അയനം [കാർത്തികേയൻ] 78

അയനം

Author : കാർത്തികേയൻ

 

ചുറ്റും നോക്കുമ്പോൾ ഇരുട്ട്. ജനാലയിലൂടെ വരുന്ന വെളിച്ചം മാത്രമുണ്ട് മുറിയിൽ. സമയം ഏകദേശം സന്ധ്യ ആയിട്ടുണ്ടാകും. ഫാൻ കറങ്ങുന്ന ശബ്ദം മാത്രമുണ്ട് മുറിയിൽ. അപ്പുറത്തെ മുറിയിൽ നിന്ന് എന്തൊക്കെയോ ശബ്ദങ്ങൾ കേൾക്കുന്നുണ്ട്. ഞാനിപ്പോൾ എവിടെയാണ്? കുറെ നേരം അതാലോചിച്ചു വെറുതെ കിടന്നു. ദിവസങ്ങൾ എണ്ണി നോക്കിയപ്പോൾ ഏകദേശം രണ്ടു മാസമായി താൻ ഇവിടെ വന്നിട്ട്. ഇവിടെ ഈ ജനലരികിൽ പതിവായി വരാറുള്ള ആ വെള്ള പ്രാവ് എവിടെപ്പോയി. ഇരുട്ട് കൂടി കൂടി വന്നു. രാത്രി ആയിരിക്കുന്നു. രാത്രി ആകുമ്പോൾ ആണ് കൂടുതൽ താൻ ഒറ്റയ്ക്ക് ആണെന്ന് തോന്നിപ്പോകുന്നത്. വല്ലതും വായിക്കാൻ കിട്ടിയിരുന്നെങ്കിൽ., മുൻപ് എപ്പോഴോ വായിച്ചു തീർത്ത പുസ്തകം മേശപ്പുറത്ത് കിടക്കുന്നുണ്ട്. എവിടെ നിന്നോ ഒരു കാൽപെരുമാറ്റം കേൾക്കുന്നു. അത് അടുത്തേക്ക് അടുത്തേക്ക് വരുന്നത് പോലെ.. ഡോക്ടർ വരേണ്ട സമയമായിരിക്കുന്നു. ഡോക്ടറുടെ ശബ്ദം കേട്ടപ്പോൾ എന്തോ ഒരു ആശ്വാസം തോന്നി. സുഖമാണോ? എന്നു ചോദിച്ചപ്പോൾ ഡോക്ടറെ വിഷമിപ്പിക്കണ്ട എന്നു കരുതി സുഖമാണ് എന്ന് മറുപടി പറഞ്ഞു. മരുന്നും ഭക്ഷണവും ശരിക്ക് കഴിക്കണം. മടി കാണിക്കരുത്.. ഡോക്ടർ തിരിച്ചുപോയി. എല്ലാ ദിവസവും ഡോക്ടർ വരുമ്പോഴാണ് തിരിച്ചറിയുന്നത് താൻ ഒരു മാനസികാരോഗ്യ കേന്ദ്രത്തിൽ ആണെന്ന്.. ഭക്ഷണം കഴിക്കാനുള്ള സമയം ആയിരിക്കുന്നു. മുടങ്ങാതെയുള്ള നാല് ഗുളികകളും കഴിച്ചു. അതിൽ ഒരെണ്ണം sedative ആണ്. അതിന്റെ ഗുണം കൊണ്ടുമാത്രമാണ് രാത്രിയിൽ ഉറങ്ങുന്നത്. കാർത്തിക്ക് ഇപ്പോൾ എന്തു ചെയ്യുന്നുണ്ടാകും? എന്റെ കാര്യം ആലോചിച്ചു ഉറക്കം വരാതെ കിടക്കുകയായിരിക്കുമോ. അതോ എല്ലാം മറക്കാൻ വേണ്ടി ഓഫീസ് ഫയലുകൾക്കിടയിൽ അഭയം തേടിയിട്ടുണ്ടാകുമോ. നാളെ വരുമെന്ന് തോന്നുന്നു. അമ്മയെ കാണാൻ തോന്നുന്നു. ഒറ്റയ്ക്ക് കിടക്കാൻ പേടിയാണ്. എന്നിട്ടും ഇത്ര നാൾ എങ്ങനെ ഇവിടെ കിടന്നു. അപ്പുറത്ത് ഡ്യൂട്ടി നഴ്സ് ഉണ്ട്. ഉണ്ടെന്നു പറയുന്നു. സമയം കുറെ ആയെന്നു തോന്നുന്നു. ഉറക്കം വരുന്നു. രാത്രിയിൽ പേടിസ്വപ്നം കണ്ടു ഞെട്ടി ഉണർന്നു. കാർത്തിക്കിനെ ആരോ അപകടപ്പെടുത്താൻ ശ്രമിക്കുന്നു. താൻ അവിടെ ഇല്ലാത്തത് കൊണ്ടാവാം ഇങ്ങനെ ഒക്കെ തോന്നുന്നത്. വെള്ളം കുടിച്ച് വീണ്ടും കിടന്നു. രാവിലെ നഴ്സ് വിളിച്ചപ്പോൾ ആണ് ഉണർന്നത്. രാവിലത്തെ കാപ്പിയുടെ കൂടെയും മരുന്ന് ഉണ്ട്. വീണ്ടും കാൽപെരുമാറ്റം.. ‘അമ്മ വരുമെന്ന് പറഞ്ഞിരുന്നു.. അമ്മയായിരിക്കും. പാവം അവർക്കൊക്കെ എന്തു വിഷമം കാണും തന്നെ ഈ അവസ്ഥയിൽ കാണുമ്പോൾ. സ്കൂളിലും കോളേജിലും ഒക്കെ പഠിത്തത്തിലും കലാപരിപാടികളിലും മികവ് കാട്ടിയ താൻ ഒരു മനോരോഗിയാവുമെന്ന് അവർ ഒരിക്കലും കരുതിയിട്ടുണ്ടാവില്ല. ഒരാളുടെ ഭാവിയെക്കുറിച്ച് ആർക്കും ഒന്നും പറയാനാവില്ല. ഒരാഴ്ച്ച കഴിഞ്ഞാൽ എന്നെ ഡിസ്ചാർജ് ചെയ്യും എന്നാണ് ഡോക്ടർ പറഞ്ഞത്. രണ്ടു മാസം മുൻപാണ് ഡോക്ടറുടെ അടുത്ത് ആദ്യമായി എത്തുന്നത്. അന്ന് എല്ലാവരോടും ദേഷ്യമായിരുന്നു. കയ്യിൽ കിട്ടിയത് ഒക്കെ വലിച്ചെറിയും. നിർത്താതെ അലറും. എന്താണെന്ന് ആർക്കും ഒരു പിടിയുമില്ല. കാർത്തിക്ക് ആയിരുന്നു എപ്പോഴും സപ്പോർട്ട്. എനിക്ക് ഒന്നുമില്ല എന്ന് അവൻ വാദിക്കുമായിരുന്നു. കാർത്തിക്ക് ആരാണെന്ന് പറഞ്ഞില്ല. എന്റെ ഭർത്താവ്. എന്റെ എല്ലാം.. പാവം എന്നെപോലെ ഒരു ഭ്രാന്തിയെ കല്യാണം കഴിക്കേണ്ടി വന്നല്ലോ.. ഗ്രാമത്തിൽ നിന്ന് ഈ നഗരത്തിലേക്ക് പെട്ടെന്ന് പറിച്ചു നട്ടപ്പോൾ എല്ലാത്തിനും കൂടെ കാർത്തിക്ക് ആയിരുന്നു. എല്ലാം പരിചയപ്പെടുത്തിയതും എല്ലാം..

