✝️THE NUN✝️ Climax (അപ്പു) 185

നന്മയുടെയും തിന്മയുടെയും ഇടയ്ക്കിടെയുള്ള വിജയങ്ങളായി അത് അദ്ദേഹത്തിന് തോന്നി…. അത് ഏതാനും മണിക്കൂറുകൾ നീണ്ടുപോയി…

 

പതിയെ പതിയെ പള്ളി പൂർണ്ണമായും പ്രകാശിച്ചു… അതിന്റെ അർത്ഥം മനസിലാക്കിയ ഫാ. സ്റ്റീഫൻ കുട്ടികളെ ചേർത്ത്പിടിച്ചുകൊണ്ട് സന്തോഷിച്ചു…

 

മുൻപത്തെപ്പോലെ മിന്നിമിന്നി കത്തുന്ന വെളിച്ചം മാറി തുടർച്ചയായി പൂർണ്ണമായും അവിടം പ്രകാശം നിറഞ്ഞത് അദ്ദേഹത്തിന് ആശ്വാസമായി…

 

ഇപ്പൊ ശബ്ദങ്ങളൊന്നുമില്ല…. പൂർണ്ണമായ നിശബ്ദത… യാതൊരു പൈശാചിക സാന്നിധ്യങ്ങളും അറിയാൻ സാധിക്കുന്നില്ല… അതിനർത്ഥം…!!

 

ഫാ. സ്റ്റീഫൻ സന്തോഷത്തോടെ അൾത്താരയിലേക്ക് നോക്കി കണ്ണടച്ച് കുരിശ് വരച്ചു…

 

കണ്ണ് തുറന്ന് തിരിഞ്ഞ് അദ്ദേഹം ഫാ.ബെനഡിക്ട് വീണുകിടക്കുന്നിടത്തേക്ക് പോവാനൊരുങ്ങി…. പക്ഷെ പെട്ടന്നൊരു നിമിഷം അച്ചൻ അവിടെത്തന്നെ നിന്നു…

 

പതിയെ തിരിഞ്ഞ് അൾത്താരയിലേക്ക് ഒന്നുകൂടി നോക്കി…

 

അൾത്താരയിൽ കുരിശിൽ തൂങ്ങികിടക്കുന്ന കർത്താവിന്റെ രൂപം അദ്ദേഹം ശ്രദ്ധിച്ച് നോക്കി…ഫാ. സ്റ്റീഫന്റെ കണ്ണുകൾ ഭയംകൊണ്ട് നിറഞ്ഞു….

 

ആ അൾത്താരയിലെ കുരിശുരൂപം താനിതുവരെ കണ്ടിട്ടുള്ളതുപോലെയല്ല… പെട്ടന്ന് ഫാ. സ്റ്റീഫൻ നോക്കിനിൽക്കേ ആ രൂപം പതിയെ തലപൊക്കി….

 

ഹൃദയത്തിൽ വെള്ളിടിവെട്ടിയ അവസ്ഥയായിരുന്നു ഫാ. സ്റ്റീഫന്റേത്… കാരണം കുരിശുരൂപത്തിൽ കർത്താവിന് പകരം അദ്ദേഹം കണ്ടത് ബലിയേലിനെയായിരുന്നു…

 

തൊട്ടടുത്ത നിമിഷം അൾത്താരക്ക് മുന്നിൽ മുട്ടുകുത്തി പ്രാർത്ഥിച്ചിരുന്ന മദർ സുപ്പീരിയർ ബോധംകെട്ട് നിലത്ത് വീണു…

 

ബലിയേൽ തലപൊക്കി ഫാ. സ്റ്റീഫനെ നോക്കി വികൃതമായി ചിരിച്ചു…

 

പെട്ടന്ന് വീണ്ടും കറന്റ്‌ പോയി… പെയ്തുതോർന്ന മഴ വീണ്ടും ശക്തിപ്രാപിച്ചു…. ദൈവത്തിന്റെ സൈന്യത്തിനുമേൽ സാത്താൻ ശക്തിനേടിയിരിക്കുന്നു….

 

ഇനി എന്താണെന്ന് മനസിൽ ആലോചിച്ച് ഭയന്ന് നിൽക്കുന്ന സമയം വീണ്ടും അദ്ദേഹത്തിന്റെ മനസ്സിൽ ആ വാക്കുകൾ മുഴങ്ങി…

 

‘കുട്ടിയെ കൊന്നുകളയൂ…!!’

 

ഈ സമയം കൂനിക്കൂടി എഴുന്നേറ്റ് വന്ന ഫാ. ബെനഡിക്ട് അദ്ദേഹത്തിനടുത്ത് വന്നുനിന്നു….

