“അസ്യ ശ്രീ ചണ്ഡികാ ഹൃദയ സ്തോത്ര മഹാമന്ത്രസ്യ…
മാര്‍ക്കണ്ഡേയ ഋഷിഃ, അനുഷ്ടുപ്ച്ഛന്ദഃ
ശ്രീ ചണ്ഡികാ ദേവതാ ഹ്രാം ബീജം, ഹ്രീം ശക്തിഃ, ഹ്രൂം കീലകം,
അസ്യ ശ്രീ ചണ്ഡികാ പ്രസാദ സിദ്ധ്യര്‍ഥേ ജപേ വിനിയോഗഃ ഹ്രാം ഇത്യാദി ഷഡംഗ ന്യാസഃ”
വായുവിൽ ഹോമാഗ്നിയിൽ നിന്നുള്ള നെയ്യ് മണമുള്ള പുകയും കർപ്പൂരത്തിന്റെ ഗന്ധവും പടർന്നു.
വഴിയിൽ ഇരുട്ട് പരന്നു തുടങ്ങി.പാട വരമ്പുകളിലെ ചെറിയ പൊത്തുകളിൽ നിന്നും പൊന്തൻ തവളകൾ ശബ്ദമുയർത്തി.
കാലുകൾ വലിച്ചു വച്ച് മേനോൻ ആയത്തിൽ നടന്നു.ഇരുട്ട് വീഴും മുൻപ് തറവാട്ടിൽ കയറേണ്ടതായിരുന്നു.അയാൾ ആരോടെന്നില്ലാതെ പിറുപിറുത്തു.
പെട്ടന്ന് മേനോന്റെ മുൻപിലൂടെ എന്തോ പാഞ്ഞു.അയാൾ ഞെട്ടി പിന്നോട്ട് മാറി.
അടുത്ത വിതയ്ക്കായി ഉഴുത് മറിച്ച പാടത്തിൽ ചെളി നിറഞ്ഞിരിക്കുന്നു.അതിൽ വലിയൊരു തവളയെ പിടിക്കാൻ കുത്തിപ്പുളയുന്ന നീർക്കോലി.
കൗശലക്കാരനായ വേട്ടക്കാരനെപ്പോലെ ആ നീർക്കോലി ചെളിയിലൂടെ ഇഴഞ്ഞ് തവളയെ പിടുത്തമിട്ടു.
ഹോ.നാശം പേടിപ്പിച്ചു കളഞ്ഞല്ലോ.കള്ള.$$&&#@#& മോൻ.അവന് തവള പിടിക്കാൻ കണ്ട നേരം.
നീക്കോലിയെ വായിൽ വന്ന അസഭ്യ പദങ്ങൾ കൊണ്ട് കുളിപ്പിച്ച് അയാൾ മുൻപോട്ട് നീങ്ങി.
പെട്ടന്ന് കടിഞ്ഞാൺ വലിച്ച കുതിരയെപ്പോലെ മേനോൻ നടപ്പിന്റെ വേഗത കുറച്ചു.
തന്നെയാരോ പിന്തുടരുന്നതായി അയാൾക്ക് തോന്നി.ഒരു നിമിഷം മേനോൻ അവിടെ നിന്നു.
തോന്നലല്ല പിന്നിലാരോ ഉണ്ട്. നിലാവിന്റെ ചെറു ലാഞ്ചന പോലുമില്ലാത്തത് കൊണ്ട് ഒരു നിഴൽ പോലും കാണാനില്ല.
തനിക്ക് ചുറ്റും അഭൗമമായ എന്തോ ഒരു സുഗന്ധം പരക്കുന്നത് മേനോൻ അറിഞ്ഞു.