അപ്പോഴേക്കും അയാൾക്ക് ബോധം വീണിരുന്നു. നടന്നതൊക്കെയും ഒരു സ്വപ്‍നം പോലെ കാണാനാണ് അയാൾ ആഗ്രഹിച്ചത്.
വീണ്ടും പഴയത് പോലെ രുദ്രന്റെ വാക്കുകൾക്ക് ചെവിയോർത്ത് ആ നിഷ്കളങ്ക സഹായി അവിടെ നിലയുറപ്പിച്ചു.
ബ്രഹ്മയാമത്തിന്റെ ഉദയമറിയിച്ചു കൊണ്ടൊരു നിലാപക്ഷി ഉറക്കെ ചിലച്ചു.
രുദ്ര ശങ്കരന്റെ മുഖത്ത് ഗൗരവം നിറഞ്ഞു.ബ്രഹ്മയാമം ആരംഭിച്ചു കഴിഞ്ഞു.ഇനി ഭഗവതി സേവ.
ശ്രദ്ധിക്കുക ഭവതി സേവ പൂർത്തിയായാൽ ഉടനെ നാം ആവാഹന കർമ്മങ്ങൾക്ക് തുടക്കം കുറിക്കും.
അവൾ ഏത് വിധേനയും മേനോൻ അദ്ദേഹത്തിന്റെ അടുത്തെത്താൻ ശ്രമിക്കും.
പക്ഷേ ഈ മാന്ത്രികപ്പുരയിൽ കടക്കാൻ അവൾക്കാവില്ല.അത് കൊണ്ട് തന്നെ എന്തെങ്കിലും തന്ത്രം പ്രയോഗിച്ച് ലക്ഷ്യം നേടാൻ അവൾ ശ്രമിക്കും.
മേനോൻ അദ്ദേഹം,എന്തൊക്കെ സംഭവിക്കിച്ചാലും ഇവിടെ നിന്നും പുറത്തിറങ്ങാൻ ശ്രമിക്കരുത്.
മേനോൻ എല്ലാം കേട്ട് അനുസരണയുള്ള കുട്ടിയെപ്പോലെ മന്ത്രപ്പുരയിൽ ഇരുന്നു.
താന്ത്രിക പ്രധാനമായ ഭഗവതി സേവയ്ക്ക് ഹോമകുണ്ഡത്തിന്റെ ആവശ്യമില്ല.
എന്നാൽ അതണഞ്ഞു പോകാതിരിക്കാൻ പ്ലാവിൻ വിറക് കൂട്ടി നെയ്യ് പകർന്ന് അഗ്നി കൂടുതൽ ജ്വലിപ്പിച്ചു നിർത്തി.
പദ്മമിട്ട് വിളക്ക് വച്ച് ദേവീ ചൈതന്യം ആവാഹിച്ചു. കുത്തരിയും കടും ശർക്കരക്കൂട്ടും ചേർത്ത് തയ്യാറാക്കിയ കടും പായസം പഞ്ചോപചാര പൂജ ചെയ്ത് നിവേദിച്ചു.
ശേഷം ദുർഗ്ഗാമന്ത്രം,ത്രിപുരസുന്ദരീ മന്ത്രം, ദേവീ സൂക്തം, ദേവീമാഹാത്മ്യത്തിലെ പതിനൊന്നാം അദ്ധ്യായം എന്നിങ്ങനെയുള്ള മന്ത്രങ്ങളുപയോഗിച്ച് ദേവിയെ പൂജിക്കാൻ ആരംഭിച്ചു.
അരുണന്റെ കരവിരുതിൽ സൂര്യ ഭഗവാന്റെ തേര് കിഴക്ക് പ്രഭ പടർത്തി ഉയർന്നപ്പോഴേക്കും ഭഗവതി സേവ അന്തിമ ഘട്ടത്തിലേക്ക് എത്തിയിരുന്നു.
ലളിതാ സഹസ്രനാമം ജപിച്ച് അർച്ചന ചെയ്ത് രുദ്ര ശങ്കരൻ പൂജ അവസാനിപ്പിച്ചു.
ഓരോ പൂജ കഴിയുമ്പോഴും കൃഷ്ണ മേനോന്റെ ഉള്ളിൽ സന്തോഷം അലതല്ലുകയായിരുന്നു.
അതേ സമയം വള്ളക്കടത്ത് ക്ഷേത്രത്തിൽ പുനഃപ്രതിഷ്ഠയ്ക്കുള്ള ഒരുക്കങ്ങൾ ആരംഭിച്ചു കഴിഞ്ഞിരുന്നു.
കമ്പക്കെട്ടിന്റെ പൂർണ്ണ ഉത്തരവാദിത്വം ഏറ്റെടുത്ത കൊല്ലൻ വേലായുധൻ കതിനക്കുറ്റിയുടെ തിരിക്ക് തീ കൊളുത്തി.
ഗ്രാമമൊട്ടുക്ക് വിറയ്ക്കുമാറുച്ചത്തിൽ ആചാര വെടി മുഴങ്ങി.
ഇതും കലക്കി സൂപ്പർ സസ്പെൻസ്