രക്തരക്ഷസ്സ് 30 27

വാസുദേവ തന്ത്രി കൈപിടിച്ചു കൂട്ടിയ വിഗ്രഹം ശങ്കര നാരായണ തന്ത്രി പീഠത്തിലേക്ക് താഴ്ത്തി അഷ്ടബന്ധം കൊണ്ട് ഉറപ്പിച്ചു.

ശ്രീപാർവ്വതിക്ക് തന്റെ നശ്വര രൂപം നഷ്ടമാവുന്നത് പോലെ തോന്നി. സത്യത്തിൽ അത് തോന്നലല്ല സംഭവ്യമാവുകയാണ് എന്ന് അവൾക്ക് വ്യക്തമായി.

വർദ്ധിച്ചു വന്ന പകയോടെ അവൾ അലറി വിളിച്ചു.കണ്ണുകളിൽ നിന്നും അഗ്നി ചിതറി.

അടുത്ത നിമിഷം അതി ശക്തമായ കാറ്റ് അവിടെയാകെ വട്ടം കറങ്ങാൻ തുടങ്ങി.

ആവാഹനപ്പുരയെ അപ്പാടെ ഇളക്കി മറിക്കും വിധത്തിൽ വായു അലറി വിളിച്ചു.വിളക്കുകൾ തെറിച്ചു വീണു.

കാറ്റിന്റെ ശീൽക്കാരത്തിനും മീതെ ശ്രീപാർവ്വതിയുടെ അട്ടഹാസം മുഴങ്ങിക്കേൾക്കാൻ തുടങ്ങി.

മന്ത്രം ചൊല്ലുന്നത് നിർത്താതെ രുദ്ര ശങ്കരൻ ദേവദത്തനെ നോക്കി.

ആ നോട്ടത്തിന്റെ അർത്ഥം ഗ്രഹിച്ചതും ദേവൻ ഹോമകുണ്ഡത്തിനടുത്ത് വച്ചിരുന്ന തളികയിൽ നിന്നും ഒരു പിടി ഭസ്മമെടുത്ത് രുദ്രന്റെ കൈയ്യിലേക്ക് നൽകി.

രുദ്രൻ ഭസ്മം അഗ്നിക്ക് മുകളിൽ മൂന്ന് തവണ ഉഴിഞ്ഞെടുത്ത് പുറത്തേക്ക് ഊതി.

ഭസ്മം അന്തരീക്ഷത്തിൽ പടർന്നതോടെ കാറ്റ് ഗതി മാറി വീശാൻ തുടങ്ങി.

സുദർശ മന്ത്രം ആയിരമുരു പൂർത്തിയായതും രുദ്ര ശങ്കരൻ പീഢത്തിൽ നിന്നും എഴുന്നേറ്റു.

പരികർമ്മികൾ മന്ത്ര ജപം തുടർന്ന് കൊണ്ടിരുന്നു.അതി ശക്തമായ മന്ത്രം പതിനായിരത്തെട്ടു ഉരു ചൊല്ലി പൂർത്തിയാവുന്നതോടെ രക്ഷസ്സിനെ ആവാഹിക്കാൻ സാധിക്കും.

അതേ സമയം ക്ഷേത്രത്തിൽ സഹസ്ര കലശാഭിഷേകം ഭംഗിയായി നടക്കുന്നുണ്ടായിരുന്നു.

മന്ത്രോച്ചാരണങ്ങളോടെ ശങ്കര നാരായണ തന്ത്രി മുന്നൂറാം കലശം അഭിഷേകം ചെയ്തു.

തന്നെ ആരോ ആവാഹനക്കളത്തിലേക്ക് വലിച്ചടുപ്പിക്കും പോലെ തോന്നിയ ശ്രീപാർവ്വതി സർവ്വ ശക്തിയും ഉപയോഗിച്ച് പിന്നിലേക്ക് വലിയാൻ ശ്രമിച്ചു.

നിനക്ക് രക്ഷയില്ല ശ്രീപാർവ്വതീ.വരൂ മോക്ഷപദത്തിൽ ചേരൂ.മ്മ്,വരാൻ.

സമീപത്തെ ഉരുളിയിൽ നിറച്ച ജലത്തിലേക്ക് നോക്കി രുദ്ര ശങ്കരൻ ആജ്ഞ നൽകി.

“ഇല്ലാ,എന്റെ ലക്ഷ്യം പൂർത്തിയാവാതെ ഞാൻ പോവില്ല്യ.

1 Comment

  1. ലക്ഷ്മി എന്ന ലച്ചു

    ഇതും കലക്കി സൂപ്പർ സസ്പെൻസ്

Comments are closed.