കിഴ്ശ്ശേരി ഇല്ലത്തെ പത്മനാഭൻ നമ്പൂതിരി പെട്ടെന്ന് അരയിൽ ബന്ധിച്ചിരുന്ന ചെറിയ കിഴിയിൽ നിന്നും ഒരു പിടി ഭസ്മമെടുത്ത് നെഞ്ചോട് ചേർത്ത് വായു മന്ത്രം ചൊല്ലി.
“ഓം വായോ യേ തേ സഹസ്രിണോ രഥാ സസ്തേഭിരാഗഹി നിത്യുത്വാന സോമ പീതയെ.
ഓം വായവേ നമ:”
മന്ത്ര സംഖ്യാ പ്രകാരം വായു മന്ത്രം ചൊല്ലി ദേവനെ സ്തുതിച്ചുകൊണ്ട് പത്മനാഭൻ തിരുമേനി കൈയ്യിലെ ഭസ്മം അന്തരീക്ഷത്തിലേക്ക് എറിഞ്ഞു.അതോടെ ഹുങ്കാരം മുഴക്കി താണ്ഡവമാടിയ കാറ്റ് ശമിച്ചു.
പ്രകൃതിയുടെ ഭാവമാറ്റം മേനോൻ അടക്കമുള്ളവരിൽ ഭയം ഉളവാക്കിയെങ്കിലും മാന്ത്രികന്മാരുടെ മുഖത്ത് ചിരി മാത്രമായിരുന്നു.
മേനോന്റെ ഒരു സഹായം വേണ്ടി വരുമെന്ന് ഞാൻ പ്രതീക്ഷിച്ചു. പക്ഷേ അവൾ എന്റെ കണക്ക് കൂട്ടലുകൾ തെറ്റിച്ചു കളഞ്ഞല്ലോ.
ശങ്കര നാരായണ തന്ത്രി മേനോനെ നോക്കി ചിരിച്ചു കൊണ്ട് പറഞ്ഞു.
എന്ത് പറ്റി തിരുമേനി.മേനോൻ ആകാംക്ഷയോടെ തന്ത്രിയുടെ വാക്കുകൾക്ക് ചെവിയോർത്തു.
തന്നെ ഉപയോഗിച്ച് അവളെ ഈ മണ്ണിൽ നിന്നും അകറ്റാൻ ആയിരുന്നു ഞങ്ങൾ പദ്ധതിയിട്ടത്. എന്നാൽ അവൾ ഒരു ചുവട് മുൻപേ ഇവിടെ നിന്നും പോയിരിക്കുന്നു.
ആഹാ.അത് സന്തോഷം നൽകുന്ന കാര്യമല്ലേ തിരുമേനി.നമ്മുടെ കാര്യങ്ങൾ എളുപ്പമായില്ലേ. മേനോന്റെ മുഖത്ത് ആശ്വാസം നിറഞ്ഞു.
അതത്ര സന്തോഷമുള്ള കാര്യമല്ല മേനോനെ.അവൾ ഇതിനകം മറ്റൊരു മനുഷ്യ ശരീരത്തിൽ കടന്ന് കൂടിയിരിക്കുന്നു.
മറ്റൊരു ജീവനിൽ ചേർന്ന് നിൽക്കുന്ന അവളെ ബന്ധിക്കുക എന്നത് ശ്രമകരമായ കാര്യമാണ്.
മ്മ്മ്.എന്തായാലും വരുന്നിടത്ത് വച്ച് നേരിടാം.നാളെ കഴിഞ്ഞാൽ സന്ധ്യാ സമയത്തോടെ ആവാഹന കർമ്മങ്ങൾ ആരംഭിക്കാം.വേണ്ട ഒരുക്കങ്ങൾ ചെയ്തോളൂ.
ഊവ്വ്.കുമാരനും രാഘവനും നാളെ എത്തുമെന്ന് കരുതുന്നു.അവർ വന്നാൽ എനിക്ക് പിന്നെ ഒരു വേവലാതി ഇല്ല്യാ.
മേനോന്റെ വാക്കുകൾക്കുള്ള മറുപടി ഒരു മൂളലിൽ ഒതുക്കി തിരിഞ്ഞു നടന്നു തന്ത്രി.