രക്തരക്ഷസ്സ് 30 27

ഇല്ലാ,തിരിഞ്ഞു നോക്കുക തന്നെ, ദേവൻ തല തിരിക്കാൻ ശ്രമിച്ചതും അതി ശക്തമായ ഒരു പ്രഭ അയാൾക്ക്‌ മുൻപിൽ പ്രത്യക്ഷപ്പെട്ടു.

കണ്ണഞ്ചിപ്പിക്കുന്ന പ്രകാശ വലയം. ഒരു നിമിഷത്തേക്ക് ദേവദത്തന് ഒന്നും വ്യക്തമായില്ല.

കൈകൾ തലയ്ക്ക് മുകളിൽ പിടിച്ച് അയാൾ കണ്ണുകൾ വലിച്ചു തുറന്നു.

അടുത്ത നിമിഷം ആ പ്രകാശ വലയത്തിൽ നിന്നും ഒരു കുറുവടി മുൻപോട്ട് കുതിച്ചു.

ദേവന്റെ ശിരസ്സിൽ തൊട്ടു തൊട്ടില്ല എന്ന മട്ടിൽ പാഞ്ഞെത്തിയ ആ ദണ്ഡ് ശ്രീപാർവ്വതിയുടെ തിരു നെറ്റിയിൽ ആഞ്ഞു പതിച്ചു.

അടുത്ത നിമിഷം മൂന്ന് വാര പിന്നിലോട്ട് അവൾ തെറിച്ചു വീണു.
പ്രതിയോഗി ആരെന്നറിയാതെ അവളവിടെ നിന്നും കുതിച്ചുയർന്നു.

വിശ്വ രൂപം കൈകൊണ്ട ആ രക്തരക്ഷസ്സ് അലറി വിളിച്ചു. കലിയടങ്ങാതെ മണ്ണിൽ ആഞ്ഞു ചവിട്ടി.പാടങ്ങൾ വിണ്ട് കീറി.

ആരാ നീ.എന്റെ മാർഗ്ഗം തടയാൻ മാത്രം എന്ത് ബന്ധമാണ് ഇവനും നിനക്കും.പറ.അവൾ പ്രകാശ വലയത്തെ നോക്കി അലറി.

അടുത്ത നിമിഷം ആ പ്രകാശ രശ്മികൾ നേർത്ത് വന്നു. അവിടമാകെ പുകമഞ്ഞ് നിറഞ്ഞു.

ഒളിച്ചിരുന്ന തിങ്കൾക്കല പതിയെ മേഘപാളികൾക്കിടയിൽ നിന്നും പുറത്തേക്ക് തല നീട്ടി.

പടർന്നൊഴുകിയ വെള്ളി വെളിച്ചത്തിന്റെ ശോഭയിൽ അവളാ കാഴ്ച്ച കണ്ട് ഞെട്ടി.

ചാത്തൻ,കാളകെട്ടി ഇല്ലത്തെ തേവാര മൂർത്തി.മൂകാംബികാ ദേവി കാളകെട്ടി മാന്ത്രികർക്ക് നൽകിയ വര പ്രസാദം.

ആയിരം ആദിത്യന്മാരുടെ സംഗമം പോലെ തിളക്കമാർന്ന ശരീരം.മുത്ത് പൊഴിയും ചിരി.

വലത് കരത്തിൽ തന്റെ തിരുനെറ്റിയിൽ പതിച്ച കുറുവടിയുമേന്തി സർവ്വാഭരണ വിഭൂഷിതനായി കരിവീട്ടി കാതലിന്റെ തെളിമയുള്ള മാടൻ പോത്തിന്റെ പുറത്ത് ആ ശിവ പുത്രൻ വിരാചിതനാവുന്നു.

ഇന്നോളം മഹാമാന്ത്രികന്മാർക്ക് മാത്രം വെളിവായിട്ടുള്ള ചാത്തന്റെ വിശ്വരൂപം കണ്ടതും ദേവദത്തന്റെ ബോധം മറഞ്ഞു.

കാളകെട്ടിയിലെ ചാത്തനെ നന്നായി അറിയുന്ന ശ്രീപാർവ്വതി ക്ഷണ നേരം കൊണ്ട് അവിടെ നിന്നും മറഞ്ഞു.

ദുർഗ്ഗാ പ്രീതി പൂർത്തിയായതും രുദ്ര ശങ്കരൻ അയച്ച സഹായികൾ പാടവരമ്പിൽ ബോധം നശിച്ച് കിടന്ന ദേവദത്തനെ താങ്ങിയെടുത്ത് മംഗലത്ത് എത്തിച്ചു.

1 Comment

  1. ലക്ഷ്മി എന്ന ലച്ചു

    ഇതും കലക്കി സൂപ്പർ സസ്പെൻസ്

Comments are closed.