വസന്തം പോയതറിയാതെ – 5 [ദാസൻ]

” എന്തോ പറയാനുണ്ടെന്ന് പറഞ്ഞു, എന്താണ് വേഗം പറയൂ”

” എന്തേ ഇത്ര ധൃതി. നമ്മൾ ഭാവിയിലെ ഭാര്യഭർത്താക്കന്മാരല്ലെ, കുറച്ചു നേരം സംസാരിച്ചുവെന്നു കരുതി ആകാശമൊന്നും ഇടിഞ്ഞു വീഴില്ല.”

” എന്താണ് പറയാനുള്ളത് എന്ന് വെച്ചാൽ പറയു ഞാൻ ടോയ്‌ലെറ്റിൽ പോകുന്നു എന്ന് പറഞ്ഞാണ് ക്ലാസ്സിൽ നിന്നും ഇറങ്ങിയത്. അധികം താമസിച്ചാൽ ശരിയാവില്ല ”

” എൻറെ അത്ര കൂടി ധൈര്യം അല്ലല്ലോ ചേട്ടന്, വാ നമുക്ക് ആ ടേബിളിനരികിൽ കസേരയിൽ ഇരിക്കാം. ഇവിടെ ഇപ്പോൾ ആരും ഇങ്ങോട്ട് വരില്ല. ഇവിടെ ഉണ്ടായിരുന്ന ലൈബ്രേറിയൻ, എന്നെ ഏൽപ്പിച്ച് അരമണിക്കൂറിനുള്ളിൽ വരാമെന്നു പറഞ്ഞു പോയി. നമ്മളിപ്പോൾ സർവ്വ സ്വതന്ത്രരാണ്. ചേട്ടന് എന്നോട് ഒന്നും പറയാനില്ലെ”

ഞങ്ങൾ നടന്ന ടേബിളിനരികിൽ കിടക്കുന്ന കസേരയിൽ പോയിരുന്നു. ഞാൻ അവളുടെ സ്വഭാവത്തിൽ വന്ന മാറ്റങ്ങൾ ശ്രദ്ധിക്കുകയായിരുന്നു. വളരെ സൗമ്യമായി സംസാരിച്ചുകൊണ്ടിരുന്ന അവൾ പെട്ടെന്ന് വയലൻറ് ആകാൻ തുടങ്ങി.

” നീ എന്താണ് കരുതിയത് നായേ, നിന്നെ ഇവിടെ വിളിച്ചു വരുത്തിയത് നിന്നോട് കൊഞ്ചി കുഴയാൻ ആണെന്ന് കരുതിയോ? നിൻറെ വീട്ടിൽ നിന്നും ഞാൻ ഇറങ്ങുമ്പോൾ പറഞ്ഞത് ഓർമയില്ലേ നിനക്ക് ഞാനൊരു സമ്മാനം വച്ചിട്ടുണ്ടെന്ന് അത് ഇതാണ്.”

ഇത് പറഞ്ഞു അവൾ സാരി വലിച്ചു കീറി, മുടി വലിച്ചു പറിച്ചു. നെറ്റി ടേബിളിൽ ആഞ്ഞിടിച്ചു കൊണ്ടിരുന്നു. ഇത് കണ്ട് എഴുന്നേറ്റു പോകാൻ തുനിഞ്ഞ എന്നെ അവൾ കടന്നു പിടിച്ചു. എന്നിട്ട് ഉച്ചത്തിൽ കരയാൻ തുടങ്ങി.

” അയ്യോ ചേട്ടാ…….. എന്നെ ഒന്നും ചെയ്യല്ലേ ചേട്ടാ…….. എന്നെ കൊല്ലല്ലേ”

ഉച്ചത്തിൽ ഉച്ചത്തിൽ അവൾ അലറി കരയാൻ തുടങ്ങി, പിടിവലിക്കിടയിൽ ഊരിപ്പോയ എൻറെ ചെരുപ്പ് എടുത്ത് അവൾ വയറിനു താഴെയായി പതിപ്പിച്ചു. ലൈറ്റ് ഗ്രീൻ സാരി ആയതിനാൽ ചെരുപ്പിൻ്റെ അഴുക്കു ശരിക്കും പതിഞ്ഞത് അറിയാമായിരുന്നു. അവൾ പെട്ടെന്ന് നിലത്ത് കിടന്ന് ഉരുളാൻ തുടങ്ങി. ഈ സമയം കുട്ടികളും ടീച്ചർമാരും അവളുടെ കരച്ചിൽ കേട്ട് ലൈബ്രറിയിലേക്ക് ഓടിയെത്തി. അവർ വരുമ്പോൾ കാണുന്നത് എൻറെ കാലിൽ കെട്ടിപ്പിടിച്ച് “എന്നെ കൊല്ലല്ലേ” കെഞ്ചി കരയുന്ന അവളെയാണ്. ടീച്ചർമാരുടെയും കുട്ടികളുടെയും പുറകെ പ്രിൻസിപ്പാളും മറ്റു സ്റ്റാഫുകളും എത്തി. അപ്പോഴേക്കും അവളുടെ ബോധം പോയത് പോലെ അഭിനയിച്ചു. കുട്ടികൾ എന്നെ വന്നു പിടിച്ചു മാറ്റി, ഞാനപ്പോൾ പറയുന്നുണ്ടായിരുന്നു.

