വിദൂരം III {ശിവശങ്കരൻ} 64

“തേപ്പൊന്നും അല്ല അതെന്താ സംഭവിച്ചതെന്ന് ഏട്ടനും കൃത്യമായി അറിയില്ലെന്നാണ് തോന്നുന്നേ, എന്നോടും പറഞ്ഞിട്ടില്ല, അതേപ്പറ്റി മാത്രം അധികം സംസാരിക്കാറില്ല.”

 

“ഉം… പറയ്‌, മുഴുവൻ…” ഗൗരവത്തോടെ തന്നെ ജയ അത് പറഞ്ഞതെങ്കിലും ആ ഗൗരവം മാഞ്ഞു പതുക്കെ പുഞ്ചിരി തെളിയുന്നത് ഗൗതം കണ്ടു.

‘അങ്ങനെ വഴിക്ക് വാ മോളേ…’ അവൻ മനസ്സിൽ പറഞ്ഞു…

 

“ഏട്ടൻ പത്താം ക്ലാസ്സ്‌ കഴിയാറായ സമയം… നമ്മുടെ അമ്പലത്തിലെ ഉത്സവം… ഞാനടക്കം വീട്ടിൽ എല്ലാവരും വിചാരിച്ചത് ഏട്ടന് ഭക്തി മൂത്ത് പ്രാന്തായീന്നാ…”

 

“അതെന്താ…”

 

“രാവിലെ 6 മണിയാകുമ്പോ എണീറ്റ് കുളിച്ചു അമ്പലത്തിൽ പോകും… ന്നിട്ട് പത്തുമണിയാകുമ്പോ

കഞ്ഞി കുടിക്കാൻ വരും… എന്നിട്ട് വീണ്ടും കുളിച്ചിട്ട് അവിടെ എന്തോ എടുത്തു വച്ചിരിക്കുന്ന പോലെ പിന്നേം ഓടും… ന്നിട്ട് ഉച്ചക്ക് വരും…”

 

“ചോറുണ്ണും… കുളിച്ചിട്ട് പിന്നേം ഓടും… ലേ…”

 

“അടിപൊളി… നിനക്കും മനസ്സിലായല്ലേ…”

 

“മര്യാദക്ക് ബാക്കി കഥ പറയ് മനുഷ്യാ…”

 

“ആഹാ… അഹങ്കാരോ…”

 

“അയ്യോ… ഏട്ടാ… ഇല്ലാ… പറ…”

 

“ആഹ്… അങ്ങനെ, ആ അമ്പലത്തിൽ പോക്കിന്റെ കാര്യം കണ്ടെത്താൻ ഞാൻ തീരുമാനിച്ചു, വൈകീട്ട് ചായകുടിച്ചു ആൾ ഓടാൻ നിന്നപ്പോ ഞാൻ പറഞ്ഞു, ‘മോനെ അവിടെ നിക്ക് ഞാനും ഉണ്ട്’ എന്ന്…

ആശാന്റെ മുഖം പോയ പോക്ക് കാണണമായിരുന്നു… ന്നിട്ട് ചെന്നപ്പോഴോ… ഏട്ടന്റെ ഷർട്ടിന്റെ അതേ കളർ പട്ടുപാവാടയും ബ്ലൗസുമൊക്കെ ഇട്ട് വന്നേക്കാ, വർഷേച്ചി… ന്നിട്ട് ഒരുമിച്ചു നിക്കുന്നു… എല്ലാരും ശ്രദ്ധിക്കുന്നുണ്ടാർന്നു… അതൊന്നും മൈൻഡ് ചെയ്യാതെ ഒരാൾ അമ്പലത്തിൽ പ്രദക്ഷിണം ചെയ്യുന്നു, വേറൊരാൾ അമ്പലത്തിനു പുറത്തുകൂടെ വായ്നോക്കി പ്രദക്ഷിണം ചെയ്യുന്നു…”

 

“ഹ… ഹ… ഹാ…. അയ്യോ… എനിക്ക് വയ്യേ…” ജയ ആർത്തു ചിരിക്കുന്നത് കണ്ടു ഗൗതം കൗതുകത്തോടെ നോക്കി…

 

ഈ പെണ്ണിനെ എന്നും ഇങ്ങനെ ചിരിച്ചു കാണണം അതിനി എന്ത് ചെയ്തിട്ടാണേലും വേണ്ടില്ല…

 

ഗൗതം തന്നെ തന്നെ നോക്കി ഇരിക്കുന്നത് കണ്ട ജയയുടെ ചിരി, കാസറ്റ് വലിയുന്ന പോലെ നിന്നു…

 

“എന്താ ഇവിടൊരു വായ്നോട്ടം…” അവൾ പെട്ടെന്ന് തന്നെ കൃത്രിമ ഗൗരവം മുഖത്തെടുത്തണിഞ്ഞു.

