രക്തരക്ഷസ്സ് 24 38

ഇത് വിധിയാണ്.കന്യകയായ ഒരു പെണ്ണിന്റെ ശാപത്തിന്റെ ഫലം. അനുഭവിക്കുക.

പിന്നിൽ നിന്നുമുയർന്ന വാഴൂർ വസുദേവൻ ഭട്ടതിരിയുടെ വാക്കുകൾ മേനോന്റെ ഇരു ചെവിയിലും ആർത്തലച്ചു.

കൃഷ്ണ മേനോൻ കണ്ണിൽ നിന്നും മാഞ്ഞതും തന്ത്രി എല്ലാവരെയും ഒന്ന് നോക്കി,ഇനി ആരംഭിക്കാം.

വസുദേവൻ ഭട്ടതിരി ഒരു നുള്ള് അരിയും തുളസിയും എടുത്ത് നെഞ്ചോട് ചേർത്ത് മന്ത്രം ജപിച്ചു കൊണ്ട് ജലം നിറച്ച് വച്ചിരുന്ന വാൽക്കിണ്ടിയിൽ നിക്ഷേപിച്ചു.

ശേഷം നെഞ്ചിന് കുറുകെ ജപിച്ചു ബന്ധിച്ച പൂണൂൽ കൈവിരലുകളിൽ കോർത്ത് കിണ്ടിയുടെ വാ അടച്ച് പിടിച്ച് പുണ്യാഹ മന്ത്രം ചൊല്ലി.

“ഓം ആപോ ഹി ഷ്ഠാ മയോഭുവസ്താ ന ഊര്‍ജേ ദധാതനഃ മഹേ രണായ ചക്ഷസേ
യോ വഃ ശിവതമോ രസസ്തസ്യ
ഭാജയതേഹ നഃ ഉശതീരവ മാതരഃ
തസ്മാ അരം ഗമാമ വോ
യസ്യ ക്ഷയായ ജിന്വഥ
ആപോ ജനയഥാ ച നഃ
ശന്നോ ദേവീരഭിഷ്ടയ ആപോ ഭവന്തു പീതയോ ശംയോരഭിസ്രവന്തുനഃ”

എണ്ണിക്കെട്ടിയ ദർഭപ്പുല്ല് കൊണ്ട് തീർത്ഥമെടുത്ത്‌ സ്വയമേയും പരിസരവും സഹായികളെയും തളിച്ചു ശുദ്ധിവരുത്തി.

ശുദ്ധികർമ്മം കഴിഞ്ഞതോടെ ശങ്കര നാരായണ തന്ത്രിയുടെ മുഖ്യകാർമ്മികത്വത്തിൽ
അതി നിഗൂഢമായ പൂജാ കർമ്മങ്ങൾക്ക് തുടക്കമായി.

കുല ദൈവങ്ങളെയും മനയിലെ ചാത്തനേയും മനസ്സാ സ്മരിച്ച് തന്ത്രി ഹോമകുണ്ഡത്തിലെ അഗ്നി ജ്വലിപ്പിച്ചു.

അമ്മേ ദേവീ ആദിപരാശക്തി, മന്ത്ര, തന്ത്ര,കർമ്മ വിധികളിൽ പിഴവ് വരാതെ ലക്ഷ്യം നിറവേറ്റാൻ സഹായിക്കണെ.

കൈകൾകൂപ്പി ആദിപരാശക്തിയെ മനസ്സിലേക്ക് ആവാഹിച്ചുകൊണ്ട് അദ്ദേഹം ഒരു നുള്ള് പുഷ്പം അഗ്നിയിൽ തർപ്പിച്ച് ചണ്ഡികാ മന്ത്രം ഉരുക്കഴിച്ചു.