” എനിക്കൊന്നും അറിയില്ല, ഞാൻ ഒന്നും ചെയ്തിട്ടില്ല”

ടീച്ചർമാർ എല്ലാവരും കൂടി താങ്ങി അവളെ ഒരു ടേബിളിൽ കിടത്തി മുഖത്ത് വെള്ളമൊക്കെ തളിച്ചു നോക്കി, എവിടെ ഉണരാൻ അഭിനയിച്ചു കിടക്കുകയല്ലേ. ആ ബഹളത്തിനിടയിൽ സ്മിത ടീച്ചർ പറയുന്നത് കേട്ടു

” ഇവൻ, ടീച്ചർ ലൈബ്രറിയിലേക്ക് പോയതിനെ പുറകെ ടോയ്‌ലറ്റിൽ പോകുന്നു എന്നു പറഞ്ഞു ഇവൻ ഇറങ്ങിയത് ഇതിന് ആയിരുന്നല്ലേ ”

ഇതിനിടയിൽ ആരോ കാർ എടുത്തു വന്നു ടീച്ചറെ അതിൽ കയറ്റി ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയി. പ്രിൻസിപ്പാൾ പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചു പറഞ്ഞു, അല്പസമയത്തിനുള്ളിൽ പോലീസ് എത്തി. വിവരങ്ങൾ മറ്റുള്ളവരോട് ചോദിച്ചറിഞ്ഞ് എൻറെ അടുത്ത് വന്നാൽ ജീപ്പിൽ കയറാൻ പറഞ്ഞു. ഇവിടെ എൻറെ ഭാഗം ന്യായീകരിച്ചിട്ട് ഒരു ഫലവുമില്ല കാരണം, രണ്ടു ടോയ്‌ലറ്റിലേക്ക് എന്നും പറഞ്ഞാണ് ക്ലാസിൽ നിന്നും ഇറങ്ങിയത്. അവൾ എന്നെ ലൈബ്രറിയിലേക്ക് ക്ഷണിച്ചത് ആരും കണ്ടിട്ടുമില്ല. ഇവിടെ നടന്ന സംഭവങ്ങൾക്കൊക്കെ ദൃക്സാക്ഷികൾ ഞങ്ങൾ രണ്ടുപേർ മാത്രം. ഞാൻ ശാന്തനായി ജീപ്പിൻറെ ബാക്കിലേക്ക് കയറി, വണ്ടി കോളേജ് ഗേറ്റ് കടന്നു മുന്നോട്ടു പോയി. സ്റ്റേഷനിൽ എത്തിയപ്പോൾ എന്നെ വലിച്ചിഴച്ചാണ് ജീപ്പിൽ നിന്നും ഇറക്കിയത്. കോളേജിൽ വെച്ചായതുകൊണ്ടാണ് അവർ എന്നെ ഉപദ്രവിക്കാതിരുന്നത്. si കോൺസ്റ്റബിൾ മാരോട് പറയുന്നത് കേട്ടു

” അവനെ ആ ലോകത്തിലേക്ക് ഇട്”

SI ക്ക് ഏതോ വിസിറ്റേഴ്സ് ഉണ്ടായതുകൊണ്ട്, അയാൾ മുറിയിലേക്ക് പോയി. കുറച്ചുകഴിഞ്ഞ് മുറിയിൽ നിന്നും ഇറങ്ങി വന്നു.

” ആ ടീച്ചറിന് ബോധം വന്നിട്ടുണ്ട് എന്നു പറയുന്നു. രണ്ടുപേർ എൻറെ കൂടെ വാ”

രണ്ട് കോൺസ്റ്റബിൾമാരും എസ്ഐയും കൂടി കയറി പോയി, ഇനി അവൾ എന്തു പറയുമെന്നു നോക്കാം. എന്തായാലും ഇന്ന് എനിക്ക് ശിവരാത്രി ആണെന്ന് തോന്നുന്നു. കുറേനേരം കഴിഞ്ഞ് അവർ തിരിച്ചെത്തി. ആരോ ചോദിച്ചപ്പോൾ കൂടെ പോയ ഒരു കോൺഗ്രസ് പറയുന്നത് കേട്ടു.

