രക്തരക്ഷസ്സ് 30 27

രക്തരക്ഷസ്സ് 30
Raktharakshassu Part 30 bY അഖിലേഷ് പരമേശ്വർ

Previous Parts

വയർ വീർത്ത് വീർത്ത് ഒടുവിൽ ശ്വാസം തടസ്സപ്പെട്ട് ഞാൻ മരിക്കണം. നീ കൊള്ളാമല്ലോ ശ്രീപാർവ്വതീ.രുദ്രൻ മനസ്സിൽ പറഞ്ഞു.

വയർ പെരുക്കുന്നത് വർദ്ധിച്ചതോടെ അയാൾ സമീപത്തിരുന്ന ചെത്തിയ ഇളനീരും കോൽത്തിരിയും കൈയ്യിലെടുത്തുകൊണ്ട് മന്ത്രപ്പുരയ്ക്ക് പുറത്തിറങ്ങി.

ഇളനീർ താഴെവച്ച് ഉപാസനാമൂർത്തികളെ മനസ്സാ സ്മരിച്ചു കൊണ്ട് കൈയ്യിലിരുന്ന കോൽത്തിരിയിലേക്ക് സൂക്ഷിച്ചു നോക്കി.

അടുത്ത നിമിഷം അതിന്റെ തിരിയിൽ അഗ്നി ജ്വലിച്ചു.”ഓം ശത്രു ക്രിയാ ബന്ധനം സ്വാഹ”.

മന്ത്രം ചൊല്ലിക്കൊണ്ട് രുദ്രൻ കോൽത്തിരിയുടെ തണ്ട് ഇളനീരിലേക്ക് കുത്തിയിറക്കി.

കുത്ത് കൊണ്ടതും അതിൽ നിന്നും രക്തം വമിക്കാൻ തുടങ്ങി.പതിയെ രുദ്രന്റെ വയർ സാധാരണ നിലയിലായി.

തിരികെ മന്ത്രപ്പുരയിലേക്ക് കയറാൻ തുടങ്ങിയതും രുദ്രന്റെ ഇടംകണ്ണ് തുടിച്ചു.അയാളുടെ ചുണ്ടുകൾ വിറച്ചു.ദേവേട്ടൻ.

ഒരു നിമിഷം പോലും പാഴാക്കാതെ രുദ്രൻ കഴുത്തിൽ കിടന്ന രുദ്രാക്ഷ മാലയിൽ കൈ കോർത്ത് ഉപാസനാ മൂർത്തിയായ ചാത്തനെ സ്മരിച്ചു കൊണ്ട് ഹോമകുണ്ഡത്തിൽ നിന്നും ഒരു കനലെടുത്ത് പുറത്തേക്ക് വലിച്ചെറിഞ്ഞു.

ജ്വലിച്ചുയർന്ന ആദിത്യനെപ്പോലെ ആ കനൽക്കട്ട അന്തരീക്ഷത്തിൽ ഉയർന്ന് നിന്നു.

ഇല്ലം കാക്കും തേവാര മൂർത്തേ. ചൊല്ല് കേട്ട് കൂടെ നിൽക്കും സഹോദരനെ രക്ഷസ്സിൻ പിടിയിൽ നിന്നും കാത്ത് കൊണ്ടു വാ.

മൂന്ന് നേരം നേദ്യം വയ്ക്കുന്ന രുദ്രന്റെ വാക്ക് കേൾക്കേണ്ട താമസം ആ കനൽ വായു വേഗത്തിൽ കിഴക്കോട്ട് കുതിച്ചു.

രുദ്ര ശങ്കരൻ തന്റെ പ്രയോഗത്തിൽ നിന്നും രക്ഷനേടിയെന്ന് മനസ്സിലാക്കിയ ശ്രീപാർവ്വതിയുടെ ഉള്ളിൽ അല്പം ഭയം പടർന്നു.

ചെമ്പകച്ചുവട്ടിൽ ദേവദത്തൻ നിക്ഷേപിച്ച പൂവും കുങ്കുമവും ചേർന്നൊരുക്കിയ അർദ്ധ ബന്ധനത്തിന്റെ ശക്തി തകർക്കാതെ തനിക്ക് അയാളെ ഒന്നും ചെയ്യാൻ കഴിയില്ല.

ദേവന്റെ ശ്രദ്ധ പിന്നിലേക്ക് തിരിച്ചാൽ മാത്രമേ ആ ബന്ധനം നീങ്ങൂ എന്ന് മനസ്സിലാക്കിയ ശ്രീപാർവ്വതി അയാളുടെ നേരെ കൈയ്യുയർത്തി.

കണ്ടത്തിലെ ജലത്തിൽ ആ കാഴ്ച്ച കണ്ട ദേവദത്തനെ അടിമുടി വിറയ്ക്കാൻ തുടങ്ങി.

രണ്ടും കൽപ്പിച്ച് തിരിഞ്ഞു നോക്കാൻ അയാളുടെ മനസ്സ് മന്ത്രിച്ചു.

ഒരു പക്ഷേ ഇതൊക്കെ എന്റെ തോന്നലാണെങ്കിലോ.തിരിഞ്ഞു നോക്കിയാലോ.

ദേവൻ ഒരിക്കൽ കൂടി പാടത്തിലെ വെള്ളത്തിലേക്ക് നോക്കി. ശ്രീപാർവ്വതിയുടെ കൈ കഴുത്തിന് നേരെ നീളുകയാണ്.

1 Comment

  1. ലക്ഷ്മി എന്ന ലച്ചു

    ഇതും കലക്കി സൂപ്പർ സസ്പെൻസ്

Comments are closed.