 

“ഫാദർ….!!” തളർന്ന ശബ്ദത്തിൽ ഫാ. സ്റ്റീഫന്റെ തോളിൽ കൈവെച്ച് ഭീതിയോടെ ബെനഡിക്ട് അച്ചൻ നിന്നു….

 

വീണ്ടും വീണ്ടും ഉള്ളിൽ നിന്ന് കുട്ടിയെ കൊല്ലാൻ ആരോ പറയുന്നതനുസരിച്ച് ഫാദർ സ്റ്റീഫൻ അതുതന്നെ തീരുമാനിച്ച് ഇടക്കെപ്പോഴോ തകർന്നുവീണ ഒരു ലൈറ്റിന്റെ കണ്ണാടി വരുന്ന മൂർച്ചയുള്ള ഒരു ഭാഗം നിലത്തുനിന്ന് എടുത്തു…

 

തന്റെയടുത്ത് നിൽക്കുന്ന കുട്ടികളെ നാലുപേരെയും അദ്ദേഹം ഒന്നുകൂടി ചേർത്ത് നിർത്തി…. അവരെല്ലാം നന്നായി ഭയന്നിരിക്കുകയാണെന്ന് അദ്ദേഹത്തിന് മനസിലായി….

 

ആ ഇരുട്ടിൽ തപ്പിപ്പിടിച്ച് അവനെ ചേർത്ത് പിടിച്ചശേഷം അവന്റെ കഴുത്തിലേക്ക് കുത്തിയിറക്കാനായി ഫാ. സ്റ്റീഫൻ ആ കണ്ണാടിയുയർത്തി….

 

പക്ഷെ ഉയർത്തിയ കൈ താഴുന്നതിന് മുൻപ് ആരോ ആ കയ്യിൽ പിടിച്ചു… അതാരാണെന്ന് നോക്കി മനസിലാക്കേണ്ട കാര്യം അദ്ദേഹത്തിനുണ്ടായിരുന്നില്ല….

 

തൊട്ടടുത്ത നിമിഷം ആ ബലിഷ്ടമായ കൈ അച്ചനെ തൂക്കിയെറിഞ്ഞു…. അദ്ദേഹം പള്ളിയുടെ വാതിലിൽ ചെന്നിടിച്ച് നിലത്ത് വീണു…

 

എന്താണ് സംഭവിക്കുന്നതെന്നുപോലും മനസിലാവാതെ ബെനഡിക്ട് അച്ചനും കുട്ടികളും പേടിച്ചു….

 

“ഫാദർ…. അവനെ…. അവനെ കൊല്ലണം…. അവന്റെ മകനെ….!!”

 

ഞരങ്ങുന്ന ശബ്ദത്തോടെ ഫാ. സ്റ്റീഫൻ ബെനഡിക്ട് അച്ചനോട് ഉച്ചത്തിൽ വിളിച്ചുപറഞ്ഞു… ശബ്ദം കേട്ട ഭാഗത്തേക്ക്‌ അദ്ദേഹം നോക്കിയതും ആകാശത്ത് പ്രകാശിച്ച മിന്നലിനൊപ്പം ഫാ. സ്റ്റീഫനും തങ്ങൾക്കും നടുവിലായി നിൽക്കുന്ന ആ പൈശാചിക ശക്തിയെയും ഫാ. ബെനഡിക്ട് കണ്ടു…

 

അദ്ദേഹം സമയം കളഞ്ഞില്ല… തളർന്നിരുന്ന ബെഞ്ചമിനെ ചേർത്ത് പിടിച്ച് സ്റ്റീഫൻ അച്ചൻ ചെയ്തതുപോലെ ഒരു കണ്ണാടി കയ്യിലെടുത്ത് അവനെ കുത്താൻ ആഞ്ഞു….

 

ഫാ. സ്റ്റീഫന്റെ ആജ്ഞയും ബെനഡിക്ട് അച്ചന്റെ പ്രവൃത്തിയും മുന്നിലെ ഭീകരരൂപവും കണ്ട ബാക്കി മൂന്നുപേരും ഭയന്ന് ബെനഡിക്ട് അച്ചന്റെ അടുത്ത് നിന്ന് ഓടി ഫാ. സ്റ്റീഫനടുത്തേക്ക് ഓടി…

 

ബെഞ്ചമിനെ കുത്താൻ ശ്രമിക്കുന്ന ബെനഡിക്ട് അച്ചനെ ആക്രമിക്കാൻ ചെന്ന ബലിയേലിന് എന്തെങ്കിലും ചെയ്യാൻ സാധിക്കുന്നതിന് മുന്നേ തന്നെ ഫാ.സ്റ്റീഫൻ തന്റെ  കയ്യിലിരുന്ന കണ്ണാടികൊണ്ട് ആ കുട്ടികളിൽ ഒരാളുടെ കഴുത്ത് മുറിച്ചു….