” ഇവൻറെ അമ്മയും അച്ഛനും ആ കുട്ടിയുടെ അടുത്തുണ്ട്. ആ കുട്ടിക്ക് ഇപ്പോഴും ഇവനോട് വിരോധമില്ല, ചേട്ടനെ ഒന്നും ചെയ്യരുത് എന്നാണ് ആ കുട്ടി പറഞ്ഞത്. പക്ഷേ കുട്ടിയുടെ അച്ഛൻ പുറത്തുവച്ച് എസ്ഐയോട് പറയുന്നത് കേട്ടു, അവനെ വെറുതെ വിട്ടുകൂടാ. അവൻ ഒരു തവണയല്ല പല തവണയായി എൻറെ മകളെ ഉപദ്രവിക്കുന്നു എന്നു പറഞ്ഞു. ഈ നേരമായിട്ടും ഇവനെ തിരക്കി ആരും വന്നില്ലല്ലോ. രാത്രി ആകാൻ കാത്തിരിക്കുകയാണ് ഏമാൻ, ഇവന് ഇന്ന് നല്ല പൂരം ആണ്.”

വൈകുന്നേരമായിട്ടും ആരും എന്നെ തിരക്കി വന്നില്ല. രാവിലെ വീട്ടിൽ നിന്നും ചായ കുടിച്ചു പോന്നതാണ്. അതിനു ശേഷം ഒന്നും കഴിച്ചിട്ടില്ല, വിശന്നിട്ടു കണ്ണ് കാണാൻ വയ്യ. ഏതു നേരത്താണാവോ എനിക്ക് ഈ കുബുദ്ധി തോന്നിയത്, സ്വയം ശപിച്ച് അങ്ങനെ ഇരുന്നു. അഞ്ചു മണിയായപ്പോൾ അച്ഛനും മൂത്ത അമ്മാവനും കൂടി സ്റ്റേഷനിലെത്തി. അച്ഛൻ എന്നോട് പറഞ്ഞു.

” നിൻറെ ഏട്ടത്തി പറഞ്ഞിട്ടാണ് ഞാൻ വന്നത്, അല്ലെങ്കിൽ ഞാൻ തിരിഞ്ഞുനോക്കില്ലായിരുന്നു ഇങ്ങോട്ട്. എന്ത് ദുഷ്ടത്തരമാടാ ആ കുട്ടിയോട് നീ ചെയ്തത്. നീ ചവിട്ടിയ ചെരുപ്പിൻ്റെ അടയാളം മാറിയിട്ടിരുന്ന സാരിയിൽ ആ കൊച്ച് കാണിച്ചു തന്നു. അവൾ അമ്മയെ കെട്ടിപ്പിടിച്ച് പൊട്ടിപ്പൊട്ടിക്കരയുകയായിരുന്നു. അവളുടെ അച്ഛൻറെ ചോദ്യങ്ങൾക്കൊന്നും എനിക്ക് മറുപടി ഉണ്ടായിരുന്നില്ല, ആദ്യം നീ അവളുടെ നല്ലൊരു ഭാവി തകർത്തു. എന്നിട്ടും മതിവരാതെ അവളെ നിരന്തരം ഉപദ്രവിച്ചു കൊണ്ടിരിക്കുക. നിന്നോട് ആരാണ് അന്ന് അവർ പൈസയും കൊണ്ടുവന്നു അതിനെക്കുറിച്ച് ചോദിച്ചു അവളെ ഉപദ്രവിക്കാൻ പറഞ്ഞത്. ആ വിഷയം അന്ന് അവിടെ പറഞ്ഞവസാനിപ്പിച്ചതല്ലെ.”

ഇതിനൊന്നും എനിക്ക് മറുപടി ഉണ്ടായിരുന്നില്ല. അവൾ അസ്സലായി ആടിത്തിമർക്കുകയാണ്, നടക്കട്ടെ എന്നെങ്കിലുമൊരിക്കൽ എല്ലാവർക്കും എല്ലാം മനസ്സിലാകും. എന്നെ കണ്ടതിനുശേഷം അച്ഛനും അമ്മാവനും കൂടി എസ്ഐയുടെ മുറിയിലേക്ക് കയറിപ്പോയി, തിരിച്ചിറങ്ങി വന്നു അമ്മാവൻ എന്നോട് പറഞ്ഞു.