 

“ഏയ്യ്… എന്റെ ഏട്ടൻ വായ് നോക്കി കഷ്ടപ്പെടുന്ന കേട്ടിട്ടാണോടീ നീ ചിരിക്കുന്നേ…”

 

“അയ്യോ… ഏട്ടനെ ആലോചിച്ചല്ല… ഏട്ടന്റെ പ്രണയരംഗം കണ്ടു കിളി പോയ അനിയനെ ആലോചിച്ചു ചിരിച്ചതാ…”

 

“ആ… മതി… മതി… അത്ര ചിരിക്കാൻ ഒന്നുമില്ല ഏട്ടൻ ചേച്ചിയോട് പറഞ്ഞിട്ടൊന്നുമില്ല ഇക്കാര്യം, ചേച്ചിക്ക് അങ്ങനെ ഉണ്ടോന്നു പോലും അറിയില്ല… ഇതായിരുന്നു അവസ്ഥ…”

 

“ആഹാ… എന്നിട്ട്… എപ്പോഴാ പറഞ്ഞെ അതൊക്കെ…”

 

“അത് പറയാം… അതിനും മുന്നേ ഒരുപാട് കാര്യങ്ങൾ ഉണ്ട്…”

 

“അയ്യോ ഇവിടെ വച്ചു നിർത്തല്ലെട്ടോ…ബാക്കി പറയ്… പിന്നെ എങ്ങനെയാ അമ്മയും അച്ഛനും ഒക്കെ അറിഞ്ഞത്…”

 

“ആഹ് നമ്മുടെ അച്ഛനും അമ്മയ്ക്കും ഒരു കുഴപ്പമുണ്ട്… മൂത്ത പുത്രന് കട്ട സപ്പോർട്ട് ആണ്…”

 

“അതിപ്പോ ഇളയ പുത്രനും അങ്ങനെ തന്നെ അല്ലേ… ലോക്ക്ഡൌൺ വന്നപ്പോ ചിറ്റയുടെ വീട്ടിൽ പെട്ടു പോയിട്ടും, ഡെയിലി രണ്ടു നേരോം വിളിക്കുന്നില്ലേ നിങ്ങളെ… സ്നേഹം വേണം മനുഷ്യാ… എന്റെ അച്ഛനേം അമ്മയേം കുറ്റം പറഞ്ഞാൽ കൊല്ലും ഞാൻ…”

 

“ഓഹ്… നമിച്ചേ… നിന്റെ അച്ഛനേം അമ്മയേം ഞാൻ ഒന്നും പറയുന്നില്ലേ…”

4 Comments

  1. ? നിതീഷേട്ടൻ ?

    ഏട്ടൻ ? ജീവിച്ചിരിപ്പില്ല എന്ന് ഓർക്കുമ്പോൾ വല്ലാത്തൊരു സങ്കടം. ഗൗതമിൻ്റെയും ജയടെം സംസാരത്തിൽ തന്നെ ഇത്രേം അടുപ്പം എനിക്ക് പുള്ളിയോട് തോന്നുന്നു. വല്ലാത്തൊരു അറ്റാച്ച്മെൻ്റ് ഉണ്ടാക്കി എടുത്തിട്ടുണ്ട് ബ്രോയുടെ എഴുത്ത് ?????.

    1. ശിവശങ്കരൻ

      താങ്ക്സ് ബ്രോ ❤❤❤ ഈ വാക്കുകളാണ് മുന്നോട്ട് എന്നെക്കൊണ്ട് എഴുതിക്കുന്നത്.

  2. വന്ന് അല്ലേ…. ഈ ഭാഗവും നന്നായിട്ടുണ്ട് നല്ല ഫീൽ… ഈ ഭാഗം അച്ഛൻ കൊണ്ട് പോയി കേട്ടോ…. അടുത്ത ഭാഗം വേഗം വേണം എന്ന് പറയുന്നില്ല. സമയമെടുത്ത് പതുകെ നല്ല ഫീലോടെ എഴുതിയാൽ മതി. എന്നാലേ വായിക്കുന്നവർക്ക് അത് വെറും കഥയല്ല എപ്പോഴക്കയോ നമ്മടെ ജീവിതത്തിന്റെ ഒരു ഭാഗമായി തോന്നൂ…. ??

    1. ശിവശങ്കരൻ

      ❤❤❤ അടുത്ത വീക്ക് തന്നെ ഇടാം ???

Comments are closed.