 

ബെഞ്ചമിനെ കുത്താൻ ശ്രമിച്ചെങ്കിലും മുന്നിൽ തന്നെ ആക്രമിക്കാൻ ഒരുങ്ങുന്ന സാക്ഷാൽ പിശാചിനെകണ്ട് ഫാ. ബെനഡിക്ട് ഭയന്ന നിമിഷത്തിലാണ് ഇത് നടന്നത്…

 

ഫാ. ബെൻഡിക്ടിനെ ആക്രമിക്കാൻ തുനിഞ്ഞ ബലിയേൽ ശക്തമായി അലറിക്കൊണ്ട് പിൻവലിഞ്ഞു…. അവന് മറ്റ് മാർഗ്ഗങ്ങളില്ലാത്തത് പോലെ ആ അപകടപ്പെട്ട കുട്ടിയുടെ ശരീരത്തിൽ പ്രവേശിക്കേണ്ടിവന്നു….

 

അവന്റെ ശരീരത്തിൽ കയറിയതും അവൻ വീണ്ടും ജീവനുള്ളവനായി അലമുറയിടാൻ തുടങ്ങി… തോറ്റവനെപ്പോലെ….

 

ഇത് മനസിലാക്കിയ ഫാ. സ്റ്റീഫൻ തന്റെ കുരിശ് കയ്യിലെടുത്തു….

 

“നിന്റെ വെളിപ്പെട്ട അസ്തിത്വം എനിക്ക് നിന്റെമേൽ സർവ്വഅധികാരവും നൽകുന്നു…. You are BALIEL The mighty KING of HELL… ഞാൻ… സർവ്വശക്തനായ ദൈവത്തിന്റെ രാജകീയ ദൗത്യം പേറുന്ന പ്രതിപുരുഷൻ… ഇന്ന് നിന്നോട് ആജ്ഞപിക്കുന്നു നീയും നിന്റെ സർവ്വ ശക്തികളും തിരികെ നരകത്തിലേക്ക് തന്നെ മടങ്ങട്ടെ….!!”

 

വലിയ ശബ്ദത്തോടെയും അധികാരത്തോടെയും ഫാ. സ്റ്റീഫൻ അത് പറഞ്ഞതും വലിയ നിലവിളിയോടെ ദിഗന്തങ്ങൾ കേൾക്കുമാറ് അലറിവിളിച്ചുകൊണ്ട് ആ പിശാച് അവനെ വിട്ടുപോയി…

 

അത് സ്ഥിരീകരിച്ചെന്നോണം അവിടെ പ്രകാശം തിരിച്ചുവന്നു… ഫാ. സ്റ്റീഫൻ തളർന്നു നിലത്തിരുന്നു… അലനും മറ്റൊരുവനും ഒപ്പം പേടിച്ച് ഒരു ബെഞ്ചിൽ കെട്ടിപ്പിടിച്ച് ഇരുന്നു …

 

എന്താണ് സംഭവിച്ചതെന്ന് മനസിലാവാതെ വീണ്ടും ഫാ. ബെനഡിക്ട് സ്റ്റീഫനച്ചനെ നോക്കി….

 

പിന്നെ നിലത്തുകിടന്ന ആ കുട്ടിയുടെ അരികിലേക്ക് അദ്ദേഹം ഓടി…. അടുത്ത് ചെന്ന് അവനെ എടുത്തുപൊക്കി… പക്ഷെ ആശ്ചര്യംഎന്ന് പറയട്ടെ, നിലത്തും ഷർട്ടിലും കഴുത്തിന് ചുറ്റും ചോരത്തുള്ളികൾ കാണപ്പെട്ടെങ്കിലും അവന്റെ കഴുത്തിൽ മുറിവുണ്ടായിരുന്നില്ല….

 

തീരാത്ത സംശയങ്ങളുമായി അദ്ദേഹം ഫാ. സ്റ്റീഫനെ നോക്കി… എല്ലാം ശുഭമായി അവസാനിച്ചതിലുള്ള സന്തോഷം മാത്രമേ ആ മുഖത്ത് അദ്ദേഹം കണ്ടുള്ളു….

 

54 Comments

  1. നന്നായിരുന്നു ഇനിയും ഒരുപാട് കഥകൾ എഴുതുക ആദ്യമായി ആണ് ഇവിടെ വരുന്നത് അത് നല്ല ഒരു കഥയോട് കൂടിയായതിൽ സന്തോഷം

  2. ചേട്ടൻ Ezra, nun എന്നീ movies കണ്ടിട്ടുണ്ടോ

Comments are closed.