ചെറുപ്പത്തിൽ എപ്പോഴോ ഉണ്ടായ മാനസിക അസ്വാസ്ഥ്യം വർഷങ്ങൾക്ക് ഇപ്പുറവും തന്നെ വീണ്ടും തേടി വരുമെന്ന് ഒരിക്കലും കരുതിയില്ല ആരും. നഗരത്തിലെ ഡോക്ടർ അത് തിരിച്ചറിയുന്ന വരെ കാർത്തിക്ക് എനിക്ക് ഭ്രാന്താണെന്ന് സമ്മതിച്ചില്ല. ഇപ്പോഴും സമ്മതിക്കാൻ തയാറായിട്ടില്ല. ഒരു കുഞ്ഞുണ്ടാവാൻ ഈ അസുഖം ഭേദമായാൽ മാത്രമേ സാധിക്കൂ എന്ന് പറഞ്ഞപ്പോഴാണ് കിടത്തി ചികിത്സയ്ക്ക് കാർത്തിക്ക് സമ്മതിച്ചത് തന്നെ. വീട്ടിൽ നിന്ന് വിട്ടു നിന്നപ്പോൾ അനുഭവിച്ച വേദനയെക്കാളും കൂടുതൽ ആയിരുന്നു കാർത്തിക്കിനെ പിരിഞ്ഞപ്പോൾ. അത്രയ്ക്ക് മനസിലാക്കിയിരുന്നു അവൻ എന്നെ. ആദ്യമൊക്കെ ശരിക്കും ഒരു കാരാഗൃഹം പോലെ തോന്നിയിരുന്നു ഇവിടം. എന്നാൽ ഒരുപാട് പേർക്ക് ഇടയിൽ നിന്ന് സ്നേഹം മാത്രം പകരുന്ന കുറച്ചു പേർക്ക് ഇടയിലേക്ക് ഉള്ള ഈ ജീവിതം പതിയെ ഇഷ്ടപ്പെട്ടു തുടങ്ങി. ഒരിക്കലും തീരാത്ത ഒരാഴ്ചയ്ക്ക് വേണ്ടി ഒരിക്കൽ കൂടെ കാത്തിരിപ്പ്.

