുള്ളത് 54 സെക്കന്റ്.