10.01.2022
“ഒത്തിരി നന്ദി വിഷ്ണു., പ്രേമം നടിച്ചതിനും, ഈ പൊട്ടീനെ ചതിച്ചതിനും. പോവുവാ, ഇനിയും ഈ ലോകത്ത് ജീവിക്കാൻ പേടിയാ. എല്ലാത്തിനും കാരണക്കാരൻ നീയാണെന്ന് പറയില്ല., ഞാനാ… ഞാൻ മാത്രം…!
ഏട്ടായി ഇനിയീ കുറുമ്പി അടിപിടി കൂടാനൊന്നും ഉണ്ടാവില്ലാട്ടോ…!
അമ്മയോടും പറഞ്ഞേക്ക്, രാത്രിയാവുമ്പോ അമ്മയേ കെട്ടിപ്പിടിച്ച് ഉറങ്ങാൻ വാവാച്ചി വരില്ലാന്ന്.
വല്ലാത്താ സങ്കടാ ഇപ്പൊ ഈ പൊട്ടിപ്പെണ്ണിന്., നിങ്ങളെ രണ്ടാളേം വിട്ട് പോണോലോ എന്നോർക്കുമ്പോ, പക്ഷെ പോയേ പറ്റൂ. എനിക്ക് പേടിയാ ഇനിയും ജീവിച്ചിരിക്കാൻ…!
ഏട്ടായീ…, ഈ കുറുമ്പി പെണ്ണിനോട് പൊറുത്തേക്കണേ, ഇല്ലേൽ… ഇല്ലേൽ സമാധാനം ഉണ്ടാവില്ല ന്റെ… ആത്മാവിന് പോലും.
ജീവിച്ച് കൊതി തീർന്നിട്ടല്ല, പക്ഷെ…?
…. …. …. …. …. …. ?
ഏട്ടായുടെ മാളൂട്ടി എഴുതാതെ വിട്ട അവസാന പേജുകളിൽ എന്റെ കണ്ണുനീരും ചോര തുള്ളികളും മാത്രം ബാക്കിയായി…!
?ꪮꪑꫀ ᦔꪖꪗ? ꪶꪖ?ꫀ? ?
“അമ്മ, എത്ര നാളിങ്ങനെ വാശി കാണിക്കും., വല്ലതും വന്ന് കഴിച്ചൂടെ…?”
“ആദി, അമ്മക്ക് വിശപ്പില്ലാഞ്ഞിട്ടോ, അല്ലേൽ വാശി കാണിക്കുന്നതോ അല്ലടാ. ഒരുരുള, ആദ്യത്തെ ഒരുരുള എന്റെ കൊതിച്ചിക്ക് കൊടുത്തിട്ട് അല്ലേടാ അമ്മ എപ്പോഴും…
എന്നെ… ന്നെ കൊണ്ട് പറ്റുന്നില്ല മോനെ…! കഴിക്കാനെന്ത് എടുത്താലും ശെരി, അപ്പൊ കാണും., അമ്മാളൂവേന്ന് വിളിച്ചോടി വരാണെന്റെ വാവച്ചിയേ…!”
കണ്ണുനീരിന്റെ വക്കിലാ വാക്കുകൾ എത്തി നിക്കുമ്പോ, വീണ്ടും ഓരോന്ന് പറഞ്ഞ് കരയിക്കാൻ തോന്നീല്ലാ പാവത്തേ…!
അടുക്കളയിൽ ചെന്നു., രാവിലെ വച്ച ചോറും, മുളകുടച്ചതും ചേർത്ത് കുഴച്ചു. ആദ്യ ഒരുരുള അമ്മ പറഞ്ഞ പോൽ ഞങ്ങടെ കൊതിച്ചി പെണ്ണിന് വേണ്ടി മാറ്റിയിരുന്നു, പിന്നെ അമ്മക്ക് വേണ്ടി.
“അമ്മേ…, ദേ ഇത്രേലും കഴിക്ക്. മരുന്നൊക്കെ ഒരുപാട് ഉള്ളതല്ലേ…!”
“ഒന്നും വേണ്ടടാ, മരുന്നും വേണ്ടാ ചോറും വേണ്ടാ…!”
“എന്തിനാമ്മേ ഇങ്ങനൊക്കെ കാട്ടണേ…? ദേ നോക്ക്, ഇതമ്മ കഴിച്ചില്ലാന്നുണ്ടേൽ ഞാനും പട്ടിണി കിടക്കും പറഞ്ഞേക്കാം…!”
ആ മനസ്സിനറിയാം, പട്ടിണി കിടക്കുന്ന അവസ്ഥ. അതിനാൽ തന്നവാം അങ്ങനൊന്ന് പറഞ്ഞപ്പോ തന്നെ മടിച്ച് മടിച്ച് ആണേലും വാ തുറന്ന് തന്നതും.
ഓരോ ഉരുള ഇറക്കുമ്പോഴും കണ്ണുകൾ അനുസരണ തെറ്റിച്ച് നിറഞ്ഞിരുന്നു. ഒരുപക്ഷെ മറക്കാൻ കഴിഞ്ഞാലും, ഓർക്കണ്ടിരിക്കാൻ കഴിയണ്ടേ…!