ഡിസ്ചാർജ് ചെയ്യുന്ന ദിവസം രാവിലെ അച്ഛനും കാർത്തിക്കും വന്നു. തൻ്റെ ജീവിതത്തിലെ രണ്ടു പ്രണയങ്ങൾ. എല്ലാവരുടെയും മുഖത്ത് നിറഞ്ഞ സന്തോഷം.

Now, She has become a smart girl. ഡോക്ടർ എല്ലാവരോടുമായി പറഞ്ഞു. ഞാൻ നഴ്സിനോടും ഡോക്ടറോടും യാത്ര പറഞ്ഞു. കാർത്തിക്ക് കാറിന്റെ ഡോർ തുറന്നു തന്നു.

ഹോസ്പിറ്റലിനു പുറത്തെ കുന്നിന്ചെരുവിലൂടെ ഉള്ള റോഡിലൂടെ യാത്ര ചെയ്യുമ്പോൾ ഒരു വെള്ള പ്രാവിനെ കണ്ടു. ഇതായിരിക്കുമോ താൻ എന്നും ജനലരികിൽ കാണാറുള്ള ആ പ്രാവ്. ആയിരിക്കും. ആകാശത്തിലേക്ക് പറന്നകലുന്ന പ്രാവിനെ നോക്കി യാത്ര ചെയ്യവേ മനസ്സ് ഏതോ കൂടു വിട്ട് പുറത്തേക്ക് പറക്കുന്ന പോലെ തോന്നി.

കാർത്തിക്കിന്റെ തോളിലേക്ക് ഒന്നു കൂടെ ചേർന്നിരുന്നു.

കാർത്തികേയൻ.

17 Comments

  1. Nannayittundu

    1. കാർത്തികേയൻ

      Thank you ?

  2. നന്നായിട്ടുണ്ട്… ♥️♥️♥️

    1. കാർത്തികേയൻ

      നന്ദി സുഹൃത്തെ..

  3. Chetta story adipoliayito?

    1. കാർത്തികേയൻ

      Thank you ?

  4. ? നിതീഷേട്ടൻ ?

    ? nice

    1. കാർത്തികേയൻ

      നന്ദി ??

  5. Kollam nalla thudekam
    Baki poratte

    1. കാർത്തികേയൻ

      ഇതിന് ബാക്കി ഇല്ല സുഹൃത്തേ.. ഒരു ചെറു കഥയാണ്.. ഈ പ്ലാറ്ഫോമിലെ എന്റെ ആദ്യ പോസ്റ്റും..

  6. ❤️❤️❤️

    1. കാർത്തികേയൻ

      Thank you.

  7. കഥാനായകൻ

    ❣️

    1. കാർത്തികേയൻ

      ❤️

      1. നല്ല രസമുണ്ടാട്ടിരുന്നു ♥️

        1. കാർത്തികേയൻ

          Thank you

Comments are closed.